റോയൽ എൻഫീൽഡ് 350-750 സിസി വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്കും ഉടൻ പുറത്തിറങ്ങും. 450 സിസി, 650 സിസി, 750 സിസി ബൈക്കുകളും പുതിയ പതിപ്പുകളും പ്രതീക്ഷിക്കാം.

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് 350-750 സിസി വിഭാഗത്തിൽ നിരവധി പുതിയ മോഡലുകൾ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതോടൊപ്പം കമ്പനിയുടെ ഇലക്ട്രിക് ബൈക്കും ഉടൻ അവതരിപ്പിക്കും. ഭാവിയിലേക്കുള്ള വലിയ തയ്യാറെടുപ്പുകൾ റോയൽ എൻഫീൽഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, കമ്പനി നിലവിലുള്ള ബൈക്കുകൾ അപ്ഡേറ്റ് ചെയ്തു. ഇപ്പോൾ കമ്പനിയുടെ ശ്രദ്ധ പുതിയ സെഗ്‌മെന്റുകളിലാണ് എന്നാണ് റിപ്പോർട്ടുകൾ.

450 സിസി സീരാസ് വികസിപ്പിക്കുന്നതിലാണ് റോയൽ എൻഫീൽഡ് ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത്. കാരണം ഈ സെഗ്‌മെന്റ് ഇക്കാലത്ത് റൈഡർമാർക്കിടയിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം, 650 സിസിക്കും 750 സിസിക്കും ഇടയിലുള്ള പുതിയ ബൈക്കുകളിലും കമ്പനി പ്രവർത്തിക്കുന്നു. അതിനാൽ വരും വർഷങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. ഇത് മാത്രമല്ല കമ്പനി അതിന്റെ 350 സിസി സീരീസ് അതായത് ബുള്ളറ്റ് 350, മെറ്റിയർ 350 എന്നിവ പുതിയ നിറങ്ങളും ഗ്രാഫിക്സും ഉപയോഗിച്ച് പുതുക്കാൻ പോകുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

450 സിസി പ്ലാറ്റ്‌ഫോമിൽ പുതിയൊരു കഫേ റേസർ ബൈക്കും റോയൽ എൻഫീൽഡ് നിർമ്മിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2026-27 ഓടെ ഇത് പുറത്തിറങ്ങും. അടുത്തിടെ പുറത്തിറങ്ങിയ ട്രയംഫ് ത്രക്സ്റ്റൺ 400 നോട് മത്സരിക്കാനാണ് ഈ മോഡൽ എത്തുന്നത്. മാത്രമല്ല ബുള്ളറ്റിന്‍രെ പുതിയ പതിപ്പായ ബുള്ളറ്റ് 650 ട്വിൻ കൊണ്ടുവരാനും കമ്പനി തയ്യാറെടുക്കുന്നു. ഈ ബൈക്ക് കൂടുതൽ ശക്തവും താങ്ങാവുന്ന വിലയിൽ റോയൽ എൻഫീൽഡിന്റെ ട്വീൻ സിലിണ്ടർ ശ്രേണിയുടെ ഭാഗമാകും.

അതേസമയം പെട്രോൾ എഞ്ചിനുകളിൽ മാത്രം ഒതുങ്ങുന്നതല്ല കമ്പനിയുടെ പദ്ധതികൾ. ആർ എന്ന കോഡുനാമത്തിൽ ഒരു പുതിയ 750 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും കമ്പനി ഒരുങ്ങുന്നു. കോണ്ടിനെന്റൽ GT-R ആദ്യം ഈ പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കഫേ റേസർ ശൈലിയിൽ വരും. അതേസമയം, റോയൽ എൻഫീൽഡ് ഇലക്ട്രിക് വിഭാഗത്തിലും അതിവേഗ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. വരും മാസങ്ങളിൽ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ഫ്ലയിംഗ് ഫ്ലീ C6 പുറത്തിറക്കും. ഇലക്ട്രിക് സ്‌ക്രാംബ്ലർ, ഇലക്ട്രിക് ഹിമാലയൻ എന്നിവയുടെ പ്രവർത്തനങ്ങളും പണിപ്പുരയിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.