Asianet News MalayalamAsianet News Malayalam

ദേശത്തെക്കുറിച്ചുള്ള എഴുതാപ്പുറമെഴുതുകയാണ് ഈ 'ജഡകാമന'; എം. ബിജു ശങ്കറിന്‍റെ പുസ്‍തകത്തിന്‍റെ വായന

പുസ്‍തകപ്പുഴയില്‍ എം. ബിജു ശങ്കറിന്‍റെ 'ജഡകാമന' വായനാനുഭവം. വി. ജെ തോമസ് എഴുതുന്നു

book review jadakamana
Author
Thiruvananthapuram, First Published Jul 5, 2020, 2:39 PM IST

കിഴുക്കാംതൂക്കിലേക്കു ചെന്നുചാടിച്ചാകുന്ന പന്നിക്കൂട്ടങ്ങൾ വിഹരിക്കുന്ന നോവലിലെ വരാഹൻ എന്ന കേന്ദ്രകഥാപാത്രത്തിന്‍റെ സൃഷ്‍ടിയും നാമകരണവും യാദൃശ്ചികമല്ല. അവതാരകഥയിലെ, ആദിയും വേരും അയാളിൽ വിളക്കിചേർത്തതും വെറുതെയല്ല. അയാളുടെ ലക്ഷ്യം മനോഭാവം പെരുമാറ്റം എന്നിവയിലൂടെ അതു സ്വയം ചീർക്കുന്നു. വിവേകം തരിശുഭൂമിയായിത്തീർന്ന മസ്‍തിഷ്‍കത്തിലെ മോർട്ടർ കോർട്ടെക്‌സിൽ ഡിജിറ്റൽ സർക്യൂട്ടുകളുടെ ഞാറുകൾ നട്ടുപിടിപ്പിച്ചു.

book review jadakamana

പൂർണ -ഉറൂബ് നോവൽ പുരസ്‌കാരമത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട എം. ബിജു ശങ്കറിന്‍റെ 'ജഡകാമന' ദേശത്തെക്കുറിച്ചുള്ള എഴുതാപ്പുറമെഴുതുന്നത് കാലത്തെക്കുറിച്ചുള്ള പൊറുതികേടിൽനിന്നാണ്. ഊറ്റിൽനിന്നുള്ള, ഈ പിടച്ചിലാണ്, തിന്നുനിറഞ്ഞ തൃപ്‍തിയുടെ ഇടങ്ങൾ വിട്ടിറങ്ങാൻ, ഒരാളെ ഭാഷയിലേക്ക് പ്രേരിപ്പിക്കുന്നത്, നിരന്തരം നയിക്കുന്നത്. അത്തരക്കാർ ഭാഷകൊണ്ടു നേരത്തെ പിടിച്ചടക്കാനുള്ള ശ്രമമാക്കിമാറ്റുന്നു എഴുത്ത്. അതുകൊണ്ടാണ് സ്വന്തം രാഷ്ട്രീയ കക്ഷിയുമായുള്ള ആത്മബന്ധം കഥപറച്ചിലിനിടയിൽക്കടന്നുവന്നു എന്ന് ബിജുശങ്കർ 'ചുവപ്പ്കടൽ' എന്ന ആദ്യനോവലിന്‍റെ ആമുഖത്തിൽ കുറിച്ചിട്ടത്. 

ഒരേസമയം ചരിത്രത്തിലേക്കും ഭാവിയിലേക്കും ശ്രദ്ധവെക്കുന്ന ഒരു കണ്ണാടി അയാളുടെ എഴുത്തിനുപിറകിലെ ഓഹരിയാകുന്നു. അതിൽ പതിയുന്നതെല്ലാം കലയിൽ അവതരിപ്പിക്കുന്നില്ല ആർജ്ജവമുള്ള പ്രതിഭയുടെ ഉരകല്ല്. സമകാലികതയെ സാർവകാലികതയിലേക്കു സ്വയം പരിവർത്തിക്കുന്നവയെ മാത്രം, വാക്കിന്റെ വർഗ്ഗബോധം നിറവേറ്റുന്നവയെമാത്രം അത് ഏറ്റെടുക്കുന്നു. വിഷയം മുതൽ രൂപഘടനവരെ, കണിശമായ ഭാഷാപ്രയോഗങ്ങളാൽ പരിപാലിച്ചെടുക്കുന്ന ഉപാധിരഹിതമായ ഉത്തരവാദിത്തവും ആണത്. അയാളുടെ മുടക്കുമുതലായ സത്യസന്ധതയുടെ  കരുത്തും അതുതന്നെ. 

