Asianet News MalayalamAsianet News Malayalam

Malayalam Book Review : ആരാച്ചാര്‍ മനസ്സിലേക്കിട്ട കുരുക്ക്, ഒരു വായനക്കാരി സഞ്ചരിച്ച ദൂരങ്ങള്‍

പുസ്തകപ്പുഴയില്‍ ഇന്ന് കെ ആര്‍ മീര എഴുതിയ ആരാച്ചാര്‍ എന്ന നോവലിന്റെ വായന. ശരണ്യ മുകുന്ദന്‍ എഴുതുന്നു
 

Book review KR meeras Arachar by Saranya Mukundan
Author
Thiruvananthapuram, First Published Jun 18, 2022, 4:42 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

 

Book review KR meeras Arachar by Saranya Mukundan

കെ ആര്‍ മീര

 

ക്യാമ്പസ് ലൈബ്രറിയില്‍ നിന്നും ആ കുരുക്ക് വീണത് ആദ്യം എന്റെ കണ്ണുകളിലേക്കായിരുന്നു, പിന്നീട് അത് വിരലുകളിലും മുറുകി. പലരുടെയും വാക്കുകള്‍ക്കിടയിലൂടെ തീക്ഷ്ണമായ ആ വായനാനുഭവത്തെ കേട്ടറിഞ്ഞിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാരെ വായിക്കാനുള്ള പ്രചോദനം അവിടെ നിന്നായിരുന്നു.

മറ്റൊരു പുസ്തകത്തിനായ് ലൈബ്രറിയിലേക്ക് പോയ ഞാന്‍ മടങ്ങിയത് കണ്ണുകളിലും കൈകളിലും അഴിച്ചെടുക്കാന്‍ കഴിയാത്തവിധം കുരുക്കിട്ട ആരാച്ചാരുമായായിരുന്നു. തീവ്രമായ ആശയങ്ങള്‍ പങ്കു വയ്ക്കുന്ന പുസ്തകം എന്ന മുന്‍ ധാരണ ആദ്യമേ മനസ്സിലുണ്ടായിരുന്നു. എവിടെയൊക്കെയോ വായിച്ചറിഞ്ഞ കഥാശകലങ്ങളും കേട്ടറിവുകളും അതിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഒന്നിനെയും മുന്‍ധാരണയോടെ സമീപിക്കരുതെന്ന് പൊതുവെ പറയാറുണ്ട്, എന്നാലും വായനയില്‍ ഒരിക്കല്‍ പോലും എന്റെ ധാരണയ്ക്കു ഭംഗം സംഭവിച്ചിരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. തീവ്രമാണ് ആശയം, വായനക്കാരനെ പൂര്‍ണമായും പിടിച്ചുലയ്ക്കുന്നത്ര തീവ്രം.

കൊല്‍ക്കത്ത ഇതുവരെ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. ടിവിയില്‍ കണ്ടിട്ടുണ്ട്, എഴുത്തുകളിലൂടെ കണ്ടിട്ടുണ്ട്, പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയും മനസിലൊരു കൊല്‍ക്കത്ത വരച്ചിട്ടിട്ടുണ്ട്. പക്ഷേ സാംസ്‌കാരികപരവും ചരിത്രപരവുമായ കൊല്‍ക്കത്തന്‍ സവിശേഷതകള്‍ പൂര്‍ണമായും ആവാഹനം ചെയ്തുകൊണ്ടൊരു കാഴ്ച, അതിലൂന്നിയൊരു സൃഷ്ടി ഇതാദ്യമായാണ് എന്റെ അനുഭവത്തില്‍.

നീംതലാഘട്ടും, കൊല്‍ക്കത്ത തെരുവോരങ്ങളും, അങ്ങനെ നോവലില്‍ പ്രതിപാദിക്കുന്ന ഓരോ ഇടവുംവായനക്കാരന് നേരിട്ട് കാണിച്ചുകൊടുക്കുന്ന വിധമുള്ള എഴുത്താണ് ഈ പുസ്തകത്തില്‍. അത്ര മേല്‍ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു ഓരോന്നും ആ എഴുത്തില്‍.

