കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്‍ടി പരിഷ്‍കരണങ്ങളെ തുടർന്ന് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ മുഴുവൻ ജിഎസ്‍ടി ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാരിന്റെ 2025 ലെ ജിഎസ്‍ടി പരിഷ്‍കരങ്ങളെ തുടർന്ന് ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ മുഴുവൻ ജിഎസ്‍ടി ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. തൽഫലമായി, എല്ലാ ഹോണ്ട സ്‍കൂട്ടറുകൾക്കും ബൈക്കുകൾക്കും 18,887 രൂപ വരെ വിലക്കുറവ് ലഭിക്കും. ഇത് 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ജിഎസ്‍ടി പരിഷ്‍കാരങ്ങൾ പ്രകാരം, 350 സിസിയിൽ താഴെയുള്ള എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം നികുതി സ്ലാബിൽ വരും. ഇത് മുമ്പത്തെ 28 ശതമാനത്തിൽ നിന്ന് കുറവാണ്. അതായത്, ഹോണ്ടയുടെ ജനപ്രിയ ആക്ടിവ സ്‍കൂട്ടർ, ഷൈൻ 125, യൂണികോൺ, സിഡി 350 ബൈക്കുകൾക്ക് ഗണ്യമായ വിലക്കുറവ് ലഭിക്കും. എങ്കിലും, 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് മുമ്പത്തെ 31 ശതമാനത്തിൽ നിന്ന് ഇപ്പോൾ 40 ശതമാനം നികുതി ഈടാക്കും.
ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്ടിവ 110 സ്കൂട്ടറിന് ഇപ്പോൾ 7,874 രൂപ വരെ വിലക്കുറവ് ലഭിക്കും, അതേസമയം ആക്ടിവ 125 ന് 8,359 രൂപ വരെ വിലക്കുറവ് ലഭിക്കും. ഹോണ്ട ഡിയോ 110, 125 എന്നിവയുടെ വില യഥാക്രമം 7,157 രൂപ വരെയും 8,042 രൂപ വരെയും കുറഞ്ഞു. ഹോണ്ട ഷൈൻ 100, ഷൈൻ 125 എന്നിവയ്ക്ക് യഥാക്രമം 5,672 രൂപ വരെയും 7,443 രൂപ വരെയും വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ ഷൈൻ 100 DX ഇപ്പോൾ 6,256 രൂപ കുറഞ്ഞു. ഹോണ്ട ലിവോ 110, ഹോണ്ട യൂണികോൺ, ഹോണ്ട SP125, ഹോണ്ട SP160 എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 7,165 രൂപ വരെയും 9,948 രൂപ വരെയും 10,635 രൂപ വരെയും 8,447 രൂപ വരെയും വിലക്കുറവുണ്ട്. ഹോണ്ട CB125 ഹോർണറ്റിന് ഇപ്പോൾ 9,229 രൂപ വിലക്കുറവുണ്ട്, അതേസമയം ഹോണറ്റ് 2.0 ന് 13,036 രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. ഹോണ്ട NX200 ന്റെ വില 13,978 രൂപ വരെ കുറഞ്ഞു. CB350 H'ness, CB350RS, CB350 തുടങ്ങിയ പ്രീമിയം മോഡലുകൾക്ക് ഇപ്പോൾ യഥാക്രമം 18,598 രൂപ വരെയും, 18,857 രൂപ വരെയും, 18,887 രൂപ വരെയും വിലക്കുറവുണ്ട്.