അന്തകവിത്തുകൾ നൂറ്റാണ്ടുകളായി വെറുപ്പിന്റെയും പകയുടെയും പുലങ്ങളിൽ വിതച്ചു, വേർതിരിവും വിപരീതങ്ങളും കടുംകൃഷി ചെയ്തുപോന്നവർ, എറ്റവും ഉചിതസന്ദർഭങ്ങളിൽ കവാത്തിനിറങ്ങുക സ്വാഭാവികം. സകല വിജ്ഞാന വീഥികളും തങ്ങൾക്കനുകൂലമായി വികസിപ്പിച്ചെടുത്ത, തൽക്കാല മനുഷ്യരുടെ, ജഡകാമനകളാൽ പ്രോഗ്രാം ചെയ്യപ്പെട്ട, കുരുതിക്കളമായിത്തീർന്ന ദേശമാണ്, നേരമാണ്, കാലമാണ് കഥയുടെ പ്രശ്‍നപരിസരം. 

'വേദാരംഭം' കടന്നെത്തിയ വരാഹനടക്കം കുട്ടികൾ ആരോഗ്യദൃഢഗാത്രരും വിരിഞ്ഞ നെഞ്ചുള്ളവരുമായിവളർന്നു. സാമർഥ്യത്തിന്‍റെയും ധൈര്യത്തിന്‍റെയും അടയാളമായി അവർ ആയുധം സ്വീകരിച്ചു. അവർക്കരികിൽ ആയുധാഭ്യാസത്തിന് കണ്ണിൽ എണ്ണയൊഴിച്ച വിളക്കെരിഞ്ഞു, ഗുരുവിനു മുന്നിൽ, വിരിച്ച ചെമ്പട്ടിൽ, ഇരുപത്തിമൂന്നോളം ആയുധങ്ങൾ നിരത്തിവെച്ചിരിക്കുന്നു. അവയുടെ അവാന്തര വിഭാഗങ്ങൾ വേറെയും. നിരന്തരം പരീശീലനം കൊള്ളുന്ന മെയ്‍വഴക്കത്തിനു മുന്നിൽ അവയെല്ലാം ഇണങ്ങിനിന്നു. വടികഴിഞ്ഞു, മൂർച്ചയുള്ള വാളുകൾ രക്തം കുടിക്കുന്നതവർ ഭാവനചെയ്‌തു. മിന്നൽവേഗത്തിൽ പുളഞ്ഞുകൊത്തുവാൻ ഉറുമി വെമ്പി. ചോരയിറ്റിറ്റുവീഴുന്ന കത്തികൾ മിന്നി, ചുരികയും ഉറുമിയും അങ്കമഴുവും എളാങ്കും മുറുകിയാടി. പേശികളെ വകഞ്ഞ് എല്ലുകളെ തഴുകി, ആന്തരികാവയവങ്ങളെ തകർത്തുകളയുന്നതും ഒരിക്കലും തുന്നിച്ചേർക്കാൻ കഴിയാത്തവണ്ണം മുറിവുകളുണ്ടാക്കുന്നവിധവും കണ്ണിറുക്കിക്കൊണ്ട് ഗുരു വിവരിച്ചു. മൃതിപൊട്ടിയൊഴുകുന്ന രുധിരപ്രവാഹത്തിൽ, സ്‍നാതരാകാൻ വെമ്പുന്നവർക്കുമുന്നിൽ, കനലുകാച്ചിയ മൂർച്ചയിൽ വിഷം തേക്കേണ്ട വിധവും തെളിവായി പകർന്നു. കൊത്തിപ്പിളർന്ന ദേഹത്തിൽ, നവദ്വാരങ്ങൾ കെട്ടുപോകുന്നതും അന്ത്യശ്വാസത്തിന്‍റെ പുകച്ചുരുൾ പിരിഞ്ഞുയരുന്നതും കണ്ടുംകേട്ടും കുട്ടികൾ കുതികൊണ്ടു. കൊയിത്തുത്സവത്തിനുശേഷം വിരിയുന്ന, നാളെയിലേക്കവർ ഇന്നേവിടർന്നു.