ഓരോ വായനയും ഓരോ സഞ്ചാരമാണ്. വായന പൂര്‍ണമാവുംവരെ മറ്റൊരു ജീവിതത്തിലൂടെ, അവരുടെ സുഖ-ദുഃഖങ്ങളിലൂടെ നമ്മളും സഞ്ചരിക്കുന്നു. ചിലപ്പോള്‍ അവരെ നമ്മളില്‍ തന്നെ കാണ്ടെത്തുന്നു. എങ്കിലിവിടെ എഴുത്തുകാരി നമുക്ക് തുറന്നു തരുന്നത് ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല, അതിനോട് ബന്ധപ്പെട്ട മറ്റനേകം ജീവിതങ്ങളും, ചരിത്രങ്ങളും,വ്യത്യസ്തമായ വഴികളുമാണ്.

ആരാച്ചാരെ വായിക്കുക എന്നാല്‍ നോവലിന്റെ മറ്റൊരു തലംവായിക്കുക എന്ന ചിന്ത മനസ്സില്‍ മുറുകുന്നു. ഒരായിരം കഥകള്‍, സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍, തുടങ്ങിയവ നമ്മെ പരിചയപ്പെടുത്തുന്നു എഴുത്തുകാരി.

ആരാച്ചാര്‍ അടയാളപ്പെടുത്തിയ മറ്റൊരു സവിശേഷതയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. വായിച്ച പുസ്തകങ്ങളില്‍ നിന്നൊക്കെ ആരാച്ചാരെ വേര്‍തിരിക്കുന്നതില്‍ അതിനുമുണ്ടൊരു പങ്ക്. വായനക്കാരന്റെ പൂര്‍ണ ശ്രദ്ധ പിടിച്ചു നിര്‍ത്തുന്ന രചനാവൈഭവം, സവിശേഷമായ കഥാഗതികള്‍ എന്നിവആരാച്ചാര്‍ വായനക്കാരില്‍ തീക്ഷ്ണമായ വായനയുടെ കുരുക്കിടുന്നുണ്ട്.

ചേതനയെ ഏറെ ഇഷ്ടപ്പെട്ടുപോകുന്നു, അവളുണ്ടാക്കാറുള്ള കുരുക്കുകളെയും. ധാക്കുമാ പറഞ്ഞറിഞ്ഞ കുടുംബചരിത്രം പാടി നടന്നൊരു കുട്ടിയില്‍ നിന്ന് ലോകത്തിന് തന്നെ മാതൃകയാകുന്ന സ്ത്രീ കഥാപാത്രമായുള്ള ചേതനയുടെ പരിണാമത്തിന്റെ ഓരോ ഘട്ടവും നേരില്‍ കണ്ട പ്രതീതിയാണ്. അവള്‍ക്ക് ചുറ്റുമുള്ളവരൊക്കെ അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് ഫണിഭൂഷന്‍ ഗൃദ്ധ മാലിക് എന്ന 451 പേരെക്കൊന്ന ആരാച്ചാരും, ചരിത്രം മനസില്‍ ഉറപ്പിച്ചുനല്‍കിയ ധാക്കുമായും, രാമുദായുടെ ദയനീയാവസ്ഥയും, മായും, ചേതനയെ മാനസപുത്രിയായി കാണുന്ന മാനൊബേന്ദ്രബോസും, അവളെ ആക്രമിക്കാനൊരുങ്ങിയ മാരുതി പ്രസാദുമൊക്കെ യഥാര്‍ത്ഥത്തില്‍ ചേതനയിലെ ഉരുക്കുവനിതയെ പുറത്തുകൊണ്ടുവരികയായിരുന്നു. പ്രണയം പൊയ്മുഖമാക്കിക്കൊണ്ട് ചാനല്‍ റേറ്റിങ്ങിനുള്ള ഉപാധിയായി മാത്രം ചേതനയെ കണ്ട സഞ്ജീവ് കുമാര്‍ മിത്രയ്ക്കുമുണ്ട് അതിലേറിയ പങ്കും. തന്റെ മോശം സ്വഭാവം മുഴുവന്‍ ചേതനയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ കപടകാമുകന്‍. വായനയിലെവിടെയൊക്കെയോ അതിയായി ആഗ്രഹിച്ചുപോയിരുന്നു അവളിലെ ആത്മാര്‍ഥമായ സ്‌നേഹം അവനിലും ഉണ്ടായിരുന്നെങ്കിലെന്ന്.
ഒരു സ്ത്രീയുടെ മനസും അതിലുണ്ടാവുന്ന അവള്‍ക്കുമാത്രം അറിയാവുന്ന മാനസിക സംഘര്‍ഷങ്ങളും അതേപടി വരച്ചിട്ടിട്ടുണ്ട് എഴുത്തുകാരി. അനിശ്ചിതത്വം നിറഞ്ഞ യതീന്ദ്ര നാഥിന്റെ മരണവും അതിനേക്കാള്‍ അനിശ്ചിതത്വം നിറഞ്ഞൊരു പ്രണയവുമാണ് നോവലിലെ മുഖ്യ പ്രമേയങ്ങളായി മനസിലാക്കിയത്. രണ്ടിലുമുള്ള അനിശ്ചിതത്വം മാറിക്കിട്ടണമെന്ന് വായനയിലുടനീളം ആഗ്രഹിച്ചിരുന്നു.

