2025 ജൂലൈയിൽ സ്കൂട്ടർ വിൽപ്പനയിൽ 15.95% വാർഷിക വളർച്ച. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്സസ് എന്നിവയാണ് മുൻപന്തിയിൽ. ചില മോഡലുകളുടെ വിൽപ്പനയിൽ നേരിയ ഇടിവും കാണുന്നു.

രാജ്യത്ത് ഇലക്ട്രിക് സ്‍കൂട്ടറുകൾക്കുള്ള ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യമാണ്. എങ്കിലും പെട്രോൾ സ്‍കൂട്ടറുകൾ ഇപ്പോഴും വിപണി കീഴടക്കിയിരിക്കുന്നു. 2025 ജൂലൈയിൽ, സ്‍കൂട്ടർ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 15.95% വളർച്ച രേഖപ്പെടുത്തി. 2024 ജൂലൈയിൽ 5,04,886 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, 2025 ജൂലൈയിൽ ഇത് 5,85,418 യൂണിറ്റായി വർദ്ധിച്ചു. അതായത്, 80,532 യൂണിറ്റുകളുടെ വർദ്ധനവ് ഉണ്ടായി. പ്രതിമാസം വിൽപ്പനയിലും വലിയ വളർച്ചയുണ്ടായി. 2025 ജൂണിലെ 4,72,205 യൂണിറ്റുകളേക്കാൾ വളരെ കൂടുതലായിരുന്നു പ്രതിമാസ വിൽപ്പന കണക്കുകൾ.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ തങ്ങളുടെ ജനപ്രീതി തെളിയിച്ച ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവ ടോപ്-3 സ്ഥാനങ്ങളിൽ തുടരുന്നു. വിശ്വസനീയവും, ഇന്ധനക്ഷമതയുള്ളതും, സവിശേഷതകൾ നിറഞ്ഞതുമായതിനാൽ, സ‍കൂട്ടർ വിഭാഗത്തിൽ ഈ മോഡലുകൾ ഉപഭോക്താക്കളുടെ ആദ്യ തിരഞ്ഞെടുപ്പായി തുടരുന്നു.

ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനത്ത് തുടരുകയും 2025 ജൂലൈയിൽ 2,37,413 യൂണിറ്റുകൾ വിൽക്കുകയും ചെയ്തു. 2024 ജൂലൈയിൽ 1,95,604 യൂണിറ്റുകളെ അപേക്ഷിച്ച് 21.37 ശതമാനം വർദ്ധനവാണിത്. അതായത്, 41,809 യൂണിറ്റുകളുടെ വർദ്ധനവ്. ഇത് ആക്ടിവയ്ക്ക് സ്കൂട്ടർ വിഭാഗത്തിൽ 40.55% ശക്തമായ വിഹിതം നൽകി. ടിവിഎസ് ജൂപ്പിറ്റർ രണ്ടാം സ്ഥാനത്ത് തുടരുകയും 67.25% വാർഷിക വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. 2024 ജൂലൈയിൽ 74,663 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 2025 ജൂലൈയിൽ 1,24,876 യൂണിറ്റുകളായി, അതായത് 50,213 യൂണിറ്റുകളുടെ വർദ്ധനവ്.

അതേസമയം ചില സ്‍കൂട്ടറുകളുടെ വിൽപ്പന കുറഞ്ഞു. സുസുക്കി ആക്‌സസ് വിൽപ്പന കഴിഞ്ഞ വർഷത്തെ 71,247 യൂണിറ്റുകളിൽ നിന്ന് 4.32 ശതമാനം കുറഞ്ഞ് 68,172 യൂണിറ്റുകളായി. ഹോണ്ട ഡിയോയുടെ വിൽപ്പനയും കുറവായിരുന്നു. ഹോണ്ട ഡിയോയുടെ വിൽപ്പന 16.49 ശതമാനം കുറഞ്ഞ് 27,951 യൂണിറ്റുകളായി. ടിവിഎസ് എൻ‌ടോർക്ക് വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി, 2024 ജൂലൈയിലെ 26,829 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 26,258 യൂണിറ്റുകൾ വിറ്റു. ടിവിഎസ് പുതിയ എൻ‌ടോർക്ക് 150 ഉടൻ പുറത്തിറക്കും. ആറാം സ്ഥാനത്തെത്തിയ സുസുക്കി ബർഗ്മാൻ മികച്ച വിൽപ്പന പ്രകടനം കാഴ്ചവച്ചു. സുസുക്കി ബർഗ്മാന്‍റെ വിൽപ്പന കഴിഞ്ഞ വർഷത്തെ 19,806 യൂണിറ്റുകളിൽ നിന്ന് 19.76 ശതമാനം വർദ്ധിച്ച് 23,720 യൂണിറ്റുകളായി.