2026 ജൂണിലെ ആഗോള വിൽപ്പന കണക്കിൽ ഹീറോയെയും ഹോണ്ടയെയും മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായി. കയറ്റുമതിയിലെ വൻ കുതിച്ചുചാട്ടമാണ് ഈ ചരിത്രപരമായ നേട്ടത്തിന് പിന്നിൽ. ആഭ്യന്തര വിപണിയിൽ ഹീറോ മോട്ടോകോർപ്പ് ഒന്നാം സ്ഥാനം നിലനിർത്തുന്നു.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ചരിത്രപരമായ നേട്ടവുമായി ടിവിഎസ് മോട്ടോർ കമ്പനി. 2026 ജൂണിലെ ആഗോള വിൽപ്പന കണക്കുകൾ പ്രകാരം, ഹീറോ മോട്ടോകോർപ്പിനെയും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യയെയും പിന്നിലാക്കി ടിവിഎസ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാവായി മാറി. കമ്പനിയുടെ ഈ നേട്ടത്തിന് പ്രധാന കരുത്തായത് ആഭ്യന്തര വിപണിയേക്കാൾ വിദേശ വിപണികളിലെ ശക്തമായ പ്രകടനവും കയറ്റുമതിയിലെ കുതിച്ചുചാട്ടവുമാണ്.
കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ജൂണിൽ ലോകമെമ്പാടുമായി ടിവിഎസ് 5,65,417 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ ഹീറോ മോട്ടോകോർപ്പ് 5,41,159 യൂണിറ്റുകളും ഹോണ്ട 5,28,281 യൂണിറ്റുകളും വിറ്റഴിച്ചു. പ്രതിമാസ ആഗോള വിൽപ്പനയിൽ ടിവിഎസ് ഈ രണ്ട് വമ്പൻ കമ്പനികളെയും മറികടക്കുന്നത് ഇതാദ്യമായാണ്.
ടിവിഎസിന്റെ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് കയറ്റുമതിയാണ്. ജൂൺ മാസത്തിൽ മാത്രം കമ്പനി 1,72,355 ഇരുചക്ര വാഹനങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തു. ഹീറോയുടെയും ഹോണ്ടയുടെയും സംയുക്ത കയറ്റുമതിയേക്കാൾ കൂടുതലാണ് ഈ കണക്ക്. ജൂണിൽ ഹീറോ 38,269 യൂണിറ്റുകളും ഹോണ്ട 59,325 യൂണിറ്റുകളും കയറ്റുമതി ചെയ്തപ്പോൾ, ഇരുവരുടെയും ആകെ കയറ്റുമതി 97,594 യൂണിറ്റായി.
അതേസമയം, 2,22,439 യൂണിറ്റുകളുടെ കയറ്റുമതിയുമായി ബജാജ് ഓട്ടോ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കയറ്റുമതിക്കാരെന്ന സ്ഥാനം നിലനിർത്തി. മുൻവർഷത്തെ അപേക്ഷിച്ച് 49 ശതമാനം വളർച്ചയാണ് ബജാജ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ടിവിഎസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത് അന്താരാഷ്ട്ര വിപണികളാണ്. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം, ടിവിഎസ് വാഹനങ്ങൾ നിലവിൽ 90-ലധികം രാജ്യങ്ങളിൽ വിപണനം ചെയ്യുന്നു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവയാണ് കമ്പനിയുടെ പ്രധാന വിദേശ വിപണികൾ. 2025-26 സാമ്പത്തിക വർഷത്തിൽ ടിവിഎസിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 25 ശതമാനവും അന്താരാഷ്ട്ര ബിസിനസിൽ നിന്നാണ് ലഭിച്ചത്. ഇതിന്റെ കരുത്തിൽ വാർഷിക വിൽപ്പനയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാവെന്ന നേട്ടവും കമ്പനി സ്വന്തമാക്കി.
അതേസമയം ആഭ്യന്തര വിപണിയിൽ ഹീറോ മോട്ടോകോർപ്പ് ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ജൂണിൽ കമ്പനി 5,02,890 വാഹനങ്ങൾ വിറ്റഴിച്ചെങ്കിലും മുൻവർഷത്തേക്കാൾ 4.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഹോണ്ട 4,68,956 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയുമായി 21 ശതമാനം വളർച്ച കൈവരിച്ചു.


