സ്മാർട്ട് ഫീച്ചറുകളും വലിയ ഡിസ്പ്ലേയുമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ കുതിക്കുന്നു. 

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളരുകയാണ്. സ്‍മാർട്ട് ഫീച്ചറുകൾക്കുള്ള ആവശ്യകതയും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ഡിസ്‌പ്ലേയും സ്റ്റൈൽ, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ എന്നിവയുടെ മികച്ച സംയോജനവും വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളെക്കുറിച്ച് അറിയാം.

ഏഥർ 450X

ഗൂഗിൾ നാവിഗേഷൻ മാപ്പുകൾ ഉപയോഗിച്ചുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഏഥർ 450X-ൽ വരുന്നത്. ഇതിനുപുറമെ കോൾ വിളിക്കൽ, സന്ദേശങ്ങൾ സ്വീകരിക്കൽ, വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ, ലൈവ് ലൊക്കേഷൻ പങ്കിടൽ, ഫോൺ ബാറ്ററി ലെവൽ തുടങ്ങിയ സാധാരണ സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. ഈ സ്‌കൂട്ടർ 2.9 kWh, 3.7 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്.

ഹോണ്ട ആക്ടിവ

ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ ആക്ടിവ ഇ പുറത്തിറക്കിയതോടെ ഹോണ്ട ഒടുവിൽ ഇവി ഇരുചക്രവാഹന വിഭാഗത്തിൽ ചേർന്നു. നാവിഗേഷൻ സിസ്റ്റം, തത്സമയ ലൊക്കേഷൻ, കോളുകൾക്കുള്ള അലേർട്ടുകൾ, സംഗീത നിയന്ത്രണം, സർവീസിംഗിനുള്ള ഓർമ്മപ്പെടുത്തലുകൾ എന്നിവയും അതിലേറെയും സഹിതമാണ് ആക്ടിവ ഇ വരുന്നത്. 7 ഇഞ്ച് ടിഎഫ്ടി സംവിധാനവും ആക്ടിവ ഇയിലുണ്ട്.

ടിവിഎസ് എക്സ്

ടിവിഎസ് എക്‌സ് സ്‌കൂട്ടറിന് 10.2 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു. ഇത് സാധാരണയായി എസ്‌യുവികളിൽ കാണപ്പെടുന്നു. കോൾ/മെസേജ് അലേർട്ടുകൾ, നാവിഗേഷൻ, അലക്‌സ, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. 4.44 kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂട്ടർ 15.6 bhp പവർ സൃഷ്‍ടിക്കുന്നു. 105 കിമി പരമാവധി വേഗതയിൽ സഞ്ചരിക്കുന്നു.

ഓല എസ്1 പ്രോ

ഓല എസ്1 പ്രോയുടെ മൂന്നാം തലമുറയ്ക്ക് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉണ്ട്. ഇത് 3 kWh, 4 kWh, 5.3 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. ടോപ്പ് വേരിയന്റിന് 17.4 ബിഎച്ച്‍പി പവറും 320 കിമി ഐഡിസി റേഞ്ചും ലഭിക്കും.

ടിവിഎസ് ഐക്യൂബ് എസ്‍ടി

ഐക്യൂബ് എസ്‍ടി വേരിയന്റിൽ നാവിഗേഷൻ, ടയർ പ്രഷർ മോണിറ്റർ, ബാറ്ററി ലെവൽ, മ്യൂസിക് കൺട്രോൾ തുടങ്ങിയ സവിശേഷതകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉണ്ട്. 5.3 kWh ബാറ്ററിയുള്ള ഈ സ്‍കൂട്ടർ 212 കിലോമീറ്റർ റേഞ്ച് നൽകുന്നു.