പുതിയ 2025 ഹോണ്ട ഡിയോ 125 ഇന്ത്യയിൽ പുറത്തിറങ്ങി. നവീകരിച്ച ഡിസൈൻ, പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട എഞ്ചിൻ എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്. 96,749 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) പുതിയ 2025 ഡിയോ 125 ഇന്ത്യയിൽ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 96,749 രൂപയാണ്. യുവാക്കളെ മനസ്സിൽ വെച്ചുകൊണ്ട് ഈ സ്കൂട്ടർ നവീകരിച്ചിരിക്കുന്നു. അതിശയിപ്പിക്കുന്ന രൂപകൽപ്പന, നവീകരിച്ച സവിശേഷതകൾ, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയോടെയാണ് പുതുക്കിയ ഡിയോ 125 വരുന്നത്. ഇത് ഒരു സ്പോർട്ടിയും സ്റ്റൈലിഷുമായ മോട്ടോ-സ്കൂട്ടർ എന്ന നിലയിൽ ആകർഷകമാക്കുന്നു. പുതിയ ഗ്രാഫിക്സും കളർ ഓപ്ഷനുകളും ഉപയോഗിച്ച് പുതുക്കുന്നതിനൊപ്പം ഡിയോയുടെ ജനപ്രിയ ഡിസൈൻ സിലൗറ്റ് ഹോണ്ട നിലനിർത്തിയിട്ടുണ്ട്.

DLX, എച്ച്-സ്‍മാർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ നിങ്ങൾക്ക് ഈ സ്‍കൂട്ടർ വാങ്ങാം. ഡിഎൽഎക്‌സിന് 96,749 രൂപയും (എക്‌സ്-ഷോറൂം) എച്ച്-സ്മാർട്ടിന് 1,02,144 രൂപയുമാണ് വില. പുതിയ ഡിയോ 125 ഇപ്പോൾ OBD2B-അനുസൃതമാണ്. 6.11 kW പവറും 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 123.92 സിസി, സിംഗിൾ സിലിണ്ടർ, PGM-Fi എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയ്ക്കായി ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റവും ഇതിലുണ്ട്. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നീ അഞ്ച് നിറങ്ങളിൽ നിങ്ങൾക്ക് ഈ സ്‍കൂട്ടർ വാങ്ങാം.

ഇതിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ ഒരു പുതിയ 4.2 ഇഞ്ച് ടിഎഫ്‍ടി ഡിസ്‌പ്ലേ ഉൾപ്പെടുന്നു. ഇത് മൈലേജ്, ട്രിപ്പ് മീറ്റർ, ശ്രേണി, ഇക്കോ സൂചകങ്ങൾ തുടങ്ങിയ തത്സമയ ഡാറ്റ കാണിക്കുന്നു. കോൾ/മെസേജ് അലേർട്ടുകളും നാവിഗേഷനും പ്രാപ്‍തമാക്കുന്ന ഹോണ്ട റോഡ്‍സിങ്ക് ആപ്പുമായും പുതിയ മോഡൽ എത്തുന്നു. സ്മാർട്ട് കീ, യുഎസ്ബി ടൈപ്പ്-സി ചാർജർ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

21 വർഷത്തിലേറെയായി, ഇന്ത്യൻ വിപണിയിൽ ശൈലി, പ്രകടനം, വിശ്വാസ്യത എന്നിവയുടെ പ്രതീകമായി ഡിയോ ഒരു ഐക്കണിക് പേരാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ട്രെൻഡി, വിശ്വസനീയമായ മോട്ടോ-സ്കൂട്ടർ തിരയുന്ന ഉപഭോക്താക്കളുടെ എപ്പോഴും ആദ്യ ചോയ്‌സാണിത് എന്നും പുതിയ OBD2B ഡിയോ 125 പുറത്തിറക്കിയതോടെ, മോട്ടോ-സ്കൂട്ടറിന്റെ കാതലായ ആശയം നിലനിർത്തിക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് അധിക മൂല്യവും ആവേശവും നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.