Asianet News MalayalamAsianet News Malayalam

പൊലീസിന്റെ മുള്ളന്‍പന്നി മോഷണവും ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും

മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ മനുഷ്യപ്പറ്റിന്റെ അധ്യായം എഴുതിച്ചേര്‍ത്തകെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് 22 വര്‍ഷങ്ങള്‍., ഏഷ്യാനെറ്റ് ന്യൂസ് ലേഖകനായിരുന്ന  കെ ജയചന്ദ്രന്റെ മാധ്യമപ്രവര്‍ത്തനത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന 'കെ ജയചന്ദ്രന്‍' എന്ന പുസ്തകത്തെക്കുറിച്ച് കെ. വി മധു എഴുതുന്നു  

Books K Jayachandran tribute to legendary malayalam journalist
Author
thiruvananthapuram, First Published Nov 24, 2020, 3:35 PM IST

പിറ്റേന്ന് ദുരന്തത്തിന്റെ ഹൃദയഭേദകമായ കഥകള്‍ക്കൊപ്പം നാടിനെ ഇളക്കിമറിച്ചത് മുള്ളന്‍ പന്നി സ്‌റ്റോറി ആയിരുന്നു. ജയചന്ദ്രനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തിരുത്ത് കൊടുക്കാന്‍ അവര്‍ ഭീഷണിപ്പെടുത്തി. സകല അടവുകളും പരാജയപ്പെട്ട പോലീസ് ഒടുക്കം  നിരന്തര'ശല്യ'മായി തീര്‍ന്ന ജയചന്ദ്രനെ 'പിടിച്ച് അകത്തി'ടുന്നതുവരെയെത്തി കാര്യങ്ങള്‍. അകത്തിട്ടാല്‍ അടങ്ങുന്നവനല്ലല്ലോ ജയചന്ദ്രന്‍. വീണ്ടും വീണ്ടും ആദിവാസി സ്റ്റോറികള്‍ വയനാട്ടില്‍ നിന്ന് വന്നുകൊണ്ടേയിരുന്നു.

 

Books K Jayachandran tribute to legendary malayalam journalist

 

'വയനാട് ആദിവാസി ജീവിതത്തെ സംബന്ധിക്കുന്ന ഒരടിയന്തര വാര്‍ത്തയെടുക്കുന്നതിനായി ക്യാമറാമാന്‍ രമേശുമൊത്ത് ജയചന്ദ്രന്‍.
ഷൂട്ടിംഗിനിടയില്‍ കാസറ്റ് തീര്‍ന്ന വിവരം രമേശ് ഓര്‍മിപ്പിക്കുന്നു. ജയന്‍ അസ്വസ്ഥനാകുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ അതിഥി പരിപാടിക്കായി ചിത്രീകരിച്ച യുവകഥാകൃത്തിന്റെ അഭിമുഖമുള്ള കാസറ്റ് മാത്രമേ കൈവശമുള്ളൂ എന്ന് രമേശ്.

ജയന്‍ പൊടുന്നനെ ഉഷാറാകുന്നു. പിന്നെ അട്ടഹസിക്കുന്നു.

''ഇറെയ്സ് ഇറ്റ്''  (മായ്ക്കെടോ അത്).

രമേശന്‍ ഒട്ടുംവൈകിയില്ല.

അങ്ങനെ അഭിനവ യുവകഥാകൃത്തിന്റെ ആത്മപ്രശംസയ്ക്ക് മേല്‍ ആദിവാസികളുടെ ദൈന്യം പതിയുകയായി.''

