ക്രൂയിസ് കൺട്രോൾ, റൈഡിംഗ് മോഡുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സവിശേഷതകളുമായി ഹീറോ ഗ്ലാമർ X 125 വിപണിയിലെത്തി. 89,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ബൈക്ക് ഡ്രം, ഡിസ്‌ക് വേരിയന്റുകളിൽ ലഭ്യമാണ്.
രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഹീറോ ഗ്ലാമർ X 125 ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ ബൈക്ക് വരുന്നത്. യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് ഇവയുടെ എക്സ്-ഷോറൂം വില. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഡ്രം വേരിയന്റിന് 2,701 രൂപ കൂടുതലാണ്. അതേസമയം ഡിസ്‌ക് വേരിയന്റിന് 8,801 രൂപ കൂടുതലുണ്ട്. ഈ വിലയിൽ, ഗ്ലാമർ X 125 ഹോണ്ട എസ്‍പി 125, ബജാജ് പൾസർ N125, ടിവിഎസ് റൈഡർ 125 എന്നിവയുമായി മത്സരിക്കുന്നത് തുടരുന്നു. ഉപഭോക്താക്കൾക്ക് അംഗീകൃത ഹീറോ ഡീലർഷിപ്പിലോ ഓൺലൈനിലോ ബൈക്ക് ബുക്ക് ചെയ്യാം. പേൾ ബ്ലാക്ക് റെഡ്, ബ്ലാക്ക് ടീൽ ബ്ലൂ, മെറ്റാലിക് നെക്‌സസ് ബ്ലൂ, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് മാഗ്നറ്റിക് സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഹീറോ ഗ്ലാമർ X 125 വാഗ്ദാനം ചെയ്യുന്നത്.
ഹീറോ ഗ്ലാമർ X 125 ന്‍റെ പ്രധാന ആകർഷണം ക്രൂയിസ് കൺട്രോൾ സിസ്റ്റം കൂട്ടിച്ചേർക്കലാണ്. ഇത് ദീർഘദൂര യാത്രകളിൽ റൈഡർ സുഖവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നു. ഇലക്ട്രോണിക് ആയി പ്രവർത്തിപ്പിക്കുന്ന റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇക്കോ, റെയിൻ, പവർ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവയും ബൈക്കിൽ ലഭ്യമാണ്.
പുതിയ ഹീറോ ഗ്ലാമർ X 125-ൽ 124.7 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിൻ ആണ് ഹൃദയം. ഹീറോ എക്സ്ട്രീം 125R-ൽ ഉപയോഗിക്കുന്ന അതേ എഞ്ചിൻ ആണിത്. ഈ എഞ്ചിൻ 8,250 rpm-ൽ 11.4 bhp പരമാവധി പവറും 6,500 rpm-ൽ 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹീറോയുടെ ഐഡ്ലിംഗ്-സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഉപയോഗിച്ച് ഇത് ബൂസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. 5-സ്പീഡ് യൂണിറ്റാണ് ട്രാൻസ്‍മിഷൻ.
ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറും ഉൾപ്പെടുന്നു. 18 ഇഞ്ച് അലോയ് വീലുകൾ ഈ ബൈക്കിൽ ലഭിക്കുന്നു. മുൻവശത്തെ ഡിസ്‌ക്, പിൻവശത്തെ ഡ്രം ബ്രേക്കുകളിൽ നിന്ന് സ്റ്റോപ്പിംഗ് പവർ ലഭിക്കുന്നു. 790 എംഎം സീറ്റ് ഉയരവും 10 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ഡ്രം വേരിയന്റിന് 127 കിലോഗ്രാം ഭാരമുണ്ട്, ഡിസ്‌ക് വേരിയന്റിന് 125.5 കിലോഗ്രാം ഭാരവുമുണ്ട്.
മോട്ടോർസൈക്കിളിൽ നിറം മാറ്റുന്ന എൽസിഡി സ്‌ക്രീൻ ചേർത്തിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെ 60-ലധികം സവിശേഷതകൾ ഇതുവഴി ലഭിക്കുന്നു. ബൈക്കിന്റെ ആകർഷണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ, ക്രൂയിസ് കൺട്രോൾ, ഇക്കോ, റോഡ്, പവർ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക് ത്രോട്ടിൽ പോലുള്ള ചില സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും ഇതിൽ ലഭിക്കുന്നു. സുരക്ഷയ്ക്കായി മോട്ടോർസൈക്കിളിൽ ഒരു റിയർ പാനിക് ബ്രേക്ക് അലേർട്ടും ചേർത്തിട്ടുണ്ട്.
ക്രൂയിസ് കൺട്രോൾ, എൽഇഡി ലൈറ്റിംഗുകൾ, റൈഡിംഗ് മോഡുകളും പോലുള്ള സവിശേഷതകൾ ടോപ്പ്-എൻഡ് ഡിസ്‍ക് വേരിയന്റിൽ മാത്രമുള്ളതാണ്. ബേസ് ഡ്രം വേരിയന്റിൽ ഹാലൊജൻ ലൈറ്റുകളാണുള്ളത്. പക്ഷേ ടോപ്പ് ട്രിമിന്റെ അതേ നിറത്തിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നിലനിർത്തുന്നു. കൺസോൾ ടേൺ-ബൈ-ടേൺ നാവിഗേഷനെ പിന്തുണയ്ക്കുകയും ലൈവ് മൈലേജ്, ഗിയർ പൊസിഷൻ, കവർ ചെയ്ത ദൂരം, ഇന്ധന നില എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നക്കിൾ ഗാർഡുകൾ, പില്യൺ കംഫർട്ട്, ചെറിയ വിൻഡ്‌സ്‌ക്രീൻ, പിൻ ടയർ ഹഗ്ഗർ, ടാങ്ക് പാഡ്, ബെല്ലി പാൻ തുടങ്ങി നിരവധി ആക്‌സസറികളും ഹീറോ വാഗ്‍ദാനം ചെയ്യുന്നു.
