2025 ജൂലൈയിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി 1,13,600 യൂണിറ്റുകൾ വിറ്റഴിച്ചതായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രഖ്യാപിച്ചു. റീട്ടെയിൽ വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 14% വർധനവ് രേഖപ്പെടുത്തി.
ജാപ്പനീസ് ഓട്ടോ ഭീമനായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഇന്ത്യൻ ഇരുചക്ര വാഹന യൂണിറ്റായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) 2025 ജൂലൈയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും കൂടി കമ്പനി ആകെ 1,13,600 യൂണിറ്റുകൾ വിറ്റു.
2025 ജൂലൈയിൽ 93,141 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന രജിസ്റ്റർ ചെയ്തതായി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് മുട്രേജ പറഞ്ഞു. ഇത് കഴിഞ്ഞ വർഷം ജൂലൈയിൽ 81,730 യൂണിറ്റുകളേക്കാൾ 14 ശതമാനം കൂടുതലാണ്. ഉത്സവ സീസൺ അടുക്കുമ്പോൾ, ഉപഭോക്താക്കൾ സുസുക്കി ബ്രാൻഡിനെ കൂടുതൽ ഇഷ്‍ടപ്പെടുന്നതായി ഈ കണക്ക് കാണിക്കുന്നുവെന്നും കമ്പനി പറയുന്നു.
സുസുക്കിയുടെ വിൽപ്പനയിലെ ഈ വർധനവിന് നിരവധി കാരണങ്ങളുണ്ട്. ആക്‌സസ് 125 , ബർഗ്മാൻ സ്ട്രീറ്റ് പോലുള്ള താങ്ങാനാവുന്നതും വിശ്വസനീയവുമായ സ്‌കൂട്ടർ മോഡൽ ശ്രേണി സുസുക്കിക്കുണ്ട് . അതേസമയം, മുതിർന്നവരെ ആകർഷിക്കുന്ന സ്റ്റൈലിഷ് മോട്ടോർസൈക്കിൾ ജിക്‌സർ സീരീസാണ്. ഇതോടൊപ്പം കമ്പനിക്ക് മികച്ച ഡീലർ നെറ്റ്‌വർക്കും മികച്ച ഉപഭോക്തൃ സേവനവുമുണ്ട്.
ആഭ്യന്തര മൊത്ത വിൽപ്പനയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, കയറ്റുമതിയിലെ ഒമ്പത് ശതമാനം വളർച്ച, ആഗോള വിപണിയിലും സുസുക്കി ഇരുചക്രവാഹനങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരുണ്ടെന്ന് വ്യക്തമായി കാണിക്കുന്നു.
മൊത്തം വിൽപ്പനയിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, റീട്ടെയിൽ തലത്തിൽ ലഭിച്ച 14 ശതമാനം വളർച്ച, വിപണിയിൽ സുസുക്കിയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ്. കമ്പനി ഈ വേഗതയിൽ വിൽപ്പന തുടർന്നാൽ, വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പനയിൽ വലയ ഒരു മുന്നേറ്റം കാണാൻ കഴിയും എന്നാണ് കരുതുന്നത്.
സുസുക്കി മോട്ടോർ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2006 ൽ ഗുരുഗ്രാമിലെ പ്ലാന്റിൽ നിന്നാണ് ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കമ്പനിയുടെ വാർഷിക ഉത്പാദന ശേഷി 1.3 ദശലക്ഷം യൂണിറ്റുകളാണ്. 125 സിസി സ്‍കൂട്ടറുകൾ, പ്രീമിയം മോട്ടോർസൈക്കിളുകൾ (150 സിസിയും അതിനുമുകളിലും), ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത വലിയ ബൈക്കുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നു.
