ഹീറോ മോട്ടോകോർപ്പ് പുതിയ 'ഗ്ലാമർ X' 125 സിസി മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്റഗ്രേറ്റഡ്-എബിഎസ് സംവിധാനവുമായി എത്തുന്ന ഈ സെഗ്മെന്റിലെ ആദ്യ വാഹനമാണിത്. ഫുൾ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള മൾട്ടി-കളർ കൺസോൾ, മൂന്ന് റൈഡ് മോഡുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഗ്ലാമർ X' മോട്ടോർസൈക്കിൾ ഇന്റഗ്രേറ്റഡ്-എബിഎസ് സഹിതം ഹീറോ മോട്ടോകോർപ്പ് വിപണിയിൽ അവതരിപ്പിച്ചു. സിംഗിൾ-ചാനൽ എബിഎസും ഇൻ്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും സംയോജിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തിൽ പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുന്ന ഈ വാഹനം, വാഹനത്തിന്റെ സ്ഥിരത വർദ്ധിപ്പിക്കാനും ബ്രേക്കിംഗ് ദൂരം കുറയ്ക്കാനും സഹായിക്കുന്നു.

വിവിധ റോഡ് സാഹചര്യങ്ങളിൽ സുരക്ഷിതമായ ബ്രേക്കിംഗ് അനുഭവം നൽകുന്നതിനൊപ്പം പാനിക് ബ്രേക്ക് അലേർട്ട്, ഹാസാർഡ് ലാമ്പുകൾ എന്നിവയും ഇതിലുണ്ട്. 'ഒ' സിഗ്നേച്ചർ ഉള്ള ഫുൾ എൽഇഡി ലൈറ്റിംഗ് സംവിധാനവും സ്പോർട്ടി ഗ്രാഫിക്സും ഇതിന്റെ രൂപഭംഗി കൂട്ടുന്നു. ആംബിയന്റ് ലൈറ്റിംഗും 60-ലധികം ഫീച്ചറുകളുമുള്ള 10.7 സെ.മീ അഡാപ്റ്റീവ് മൾട്ടി-കളർ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗിയർ ഷിഫ്റ്റ് അഡ്വൈസറി എന്നിവ റൈഡർമാർക്ക് മികച്ച അനുഭവവും കണക്റ്റിവിറ്റിയും നൽകുന്നു.

സുഗമമായ പവർ ഡെലിവറിയും കുറഞ്ഞ NVH നിലവാരവും ഉറപ്പാക്കുന്ന എൻജിൻ 8250 rpm-ൽ 11.4 BHP കരുത്ത് നൽകുന്നു. കൂടാതെ ഇക്കോ, റോഡ്, പവർ എന്നീ മൂന്ന് റൈഡ് മോഡുകളും ക്രൂയിസ് കൺട്രോൾ സംവിധാനവും ഇതിലുണ്ട്. വീതിയേറിയ ഹാൻഡിൽബാർ, നീളമേറിയ സീറ്റ്, സി-ടൈപ്പ് യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ യാത്രകൾ കൂടുതൽ സുഖകരമാക്കുന്നു. ബ്ലാക്ക് പേൾ റെഡ്, ബ്ലാക്ക് ടീൽ ബ്ലൂ എന്നീ നിറങ്ങൾക്ക് പുറമേ ഗൺ മെറ്റൽ ഗ്രേ, മാറ്റ് ആക്‌സിസ് ഗ്രേ എന്നീ പുതിയ നിറങ്ങളിലും ഈ വാഹനം ലഭ്യമാണ്.

പുതിയ മോഡലിന്റെ അവതരണത്തിലൂടെ 125 സിസി വിഭാഗത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുനർനിർവചിക്കുകയാണെന്ന് ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് വർമ്മ പറഞ്ഞു.രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോ കോർപ്പ് ഡീലർഷിപ്പുകളിൽ ഈ പുതിയ വേരിയന്റ്റ് ലഭ്യമാണ്.1,01,000 രൂപയാണ് എക്സ് ഷോറൂം വില.