കാവസാക്കി ഡീലർമാർ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് 2025 നിൻജ 300 ബൈക്കുകൾക്ക് 84,000 രൂപവരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. മുംബൈയിലെ ഒരു ഡീലർ 3.45 ലക്ഷം പ്രത്യേക ഓൺ-റോഡ് വിലയിൽ ബൈക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

പുതിയ മാസത്തിന്‍റെ തുടക്കത്തിൽ, ബൈക്ക് പ്രേമികൾക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നു. രാജ്യത്തെ കാവസാക്കി ഡീലർമാർ ഇപ്പോൾ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് 2025 നിൻജ 300 ൽ വലിയ കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. ഈ ബൈക്കിന് മുംബൈയിലെ ഒരു ഡീല‍ർ 84,000 രൂപയോളം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 3.45 ലക്ഷം രൂപയുടെ പ്രത്യേക ഓൺ-റോഡ് വിലയിൽ ബൈക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങാൻ തുടങ്ങിയ അപ്‌ഡേറ്റ് ചെയ്ത മോഡലിലേക്ക് മാറാൻ ഡീലർഷിപ്പുകൾ തയ്യാറെടുക്കുന്നതിനാലാണ് ഈ വിലക്കിഴിവ് എന്നാണ് റിപ്പോ‍ട്ടുകൾ.

2025 മെയ് മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് നിൻജ 300-ൽ, വലിയ വിൻഡ്‌സ്‌ക്രീൻ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, മെച്ചപ്പെട്ട ഡ്രൈവബിലിറ്റിക്കായി മികച്ച ടയറുകൾ തുടങ്ങിയ ചില പ്രധാന അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിചിതമായ സിലൗറ്റിന് കൂടുതൽ ആക‍ർഷണം നൽകുന്നതിനായി പുതിയ ഗ്രാഫിക്‌സും അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ കാവസാക്കി നിൻജ 300 വാഗ്‍ദാനം ചെയ്യുന്നത് തുടരുന്നു. ബൈക്കിനുള്ളിൽ, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 38.9 ബിഎച്ച്പിയും 26.1 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 296 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

പാരലൽ-ട്വിൻ ശ്രേണിയിലേക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഒരു എൻട്രി തേടുന്ന ഉപഭോക്താക്കൾക്ക് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ആകർഷകമായിരിക്കും. എന്നാൽ ഡിസ്‌കൗണ്ട് സ്റ്റോക്കിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമേ നിലവിൽ മുംബൈയിലെ അൻസെൻ കവാസാക്കിയിൽ ലഭ്യമാകൂ. രാജ്യത്തുടനീളമുള്ള മറ്റ് ഡീലർമാർ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് നിൻജ 300 നും വ്യത്യസ്‍ത അളവുകളിൽ ഡീലുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ വാഹനങ്ങളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.