ഉത്സവ സീസണിൽ റോയൽ എൻഫീൽഡിന്റെ റെക്കോർഡ് കുതിപ്പ്. 2,49,279 മോട്ടോർസൈക്കിളുകൾ വിറ്റ് ചരിത്രപരമായ വിൽപ്പന റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% വളർച്ച നേടിയ ഈ കുതിപ്പിന് പിന്നിൽ ഹണ്ടർ 350, ക്ലാസിക് 350 തുടങ്ങിയ ജനപ്രിയ മോഡലുകളാണ്. 

ക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഈ ഉത്സവ സീസണിൽ ചരിത്രം സൃഷ്ടിച്ചു . 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കമ്പനി ആകെ 2,49,279 മോട്ടോർസൈക്കിളുകൾ വിറ്റു, ഇത് ഇതുവരെയുള്ള രണ്ട് മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന റെക്കോർഡാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വൻ വർധനവാണിത്. ഇത് റോയൽ എൻഫീൽഡിന്‍റെ ജനപ്രിയത വ്യക്തമാക്കുന്നു. 2025 ഒക്ടോബറിൽ മാത്രം റോയൽ എൻഫീൽഡ് 1,24,951 യൂണിറ്റ് ടൂവീലറുകൾ വിറ്റു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ്.

ഒക്ടോബറിൽ കമ്പനി 1.25 ലക്ഷം ബൈക്കുകൾ വിറ്റു. ഇതിൽ 116,844 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കപ്പെട്ടപ്പോൾ 8,107 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഈ വർഷം കമ്പനിയുടെ ഷോറൂമുകളിൽ ഉത്സവകാല തിരക്ക് റെക്കോർഡായിരുന്നു. നിരവധി വർഷങ്ങൾക്ക് ശേഷം ഇത്രയും ശക്തമായ ഡിമാൻഡ് ആദ്യമാണെന്ന് പല ഡീലർമാരും റിപ്പോർട്ട് ചെയ്തു.

2026 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ മുതൽ ഇന്നുവരെ) റോയൽ എൻഫീൽഡ് മൊത്തം 7,16,854 മോട്ടോർസൈക്കിളുകൾ വിറ്റു. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 27 ശതമാനം വളർച്ച കാണിക്കുന്നു. കമ്പനിയുടെ ഈ വിജയം സാധ്യമാക്കിയത് അതിന്റെ ജനപ്രിയ മോഡലുകളായ ഹണ്ടർ 350, മെറ്റിയർ 350, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയ്ക്കുള്ള ശക്തമായ ഡിമാൻഡാണ്. ഇതിനുപുറമെ, ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ മൂലമുണ്ടായ നേരിയ വിലക്കുറവും വിൽപ്പനയെ കൂടുതൽ വർദ്ധിപ്പിച്ചു.

കയറ്റുമതിയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡിന്റെ സാന്നിധ്യം ശക്തിപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഡീലർ ശൃംഖലയിൽ നിന്നുള്ള മികച്ച പ്രതികരണമാണ് ഈ ഉത്സവ കാലത്തെ ചരിത്രപ്രധാനമാക്കിയതെന്ന് കമ്പനി പറഞ്ഞു.

അതേസമയം വാഹന വിൽപ്പനയ്ക്കപ്പുറം, റോയൽ എൻഫീൽഡ് അവരുടെ സാംസ്‍കാരികവും അനുഭവപരവുമായ പ്രവർത്തനങ്ങൾ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാലയത്തിന്റെ സാംസ്‍കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വാർഷിക ആഘോഷമായ ജേർണിംഗ് അക്രോസ് ദി ഹിമാലയസ് തിരിച്ചുവരവ് കമ്പനി പ്രഖ്യാപിച്ചു. രണ്ടാം പതിപ്പ് 2025 ഡിസംബർ 4 മുതൽ 10 വരെ ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസിൽ നടക്കും.

പ്രദർശനങ്ങൾ, പ്രകടനങ്ങൾ, വർക്ക്‌ഷോപ്പുകൾ, പാചക പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്കായി റോയൽ എൻഫീൽഡ് ആമസോൺ ഇന്ത്യയുമായി സഹകരിച്ചു. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, പൂനെ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ആമസോണിലെ ഒരു സമർപ്പിത ബ്രാൻഡ് സ്റ്റോർ വഴി 350 സിസി ശ്രേണി മുഴുവൻ ഓൺലൈനായി വാങ്ങാം, ഇത് ഫ്ലെക്സിബിൾ പേയ്‌മെന്റ് ഓപ്ഷനുകളുടെ പിന്തുണയോടെയാണ്.