ആരാണ് ശത്രു? തുടക്കം മുതൽ നുകർന്ന കപട ദേശീയതയുടെ പാലിനടിയിൽ, ഇന്ന് ആ മൂന്നുപേരുകൂടി തെളിഞ്ഞുകിട്ടി. മരണപര്യന്തം പകയുടെ പരകോടിയിൽ അവർ ഒമ്പതുപേരും  ഉത്സുകരായി. കിഴക്കുംപടിഞ്ഞാറും തെക്കുംവടക്കും അതിനു വയലൊരുങ്ങിക്കഴിഞ്ഞിരുന്നു. പല പേരിലും രൂപത്തിലും പകർന്നാടുകയാൽ, ഒരിടത്തും വിത്തുവെറുതെയിരുന്നില്ല. എല്ലാവരിലും അത് മുപ്പതും അറുപതും നൂറും മേനിവിളയാൻ പാകത്തിൽ വേരാഴ്ത്തി. അതിലേക്കോ അതിനായോ ഓരോ മനുഷ്യനും പുറമേ സമാധാനം ഭാവിച്ചു. ആർത്തിയോടെയുള്ളിൽ തിടുക്കപ്പെട്ടു. അപരൻ തനിക്കു നരകമെന്നതിന് അവരുടെ പുസ്‍തകങ്ങളിൽ ആയിരം തെളിവുണ്ട്. അവയോരോന്നും ചരിത്രപരമായി വേരോട്ടമുള്ളതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാകയൽ, പ്രാർത്ഥന കഴിഞ്ഞരിഞ്ഞുതള്ളുന്നതെല്ലാം പുണ്യമായി, ദൈവപ്രിയമായി, ദേവതാഹിതമായി. എന്നാൽ, ഒരിക്കലും മറ്റുമനുഷ്യരുടെ, അവകാശം, ആകാശം, ഭൂമി, ജലം, വിശപ്പ്, വസ്ത്രം, പാർപ്പിടം, ദാരിദ്ര്യം, 
തൊഴിലില്ലായ്‍മ ഒന്നും അവരെ അലട്ടുന്നില്ല. എന്നാലും, അതിനാവശ്യമുള്ളതിലധികം ധനവും ആയുധങ്ങളും പകൽവെളിച്ചത്തിൽത്തന്നെ എല്ലാവഴികളിലും എവിടെയും ഒഴുകിയെത്തി. അങ്ങനെ വിജ്ഞാനം മൂലം പരസ്‍പരം ദ്വേഷിക്കുന്നവരായി, കുരുതി അസ്‍തമിക്കാതായി.

കിഴുക്കാംതൂക്കിലേക്കു ചെന്നുചാടിച്ചാകുന്ന പന്നിക്കൂട്ടങ്ങൾ വിഹരിക്കുന്ന നോവലിലെ വരാഹൻ എന്ന കേന്ദ്രകഥാപാത്രത്തിന്‍റെ സൃഷ്‍ടിയും നാമകരണവും യാദൃശ്ചികമല്ല. അവതാരകഥയിലെ, ആദിയും വേരും അയാളിൽ വിളക്കിചേർത്തതും വെറുതെയല്ല. അയാളുടെ ലക്ഷ്യം മനോഭാവം പെരുമാറ്റം എന്നിവയിലൂടെ അതു സ്വയം ചീർക്കുന്നു. വിവേകം തരിശുഭൂമിയായിത്തീർന്ന മസ്‍തിഷ്‍കത്തിലെ മോർട്ടർ കോർട്ടെക്‌സിൽ ഡിജിറ്റൽ സർക്യൂട്ടുകളുടെ ഞാറുകൾ നട്ടുപിടിപ്പിച്ചു. നാഡികോശങ്ങളും മൈക്രോപ്രോസസ്സറുകളും ഒന്നായ മസ്‍തിഷ്ക്കത്തിൽ, യന്ത്രസമന്വയങ്ങളുടെ തുടിപ്പുകൾ ദൃശ്യമായി. തലച്ചോറിൽ യന്ത്രം കൂട്ടിയിണക്കിയ വിദ്യ വിജയിച്ച വരാഹൻ, സൈബോർഗ്ഗായി പരിവർത്തിക്കപ്പെട്ടു. ദുരയുടെയും കൊടും പകയുടെയും ന്യൂറോണിൽനിന്നുവരുന്ന, സംജ്ഞാതരംഗങ്ങൾക്കായി, ഭൂമിയിലെവിടെയും സദാസജ്ജമായി അവരനേകരായി, അവരല്ലാത്തവരാരുമില്ലെന്നായി.

ദീർഘവീക്ഷണമില്ലാത്തവരും അൽപവിഭവന്മാരുമായ എല്ലാ ഏകാധിപതികള്‍ക്കും അത്തരം മനുഷ്യവിരുദ്ധമായ പ്രസ്ഥാനങ്ങൾക്കും കാലം കരുതിവെക്കുന്ന ഭയങ്കരമായ വീഴ്‍ചയാണ് അയാള്‍ക്കും വരാന്‍ പോകുന്നത്... എന്നിട്ടും, കാലദേശങ്ങൾകടന്ന് പിന്നെയും അവരവതരിക്കുന്നു. വീഴ്ച്ചയുടെ ഉപ്പുതൂണുകളായി, ചാവുകടൽക്കരയിൽ പട്ടുനിൽക്കുന്നു. അപ്പോഴും ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യവർഗത്തെ പുനഃപ്രതിഷ്ഠിച്ചാണ് കൃതിയടയുന്നത്. 

