യമഹ ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിളായ FZ ബ്ലൂ ഫ്ലെക്സ് 1.24 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. E20 മുതൽ E85 വരെ എത്തനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ ബൈക്കിന്റെ എഞ്ചിനിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ FZ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഈ ബൈക്ക് പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമാകും.

ന്ത്യയിൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളുടെ നിര വിപുലീകരിച്ച് ജനപ്രിയ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ യമഹ ഇന്ത്യ. കമ്പനിയുടെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിളായ യമഹ FZ ബ്ലൂ ഫ്ലെക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. E20 മുതൽ E85 വരെ എത്തനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ ബൈക്കിന് 1.24 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. നിലവിൽ മെറ്റാലിക് ബ്ലാക്ക് നിറത്തിൽ മാത്രമാണ് മോഡൽ ലഭ്യമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആ നിരയിലേക്ക് യമഹയും

ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുന്ന സാഹചര്യത്തിലാണ് യമഹയുടെ ഈ പുതിയ നീക്കം. സുസുക്കി ജിക്‌സർ SF 250 ഫ്ലെക്സ്-ഫ്യുവലും ഹീറോയുടെ സ്പ്ലെൻഡർ, HF ഡീലക്‌സ് ഫ്ലെക്സ്-ഫ്യുവൽ പതിപ്പുകളും ഇതിനകം വിപണിയിലുണ്ട്. ഇപ്പോൾ യമഹയും ആ നിരയിലേക്ക് ചേർന്നിരിക്കുകയാണ്.

പുതിയ FZ ബ്ലൂ ഫ്ലെക്സിന് കരുത്തേകുന്നത് നിലവിലെ FZ മോഡലിലുള്ള അതേ 149 സിസി എയർ-കൂൾഡ്, ഫ്യുവൽ-ഇൻജെക്ടഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. എന്നാൽ E20 മുതൽ E85 വരെയുള്ള എത്തനോൾ മിശ്രിത ഇന്ധനത്തിൽ പ്രവർത്തിക്കുന്നതിനായി എഞ്ചിനിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എഞ്ചിൻ 11.7 hp കരുത്തും 12.8 Nm ടോർക്കും ഉൽപ്പാദിപ്പിക്കും. സ്റ്റാൻഡേർഡ് FZ-നേക്കാൾ 0.7 hp കരുത്തും 0.5 Nm ടോർക്കും കുറവാണെങ്കിലും, ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകളിൽ ഇത് സാധാരണമായ കാര്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഡിസൈൻ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. FZ റേഞ്ചിലെ അതേ LED ഹെഡ്‌ലാമ്പ്, മസ്കുലർ ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് സീറ്റ് എന്നിവ പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്. 5-സ്പീഡ് ഗിയർബോക്സ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് സസ്പെൻഷൻ, സിംഗിൾ-ചാനൽ ABS എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും.

എന്നാൽ ഗ്രൗണ്ട് ക്ലിയറൻസിലാണ് പ്രധാന മാറ്റം. സാധാരണ FZ മോഡലുകളിൽ 165 മില്ലീമീറ്ററായിരുന്ന ഗ്രൗണ്ട് ക്ലിയറൻസ് പുതിയ FZ ബ്ലൂ ഫ്ലെക്സിൽ 135 മില്ലീമീറ്ററാണ്. ബൈക്കിന്റെ ഭാരം 139 കിലോഗ്രാം ആയതിനാൽ, FZ റേവിനെക്കാൾ മൂന്ന് കിലോഗ്രാം കൂടുതലാണ്.

1.24 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള FZ ബ്ലൂ ഫ്ലെക്സ്, യമഹയുടെ FZ ശ്രേണിയിലെ മധ്യനിര മോഡലായാണ് എത്തുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലെ ബ്ലൂ സ്ക്വയർ പ്രീമിയം ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപ്പന ആരംഭിക്കുക. രാജ്യത്ത് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിലേക്കുള്ള ഉപഭോക്തൃ താൽപര്യം വർധിക്കുന്ന സാഹചര്യത്തിൽ യമഹയുടെ ഈ പുതിയ മോഡലിന് വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.