മരണത്തെ ജീവിതത്തിലെ അനിവാര്യമായ ഒരേട് എന്ന നിലയില്‍ മാത്രം പ്രതിഫലിപ്പിക്കാന്‍ ആരാച്ചാരിന് പൂര്‍ണമായും സാധിച്ചിട്ടുണ്ട്. മറ്റൊരര്‍ഥത്തില്‍ പറയുകയാണെങ്കില്‍ ധാക്കുമായും ഫണിഭൂഷന്‍ ഗൃദ്ധാ മാലിക്കുംഅവരുടെ കുടുംബചരിത്രവും സംവദിക്കുന്നത് അതുതന്നെയാണ്.
പാരമ്പര്യത്തെയും സംസ്‌കാരത്തെയും നിധിയായി കാണുന്ന അതിന്റെ വേരുകളൊന്നും അറ്റുപോകാതെ കൊച്ചുമകളിലേക്കും പകര്‍ന്നുനല്‍കുന്ന ധാക്കുമാ എവിടെയൊക്കെയോ എന്റെ അമ്മമ്മയെ ഓര്‍മ്മിപ്പിച്ചു, വിളിച്ചിരുത്തി പറഞ്ഞു തരാറുള്ള കുടുംബപുരാണങ്ങളും. മനോബലമുള്ള, വ്യക്തിത്വമുള്ള അനേകം സ്ത്രീകളെ തന്റെ തൂലികയിലൂടെ നേരിട്ട് കാണിച്ചുതരുന്നുണ്ട് എഴുത്തുകാരി. 

ആരാച്ചാര്‍ നല്‍കിയ വായനാനുഭവത്തെ പൂര്‍ണമായി എഴുതിത്തീര്‍ക്കുക ബുദ്ധിമുട്ടാണ്. എന്തെന്നാല്‍ വാക്കുകളില്‍ പ്രതിഫലിപ്പിക്കാനാവാത്ത ചിലത് മനസില്‍ അവശേഷിക്കും. അത് ആ എഴുത്തിന്റെ പ്രത്യേകതയാണ്, സംവദിക്കുന്ന ആശയത്തിന്റെ പ്രത്യേകതയാണ്. വീണ്ടും വീണ്ടും ആരാച്ചാര്‍ എന്നില്‍ കുരുക്കിടുന്നു, പുനര്‍ വായനയ്ക്കായി. 


 

Follow Us:
Download App:
  • android
  • ios