എക്സിം കാർഗോ തുടങ്ങുന്നതോടെ പ്രധാന കമ്പനികൾ എല്ലാം വിഴിഞ്ഞം കേന്ദ്രീകരിച്ച് വ്യവസായങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. പക്ഷെ കേരളം ഇതിനായി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. തുറമുഖത്തിന് ചുറ്റുമായുള്ള സ്പെഷ്യൽ എക്ണോമിക് സോൺ പ്രഖ്യാപനത്തിലൊതുങ്ങി.

തിരുവനന്തപുരം: റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് സജ്ജമായി വിഴിഞ്ഞം തുറമുഖം. സംസ്ഥാന സർക്കാർ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള എക്സിം കാർഗോയ്ക്ക് തുടക്കമാക്കും. വ്യവസായങ്ങൾക്കും വൻ തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ തെളിയുമ്പോഴും ഒരേക്കർ ഭൂമി പോലും സംസ്ഥാനം സ്വന്തമായി ഇതുവരെ ഏറ്റെടുത്തിട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്നർ നീക്കം നടന്നിട്ട് ഒരു വർഷവും പത്ത് മാസവും ആയി. അടുത്ത ഘട്ട കുതിപ്പിനും വിഴിഞ്ഞം സുസജ്ജമാണ്. തുറമുഖവും ദേശീയപാത 66ഉം തമ്മിൽ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ പണിയും പൂർത്തിയായി. റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന് കസ്റ്റംസ് തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. 20 ഉദ്യോഗസ്ഥരെ കൂടി വിഴിഞ്ഞത്ത് വിന്യസിക്കുന്നതിനുള്ള നടപടികളിലാണ് കസ്റ്റംസ്. ഇനി സംസ്ഥാന സർക്കാർ തീയതി തീരുമാനിക്കണം.

അതോടെ വിഴിഞ്ഞം തുറമുഖത്തേക്കും പുറത്തേക്കും റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന് തുടക്കമാകും. ഇതുവരെ തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള ചരക്ക് നീക്കത്തിലെ കണ്ണി മാത്രമായിരുന്നു വിഴിഞ്ഞം. ഇനി കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും ലോജിസ്റ്റിക്ക് കമ്പനികൾക്കും വ്യവസായങ്ങൾക്കും മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞത്തേക്ക് നേരിട്ട് ചരക്ക് എത്തിക്കുകയും ചെയ്യാം. വിഴിഞ്ഞത്ത് നിന്ന് റോഡ് മാർഗം ചരക്ക് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാം. ഇതിലൂടെ സമയവും പണവും ലാഭിക്കാം.

എക്സിം കാർഗോ തുടങ്ങുന്നതോടെ പ്രധാന കമ്പനികൾ എല്ലാം വിഴിഞ്ഞം കേന്ദ്രീകരിച്ച് വ്യവസായങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. പക്ഷെ കേരളം ഇതിനായി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. തുറമുഖത്തിന് ചുറ്റുമായുള്ള സ്പെഷ്യൽ എക്ണോമിക് സോൺ പ്രഖ്യാപനത്തിലൊതുങ്ങി. റിംഗ് റോഡ് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. റെയിൽവേ കണക്ടിറ്റിവിക്ക് ടെൽഡർ ആകുന്നതേയുള്ളൂ. 5000 കോടി നിക്ഷേപത്തിന് തയ്യാറായ ഷറഫ് ഷിപ്പിംഗ് ഏജൻസിക്ക് സർക്കാർ ഭൂമി വാഗ്ദാനം ചെയ്തത് പാലക്കാട് ആണ്. ഒരേക്കർ ഭൂമി പോലും സർക്കാർ ഏറ്റെടുത്തിട്ടിട്ടില്ല.

അതേ സമയം, വിഴിഞ്ഞത്ത് കണ്ണ് വച്ച് തമിഴ്നാട് സർക്കാർ തിരുനെൽവേലി നങ്ങുനേരിയിൽ ഏറ്റെടുത്തിട്ടിരിക്കുന്നത് 2000 ഏക്കറാണ്. നിലവിൽ ഒരു കപ്പൽ തുറമുഖത്ത് വന്ന് പോകുമ്പോൾ കിട്ടുന്ന ജിഎസ്ടി മാത്രമാണ് സംസ്ഥാനത്തിന് കിട്ടുന്ന വരുമാനം. പശ്ചാത്തല സൗകര്യ വികസനത്തിൽ ഈ മെല്ലെപ്പോക്കെങ്കിൽ ഈ ജിഎസ്ടി വരുമാനത്തിനപ്പുറം കൂടുതലൊന്നും കേരളം പ്രതീക്ഷിക്കേണ്ട. തുറമുഖ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതോടെ ഇനിയെങ്കിലും കാര്യങ്ങൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.