മഴയുടെയും കാറ്റിന്റെയും പക്ഷിമൃഗാദികളുടെയും ഭാഷ സംസാരിക്കുന്ന അമ്മയുടെ കഥാപാത്രം പ്രപഞ്ചത്തിൽ കുടികൊള്ളുന്ന സ്നേഹത്തിന്റെ മാനുഷികരൂപമാണ്.

കുട്ടികൾക്കായെഴുതിയ ഒരു പുസ്തകം ബാല്യകാലത്തിലെ മനോഹരമായ ഓർമ്മകളുടെ വീണ്ടെടുപ്പുകൊണ്ട് മുതിർന്നവരുടേത് കൂടിയായിത്തീരുകയാണ്. ഒരു കുഞ്ഞുപക്ഷിയും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കൗതുകക്കാഴ്ചകളും വായനക്കാരന് ജീവിതത്തിന്റെ വിശാലമായ ദാർശനിക ലോകത്തേക്ക് പറന്നുയരാനുള്ള ചിറകുകൾ തുന്നുകയാണ്. സബാഹ് എഴുതി ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച 'ജാനകി' എന്ന നോവൽ വായനക്കാരുടെ ഹൃദയംനിറഞ്ഞ പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധനേടുകയാണ്. 

ഒരു വീടിനിള്ളിലേക്ക് ഒരു പക്ഷിക്കുഞ്ഞ് അതിഥിയായി എത്തുന്നതും വീട്ടുകാർ അതിനെ പരിലാളിക്കുന്നതുമായ സാധാരണ കഥാപരിസരത്തെ പ്രകൃതിസ്നേഹത്തിന്റെ അനിവാര്യമായ കോണിൽ നിന്ന് നിരീക്ഷിക്കുമ്പോൾ നാം കാണുന്നത് അനുപമമായ കാരുണ്യത്തെയും സ്നേഹത്തെയും മാത്രമല്ല പുതിയകാലത്ത് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സകലവിധ മാനവിക മൂല്യങ്ങളെയുമാണ്. പ്രകൃതിയും മനുഷ്യരും ഒന്നിച്ചു സഞ്ചരിക്കുന്ന ഈ കഥായാത്ര  'ഒരു ജാതി ഒരു മതം ഒരു ദൈവം ജീവജാലങ്ങൾക്ക് ' എന്ന വെളിച്ചപ്പെടലിലേക്കാണ് ചെന്നെത്തുന്നത്. 

മജീഷ്യൻ തൊപ്പിക്കുള്ളിൽനിന്ന് പ്രാവുകളെ പറത്തി വിസ്മയപ്പെടുത്തും പോലെയാണ് ഓരോ കഥാസന്ദർഭങ്ങളിൽ വച്ചും ജാനകി എന്ന അതിശയത്തിന്റെ പറവ അവളുടെ വിവരണാതീതമായ കുസൃതിത്തരം കൊണ്ട് വായനക്കാരെ രസിപ്പിക്കുന്നത്. ആ രസച്ചരടിൽ ജാനകി കുടുക്കിയെടുക്കുന്നത് അവളുടെ കൂട്ടുകാരായ കുട്ടപ്പനെയും കിങ്ങിണിയെയും അവരുടെ അമ്മയെയും അച്ഛനെയും മുത്തശ്ശിയെയും  മാത്രമല്ല, എല്ലാ വായനക്കാരെയുമാണ്. മഴയുടെയും കാറ്റിന്റെയും പക്ഷിമൃഗാദികളുടെയും ഭാഷ സംസാരിക്കുന്ന അമ്മയുടെ കഥാപാത്രം പ്രപഞ്ചത്തിൽ കുടികൊള്ളുന്ന സ്നേഹത്തിന്റെ മാനുഷികരൂപമാണ്. ചുറ്റിലുമുള്ള ജീവജാലങ്ങളോട് സാധാരണ മനുഷ്യരോടെന്നപോലെ അമ്മ സംസാരിക്കുന്നത് കണ്ട് അതിശയപ്പെടുന്ന മകനോട് അവർ പറയുന്നത് 'പ്രകൃതിയുടെ പിന്നാലെ കൂടിയാൽ അത് നമ്മളോട് സാവധാനത്തിൽ സംസാരിച്ച് തുടങ്ങുമെന്നും പ്രകൃതിയുമായുള്ള സൗഹൃദം കൊണ്ട് മാത്രമേ ആ ഭാഷ പൂർണ്ണമായും പഠിച്ചെടുക്കാൻ കഴിയുകയുള്ളൂ' എന്നുമാണ്. 

മനുഷ്യസ്നേഹമെന്നാൽ മനുഷ്യനോടുള്ള സ്നേഹം മാത്രമല്ല ചുറ്റിലുമുള്ള ജീവജാലങ്ങളോടുള്ള സ്നേഹം കൂടിയാണ് എന്ന് മുത്തശ്ശി ചിന്തിക്കുന്നതും നമുക്കീ കഥയിൽ കാണാനാകും. ഉള്ളുലയ്ക്കുന്ന കഥാസന്ദർഭങ്ങൾ കൊണ്ട് മജീദ് മജീദിയുടെ സിനിമകളോടും കഥാപരിസരത്തിന്റെ പരിചിതത്തം കൊണ്ട് നന്ദനാരുടെ ' ഉണ്ണിക്കുട്ടന്റെ ലോകം'  എന്ന നോവലിനോടും ഇതിനകംതന്നെ ചേര്‍ത്തുവയ്ക്കാവുന്നതാണ് ഈ പുസ്‍തകം. 

പുസ്‍തകപ്പുഴയിലെ മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം.