ഇന്ത്യയിൽ 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി യമഹ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും 10 വർഷത്തെ വാറന്റി ഓഫർ ചെയ്യുന്നു. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണ്.

ന്ത്യയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ. ഇത് ആഘോഷിക്കുന്നതിനായി കമ്പനി ഇപ്പോൾ ഒരു ബമ്പർ ഓഫറുമായി എത്തിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും കമ്പനി 10 വർഷത്തെ വാറന്റി നൽകുന്നു. ഇതിൽ രണ്ട് വർഷത്തെ വാറണ്ടിയും എട്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഉൾപ്പെടുന്നു. ഈ വാറന്റി പൂർണ്ണമായും ബൈക്കിന്റെ രണ്ടാമത്തെ ഉടമയ്ക്ക് കൈമാറും.

കമ്പനിയുടെ സ്കൂട്ടറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ദീർഘകാല വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായാണ് ഈ പുതിയ പദ്ധതി യമഹ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വിൽപ്പന വർദ്ധിപ്പിക്കുക എന്നതാണ് ഇത് കൊണ്ടുവരുന്നതിന് പിന്നിലെ ഒരു കാരണം.

ഫാസിനോ 125 എഫ്ഐ, റെഇസെഡ്ആർ എഫ്ഐ, ഏറോക്സ് 155 വേർഷൻ എസ് സ്കൂട്ടറുകൾ വാങ്ങുന്നവർക്ക് ഈ വാറന്‍റി പ്ലാൻ ഗുണം ചെയ്യും. ഇവയിൽ ഒരു ലക്ഷം കിലോമീറ്റർ വരെ കവറേജ് ലഭ്യമാകും. കൂടാതെ, മോട്ടോർസൈക്കിൾ നിരയിൽ FZ സീരീസ്, MT-15, R15 എന്നിവ വാങ്ങുമ്പോൾ 1.25 ലക്ഷം കിലോമീറ്റർ വരെ കവറേജുള്ള 10 വർഷത്തെ മൊത്തം വാറന്റിയും ഉൾപ്പെടുന്നു. എഞ്ചിൻ, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം തുടങ്ങിയവ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഘടകങ്ങളുടെ കവറേജിന് ഈ വിപുലീകൃത വാറന്റി ബാധകമാകും. MT-03 ഉം R3 ഉം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ പുതുക്കൽ പരിമിതമായ കാലയളവിലേക്ക് അവതരിപ്പിച്ചിരിക്കുന്നു.

ഈ വാറന്‍റി പ്രകാരം വാങ്ങിയ വാഹനങ്ങളുടെ രണ്ടാമത്തെ ഉടമകൾക്കും ഈ വിപുലീകൃത വാറന്‍റിയുടെ ആനുകൂല്യം ലഭ്യമാകും. ആരെങ്കിലും ഈ വാറണ്ടി പ്രകാരം ഒരു ബൈക്ക് വാങ്ങി മറ്റൊരാൾക്ക് വിൽക്കുകയാണെങ്കിൽ, വാറന്റി പൂർണ്ണമായും അടുത്ത ഉടമയ്ക്ക് കൈമാറപ്പെടും. ഈ ഓഫർ കാലയളവ് അവസാനിച്ചതിനുശേഷം, സ്റ്റാൻഡേർഡ് വാറന്റി കാലയളവ് കഴിഞ്ഞാലും പുതിയ വാങ്ങുന്നവർക്ക് നാമമാത്ര വിലയ്ക്ക് എക്സ്റ്റൻഡഡ് വാറന്റി തിരഞ്ഞെടുക്കാം.

കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ, യമഹ അടുത്തിടെ പുറത്തിറക്കിയ പുതുക്കിയ എയറോക്സ് 155 -ൽ ചെറിയ പരിഷ്‍കാരങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എയറോക്സ് 155 സ്റ്റാൻഡേർഡ് ട്രിം 1,50,130 രൂപയ്ക്കും എയറോക്സ് 155 എസ് ട്രിം 1,53,430 രൂപയ്ക്കും എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 14.75 ബിഎച്ച്പിയും 13.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 155 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

YouTube video player