Asianet News MalayalamAsianet News Malayalam

ഇറങ്ങുന്നതിന് മുമ്പ് തന്നെ ആളുകളന്വേഷിച്ച് നടന്നൊരു പുസ്തകം, ഇറങ്ങിയ ശേഷവും വൻഹിറ്റ്!

ഈ പരസ്യം ടെലിവിഷൻ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. താമസിയാതെ പുസ്തകശാലകളിലും ലൈബ്രറികളിലും ജെ. ആർ. ഹാർട്ട്ലിയുടെ 'ഫ്ലൈ ഫിഷിംഗ്' പുസ്തകം അന്വേഷിച്ച് ആളുകൾ എത്താൻ തുടങ്ങി. എന്നാൽ, അതൊരു പരസ്യം മാത്രമായിരുന്നു. കഥാപാത്രവും, പുസ്തകവും എല്ലാം  സാങ്കൽപ്പികമായിരുന്നു.

book famous before it was published
Author
Thiruvananthapuram, First Published Jun 19, 2022, 8:56 AM IST

ഒരോ പുസ്തകങ്ങളും ഓരോ വ്യത്യസ്തമായ കഥകൾ വായനക്കാർക്ക് മുന്നിൽ തുറന്ന് വയ്ക്കുന്നു. വായനക്കാരുടെ മനസ്സിൽ ഇടം നേടിയ അത്തരമൊരു പുസ്തകമാണ് 'ഫ്ലൈ ഫിഷിംഗ്: മെമ്മറീസ് ഓഫ് ആംഗ്ലിംഗ് ഡേയ്‌സ്'. എന്നാൽ, അത് ശ്രദ്ധിക്കപ്പെട്ടത് അതിന്റെ ഉള്ളടക്കം ഒന്ന് കൊണ്ട് മാത്രമല്ല. പുസ്തകത്തിൽ പറയുന്ന കഥയേക്കാൾ വിചിത്രമായിരുന്നു ആ പുസ്തകം പിറവി കൊണ്ട കഥ. ഈ പുസ്തകം എഴുതുന്നതിന് മുൻപ് തന്നെ ഇത് ജനപ്രിയമായി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എങ്ങനെ എന്നല്ലേ?

1983 -ൽ, ബ്രിട്ടീഷ് ടെലിവിഷൻ ആ രാജ്യത്തെ യെലോ പേജസിന് വേണ്ടി ഒരു പരസ്യം സംപ്രേക്ഷണം ചെയ്തിരുന്നു. ഒരു വൃദ്ധൻ ജെ. ആർ. ഹാർട്ട്‌ലിയുടെ 'ഫ്ലൈ ഫിഷിംഗ്' (Fly Fishing, by J. R. Hartley) എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് അന്വേഷിച്ച് നടക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം. അദ്ദേഹം നിരവധി പുസ്തകശാലകളിൽ അതും അന്വേഷിച്ച് കയറി ഇറങ്ങി. എന്നാൽ അതിന്റെ പകർപ്പ് കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ഒടുവിൽ നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോൾ, മകൾ അദ്ദേഹത്തിന് യെലോ പേജസ് നൽകുന്നു. സ്വീകരണമുറിയിലെ കസേരയിൽ റിലാക്സ് ചെയ്ത് ഇനി പുസ്തകം തിരഞ്ഞോളാൻ മകൾ പറയുന്നു. തുടർന്ന് അതുപയോഗിച്ച്, പുസ്തകം ലഭ്യമായ ഒരു കട അദ്ദേഹം കണ്ടെത്തുന്നു. കടക്കാരൻ ആരാണ് സംസാരിക്കുന്നതെന്ന് എന്ന് ചോദിക്കുമ്പോൾ, പുസ്തകം കണ്ടെത്തിയ സന്തോഷത്തോടെ വൃദ്ധൻ മറുപടി പറയുന്നു 'എന്റെ പേരോ? ഓ, അത് ജെ.ആർ. ഹാർട്ട്ലി.’

ഈ പരസ്യം ടെലിവിഷൻ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. താമസിയാതെ പുസ്തകശാലകളിലും ലൈബ്രറികളിലും ജെ. ആർ. ഹാർട്ട്ലിയുടെ 'ഫ്ലൈ ഫിഷിംഗ്' പുസ്തകം അന്വേഷിച്ച് ആളുകൾ എത്താൻ തുടങ്ങി. എന്നാൽ, അതൊരു പരസ്യം മാത്രമായിരുന്നു. കഥാപാത്രവും, പുസ്തകവും എല്ലാം  സാങ്കൽപ്പികമായിരുന്നു. അപ്പോഴാണ് ചൂണ്ടയിടലിൽ വിദഗ്ദ്ധനായ മൈക്കൽ റസ്സലിന് ഒരു ബുദ്ധി തോന്നിയത്. ഫ്ലൈ ഫിഷിങിനെക്കുറിച്ച് ഒരു പുസ്തകം എഴുതാനും, ജെ.ആർ. ഹാർട്ട്ലി എന്ന പേരിൽ പ്രസിദ്ധീകരിക്കാനും അദ്ദേഹം തീരുമാനിച്ചു. ഈ പുസ്തകത്തിന്റെ പരസ്യം ചെയ്തത് ജെ. ആർ. ഹാർട്ട്‌ലിയായി അഭിനയിച്ച നോർമൻ ലംസ്‌ഡൻ തന്നെയായിരുന്നു. പുസ്തകം പെട്ടെന്ന് തന്നെ ഒരു വിജയമായി. ഇതിന് എട്ട് റീപ്രിന്റുകൾ ഉണ്ടായി. 1991 -ലെ ക്രിസ്മസിൽ മാത്രം 130,000 കോപ്പികൾ വിറ്റഴിച്ച ബെസ്റ്റ് സെല്ലറായി ഇത് മാറി. 'ജെ. ആർ. ഹാർട്ട്‌ലി കാസ്റ്റ്‌സ് എഗെയ്‌ൻ: മോർ മെമ്മറീസ് ഓഫ് ആംഗ്ലിംഗ് ഡേയ്‌സ്' എന്ന പേരിൽ ഒരു തുടർച്ചയും ഇതിനുണ്ടായി. അതും ആളുകൾക്ക് ഇഷ്ടപ്പെട്ടു.

അവിസ്മരണീയമായ ഈ പരസ്യം, ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നില്ലെങ്കിലും, ബ്രിട്ടീഷ് കാഴ്ചക്കാർക്ക് അത് ഇന്നും പ്രിയങ്കരമാണ്. 2018 -ൽ മാർക്കറ്റിംഗ് വീക്ക് നടത്തിയ ഒരു വോട്ടെടുപ്പിൽ, 1980 -കളിലെ ഏറ്റവും മികച്ച പരസ്യമായി കാഴ്ചക്കാർ തിരഞ്ഞെടുത്തത് ഇതിനെയാണ്. ബ്രിട്ടനിലെ 2000 -ലെ ഏറ്റവും മികച്ച ടിവി പരസ്യങ്ങളുടെ വോട്ടെടുപ്പിൽ ആദ്യ 15 -ലേക്ക് ഈ പരസ്യം തിരഞ്ഞെടുക്കപ്പെട്ടു.

Follow Us:
Download App:
  • android
  • ios