അമേരിക്കൻ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ, X440 T എന്ന പുതിയ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലെ മോഡലിലെ 440 സിസി എഞ്ചിൻ നിലനിർത്തി, പുനർരൂപകൽപ്പന ചെയ്ത പിൻഭാഗവും പുതിയ ഫീച്ചറുകളുമായാണ് ഈ ബൈക്ക് എത്തുന്നത്. 

ക്കണിക്ക് അമേരിക്കൻ ടൂവീലർ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുന്നു. ഹാർലി ഡേവിഡ്‌സൺ X440 T ആണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇപ്പോൾ അതിന്‍റെ ചില ചിത്രങ്ങൾ വെളിപ്പെടുത്തി. പുതിയതും സ്റ്റൈലിഷുമായ ഒരു ലുക്കോടെയാണ് ഹാർലി ഡേവിഡ്‌സൺ X440 T പുറത്തിറങ്ങാൻ പോകുന്നത്. മുൻ മോഡലിനേക്കാൾ കൂടുതൽ കോണീയമാണ് ഈ ബൈക്ക്.

X440 T-യിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

ഹാർലി-ഡേവിഡ്‌സൺ X440 T യുടെ പിൻഭാഗം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. X440 T പിന്നിൽ നിന്ന് കൂടുതൽ കോണീയമാക്കിയിരിക്കുന്നു. ബൈക്കിന്റെ സ്വേ ബാറുകളും മിററുകളും ചെറുതായി പരിഷ്‌ക്കരിച്ചിട്ടുണ്ട്, കൂടാതെ പുതിയൊരു ലുക്ക് നൽകുന്നതിനായി നിറം മാറ്റിയിട്ടുണ്ട്. എങ്കിലും ബൈക്ക് ഇപ്പോഴും X440 പോലെ തന്നെ കാണപ്പെടുന്നു. മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഈ ഹാർലി-ഡേവിഡ്‌സൺ ബൈക്ക് വിപണിയിലെത്തുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 440 സിസി ഓയിൽ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ സവിശേഷത. 35 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ബൈക്ക് അവകാശപ്പെടുന്നത്. ഒരു സമയം 13.5 ലിറ്റർ ഇന്ധനം വരെ X440 ന് നിലനിർത്താൻ കഴിയും. വരാനിരിക്കുന്ന മോഡലിൽ റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ ABS തുടങ്ങിയ പുതിയ സവിശേഷതകൾ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

വില

ഹാർലി ഡേവിഡ്‌സൺ X440 T ഇതുവരെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ല. പക്ഷേ അത് ഉടൻ എത്തും. ഹാർലി ഡേവിഡ്‌സൺ X440 ന്റെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില 239,500 രൂപയിൽ ആരംഭിച്ച് 279,500 രൂപ വരെ ഉയരും. ഏഴ് നിറങ്ങളിൽ ഈ മോട്ടോർസൈക്കിൾ ലഭ്യമാണ്. വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹീറോ പ്രീമിയ ഡീലർഷിപ്പുകൾ വഴിയാണ് ഹാർലി-ഡേവിഡ്‌സൺ X440 വിൽക്കുന്നത് എന്നതിനാൽ, പുതിയ മോഡലും അതേ ഔട്ട്‌ലെറ്റുകൾ പങ്കിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. രാജ്യത്തുടനീളം ഹീറോയ്ക്ക് ഏകദേശം 100 പ്രീമിയ ഔട്ട്‌ലെറ്റുകൾ ഉണ്ട്, കൂടാതെ പ്രീമിയം റീട്ടെയിൽ ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നു. പുതിയ മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയോട് അടുത്ത് ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.