സാമ്പത്തിക പ്രതിസന്ധിയിലായ കെടിഎമ്മിന് ബജാജ് ഓട്ടോയുടെ സാമ്പത്തിക സഹായം പുതിയ പ്രതീക്ഷ നൽകുന്നു. പുനഃസംഘടനാ പദ്ധതികൾക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ 2025 ജൂലൈ അവസാനത്തോടെ ഉത്പാദനം പുനരാരംഭിക്കാൻ കെടിഎം ലക്ഷ്യമിടുന്നു.

രുകാലത്ത് അതിവേഗ ബൈക്കുകൾക്കും സാഹസിക ബൈക്കുകൾക്കും പേരുകേട്ട ഓസ്ട്രിയൻ ബ്രാൻഡായ കെടിഎം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. ഇന്ത്യൻ ഓട്ടോ ഭീമനായ ബജാജ് സാമ്പത്തിക സഹായം നൽകി പ്രതിസന്ധിയിലായ കെടിഎമ്മിനെ രക്ഷിക്കുക മാത്രമല്ല, തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു.

ഇപ്പോഴിതാ കെടിഎം പുനഃസംഘടനാ പദ്ധതികൾക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരിക്കുന്നു. നടപടികൾ വിജയകരമായി അവസാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2025 ജൂലൈ അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കെടിഎം പദ്ധതിയിടുന്നത്. കെടിഎം എജി, കെടിഎം കമ്പോണന്റ്സ് ജിഎംബിഎച്ച്, കെടിഎം ഫോർഷങ്സ് ആൻഡ് എൻറ്റ്വിക്ലങ്സ് ജിഎംബിഎച്ച് എന്നിവയുടെ പുനർനിർമ്മാണ പദ്ധതികൾ റീഡ് ഇം ഇൻക്രീസ് റീജിയണൽ കോടതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ അപ്പീൽ കാലയളവ് അവസാനിച്ചതിന് ശേഷമാണ് സ്ഥിരീകരണം വരുന്നത്. ഇത് മൂന്ന് കമ്പനികളുടെയും പുനർനിർമ്മാണ പ്രക്രിയയുടെ ഔപചാരിക സമാപനത്തെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ അപ്പീലുകളൊന്നും ഫയൽ ചെയ്തിട്ടില്ലാത്തതിനാൽ, കോടതിയുടെ തീരുമാനം ഇപ്പോൾ അന്തിമമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ പ്രശസ്‍ത ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ കെടിഎമ്മിൽ വളരെക്കാലമായി ഓഹരി ഉടമയായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭൂരിപക്ഷ ഉടമസ്ഥതയിലേക്ക് നീങ്ങുകയാണ് ബജാജ് കമ്പനി. ബജാജിന്റെ ഈ നീക്കം കെടിഎമ്മിന് സാമ്പത്തിക ശക്തി നൽകുക മാത്രമല്ല, വിശ്വസനീയമായ ഒരു വഴികാട്ടിയെ നൽകുകയും ചെയ്തു. കഴിഞ്ഞ മാസം ബജാജ് ഓട്ടോയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‍സ് ബിവി (ബിഎഐഎച്ച്ബിവി) വഴി, കെടിഎമ്മിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം, ബിഎഐഎച്ച്ബിവി ഏകദേശം 7,765 കോടി രൂപ) വിലമതിക്കുന്ന ഒരു കടം ധനസഹായ പാക്കേജും നേടിയിരുന്നു.

ഈ ദുഷ്‌കരമായ അധ്യായം ഒടുവിൽ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ തനിക്ക് ആശ്വാസവും നന്ദിയും ഉണ്ടെന്ന് പിയറർ മൊബിലിറ്റി എജിയുടെ സിഇഒ ഗോട്ട്ഫ്രൈഡ് ന്യൂമെസ്റ്റർ പറഞ്ഞു. ജൂലൈ അവസാനത്തോടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും ഗ്രൂപ്പിനെ പുനഃക്രമീകരിക്കുന്നതിലുമാണ് ശ്രദ്ധ എന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്യൂക്ക് സീരീസ് (125, 200, 250, 390), ആർ‌സി സീരീസ്, അഡ്വഞ്ചർ സീരീസ്, ഓഫ്-റോഡ് ഡേർട്ട് ബൈക്കുകൾ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ഉത്പാദനം കെടിഎം ഉടൻ പുനരാരംഭിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, സ്പെയർ പാർട്‌സുകളുടെയും റൈഡിംഗ് ഗിയറിന്റെയും വിതരണവും ഉടനെ സാധാരണ നിലയിലാകും എന്നാണ് റിപ്പോർട്ടുകൾ .