ചരിത്രവും യാഥാർഥ്യവും തലകീഴ്‍മറിക്കപ്പെട്ടു, വൈരംമാത്രം നിന്നുകത്തുന്ന സത്യാനന്തരകാലത്ത്, സത്യത്തെയും യാഥാർഥ്യത്തെയും തിരിച്ചുപിടിക്കുകയാണ് കലയുടെ ഒരു ധർമ്മം. സൗന്ദര്യപക്ഷത്തേക്ക് വെറുതെ ചായാനായുന്ന അലുക്കുകളെ അത് കുടഞ്ഞുകളയുന്നു. പ്രൊക്രസ്റ്റസിന്റെ കട്ടിലിനുപാകമായാവർക്കുമാത്രം ഇടം കിട്ടാനിടയുള്ള ഭൂമിയും ആകാശവും മനുഷ്യനും നോവലിനു ഭൂമികയാകുന്നത് അങ്ങനെയാണ്. 

ശാന്തമായ ജലാശയത്തിലേക്കുകയറിവന്ന വേദനയുടെ കൊച്ചോളങ്ങൾ, അതിന്‍റെ ആധിക്യം അടിവയറ്റിൽ അരിച്ചുകയറുന്നു. അസ്ഥികളെല്ലാം നുറുങ്ങുംവിധമുള്ള ഇരമ്പൽ. ഓരോ തിരയും തലതല്ലിപ്പിരിഞ്ഞ ആശ്വാസത്തിന്റെ ഇടവേളയിൽകേട്ടു, ആൺകുഞ്ഞാണ്. പൊക്കിൾകൊടി മുറിഞ്ഞ് നിലക്കാത്ത പ്രാണന്‍റെ  കുത്തൊഴുക്കിൽ അവൾ നിലച്ചു. നീലിച്ചു. ജീവന്റെ പ്രത്യാശയും മൃതിയുടെ ഏകാന്തഭീകരതയും കയ്യൊതുക്കത്തോടെ ബിജു ശങ്കറിന്റെ  വിരലുകളിൽനിന്നു വാർന്നുവീഴുന്നു. 

പാത്രസൃഷ്ടിക്കനുഗുണമായ ഭാഷയുടെ അപൂർവശോഭയും ശക്തിയും സമൂലം ഫലിച്ചിരിക്കുന്നു കൃതിയിൽ. സൂക്ഷ്‍മസ്വാഭാവങ്ങൾ അകമേനിന്നു പ്രകാശിപ്പിക്കുന്ന മനോനിലകളുടെ വിവരണങ്ങൾ, അവയെ ഇരട്ടിക്കരുത്തുള്ളതാക്കിമാറ്റുന്ന ചുറ്റുംപാടുകളും ഭൂപരിസര വിശദീകരണങ്ങളും, അനുക്രമമായി വികസിക്കുന്നു. സംഘട്ടനങ്ങൾ, അനിവാര്യമായ വിപരിണാമം, കഥപറച്ചിലിന് അനിവാര്യമാകുന്ന മുറുകിപ്പതിഞ്ഞതാളം ഇവയെല്ലാം കനമുള്ളതാക്കിയ വിഷയം, കഥാപാത്രങ്ങള്‍, അവരുടെ ആശയങ്ങളും വികാര വിചാരങ്ങളും നീക്കുപോക്കില്ലാത്ത പ്രതിഭയുടെ മൂശയിൽ കാച്ചിയെടുത്തു മൂർച്ച തിട്ടംവരുത്തുന്നു. രൂപഘടനയുടെ തികവിൽ അലകും പിടിയും ഉറപ്പിന്ന്. ചെരിവും കോണും പതവും ആയവും മൂർച്ചയും അളന്നു കൺമ്മട്ടനീട്ടം കഴിഞ്ഞു, കരുവാത്തി പറയുന്നു, "ഇങ്ങനെയക്കെത്തന്നെയല്ലെ ഒരു 'മടവാക്കത്തി' "

വിട്ടിറങ്ങുന്നവർക്കുള്ള വഴിയോ വാതിലോ മറ്റോ ആണ് വാക്ക്. എം. ബിജുശങ്കറിന്റെ 'ജഡകാമന' എന്ന നോവൽ വായനക്കുള്ള വാക്കു തരുന്നുണ്ട്. നാളികേരപാകം.

Follow Us:
Download App:
  • android
  • ios