ഹോണ്ട ആക്ടിവ 110, ആക്ടിവ 125, എസ്‍പി 125 എന്നിവയുടെ 25-ാം വാർഷിക പതിപ്പുകൾ പുറത്തിറങ്ങി. പുതിയ കളർ ഓപ്ഷനുകളും സ്പോർട്ടി ഗ്രാഫിക്സും ഇവയെ വേറിട്ടു നിർത്തുന്നു. എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ല.

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ജനപ്രിയ മോഡലായ ആക്ടിവ 110, ആക്ടിവ 125, എസ്‍പി 125 എന്നിവയുടെ 25 -ാം വാർഷിക പതിപ്പുകൾ അവതരിപ്പിച്ചു. യഥാക്രമം 92,565 രൂപ, 97.270 രൂപ, 1,02,516 രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ് ഷോറൂം വില. 25 -ാമത് ഹോണ്ട ആക്ടിവ വാർഷിക പതിപ്പുകളുടെ വില അവയുടെ DLX വേരിയന്റുകളേക്കാൾ ഏകദേശം 1,000 രൂപ കൂടുതലാണ്. പേൾ സൈറൺ ബ്ലൂ, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.

ആക്ടിവ 110, ആക്ടിവ 125 സ്പെഷ്യൽ എഡിഷനുകളിൽ ബോഡി പാനലുകളിലും ഫ്രണ്ട് ആപ്രണിലും സ്പോർട്ടി ഗ്രാഫിക്സ് ലഭിക്കുന്നു. അതേസമയം SP125 ൽ ടാങ്കിലും സൈഡ് പാനലുകളിലും ഗ്രാഫിക്സ് ഉണ്ട്. എല്ലാ ഹോണ്ട ആക്ടിവ വാർഷിക പതിപ്പുകളിലും മുൻവശത്ത് 25 -ാം വാർഷിക സ്റ്റിക്കർ ലഭിക്കുന്നു.

ആക്ടിവ 110 സ്പെഷ്യൽ എഡിഷൻ പേൾ സൈറൺ ബ്ലൂ കളർ സ്കീമിൽ ലഭ്യമാണ്, ബ്രൗൺ നിറത്തിലുള്ള സീറ്റും അകത്തെ പാനൽ ഫിനിഷും ഇതിൽ ഉൾപ്പെടുന്നു. മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് പതിപ്പിന്റെ സീറ്റിലും അകത്തെ പാനലുകളിലും കറുത്ത ഫിനിഷുണ്ട്. ആക്ടിവ 125 ന്റെ വാർഷിക പതിപ്പിൽ സീറ്റിലും അകത്തെ പാനലുകളിലും കറുത്ത ഫിനിഷും ഉണ്ട്. മൂന്ന് പതിപ്പുകളിലും മെറ്റാലിക് ബ്രൗൺ വീലുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഹോണ്ട ആക്ടിവയുടെ എഞ്ചിനുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹോണ്ട ആക്ടിവ 110 ആനിവേഴ്‌സറി എഡിഷനിലും 109.51 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 7.9PS പവറും 9.05Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട ആക്ടിവ 125 ആനിവേഴ്‌സറി എഡിഷൻ 123.92 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിൽ നിന്നാണ് പവർ നേടുന്നത്, ഇത് 8.4PS പവറും 10.5Nm ടോർക്കും പുറപ്പെടുവിക്കുന്നു.

സാധാരണ മോഡലിലുള്ള അതേ 123.94 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹോണ്ട SP125 ആനിവേഴ്‌സറി എഡിഷനും കരുത്തേകുന്നത്. ഈ എഞ്ചിൻ 10.8PS പരമാവധി പവറും 10.9Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.