(ജോയ് മാത്യു, കെ ജയചന്ദ്രന്‍)

എന്താണ് മായ്ച്ചുകളയേണ്ടത്, എന്താണ് അടയാളപ്പെടുത്തേണ്ടത് എന്നറിയാമായിരുന്ന ആളായിരുന്നു കെ ജയചന്ദ്രന്‍ എന്ന കേരളത്തിന്റെ മനസ്സറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍. കെ ജയചന്ദ്രന്റെ ചരമവാര്‍ഷിക ദിനത്തില്‍ മുന്നിലിരിക്കുന്നത് 'കെ ജയചന്ദ്രന്‍' എന്ന തലക്കെട്ടോടെ പുസ്തകപ്രസാധക സംഘം പ്രസിദ്ധീകരിച്ച പുസ്തകമാണ്. കെ ജയചന്ദ്രന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന രത്നാകരന്‍ മാങ്ങാട് എഡിറ്റുചെയ്ത പുസ്തകം വസ്തുതാന്വേഷിയായ ഒരു മനുഷ്യസ്നേഹിയുടെയും ആത്മാര്‍പ്പണത്തോടെ വാര്‍ത്തകള്‍ക്ക് പിന്നാലെയലഞ്ഞ മാധ്യമപ്രവര്‍ത്തകന്റെയും ജീവിതത്തെ പുസ്തകരൂപത്തില്‍ പുനരാവിഷ്‌കരിക്കുകയാണ്.

ജയചന്ദ്രനുമായി അടുത്തിടപഴകിയ സ്നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മകളാണ് പുസ്തകത്തില്‍ നിറയെ. ടി എന്‍ ഗോപകുമാറും ശശികുമാറും ജേക്കബ് തോമസും  മുതലങ്ങോട്ടുള്ള മാധ്യമപ്രവര്‍ത്തകരും കെ അജിതയും എ വാസും അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരും മാങ്ങാട് രത്നാകരന്‍ മുതലുള്ള അദ്ദഹത്തിന്റെ സുഹൃത്തുക്കളും അനുഭവങ്ങള്‍ എഴുതുന്നു.  കെ ജയചന്ദ്രന്റെ സമഗ്രജീവചരിത്രപുസ്തകം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. നാനാമേഖലകളിലൂടെ അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുകയാണ് ഓരോ ലേഖനത്തിലും.

 

Books K Jayachandran tribute to legendary malayalam journalist
 

അവരവര്‍ക്ക് ആരായിരുന്നു എന്ന് രേഖപ്പെടുത്തുമ്പോള്‍ നാട്ടുകാര്‍ക്കെന്തായിരുന്നു ജയചന്ദ്രന്‍ എന്ന് കൂടി തിരിച്ചറിയാനുള്ള സന്ദര്‍ഭം കൂടി അതൊരുക്കുന്നു. കെ ജയചന്ദ്രനെ നേരിട്ടറിയാന്‍ അവസരം ലഭിക്കാതിരുന്ന ഈ ലേഖകനെ പോലുള്ള പിന്‍തലമുറയ്ക്കൊരു മുതല്‍ക്കൂട്ടാണ് ഈ അനുഭവപാരായണങ്ങള്‍. പുസ്തകത്തില്‍ ജോയ് മാത്യു എഴുതിയ 'കനലിലൊളിപ്പിച്ച പിത്തളപ്പാത്രം കണ്ടെടുത്തവന്‍' എന്ന അനുഭവക്കുറിപ്പിലെ ഒരു സംഭവമാണ് ഈ കുറിപ്പിന്റെ ആരംഭത്തില്‍ എഴുതിയത്. ജയചന്ദ്രന്‍ അങ്ങനെയായിരുന്നു. അരികുകളില്‍ നാം തള്ളിമാറ്റി നിര്‍ത്തിയിരിക്കുന്ന മനുഷ്യരുടെ രോദനങ്ങളെ കേള്‍ക്കാന്‍ കെല്‍പ്പുള്ള ചെവിയായിരുന്നു. കാണാന്‍ കെല്‍പ്പുള്ള കണ്ണായിരുന്നു. അറിയാന്‍ കെല്‍പ്പുള്ള മനസ്സായിരുന്നു. അത് ഏതെങ്കിലും ആള്‍ക്കൂട്ടമനസ്സുകള്‍ക്ക് കീഴ്പ്പെട്ടുപോകുന്നതായിരുന്നില്ല എന്ന് കെ ജയചന്ദ്രന്‍ എന്ന ഈ പുസ്തകത്തിലെ ഓരോ എഴുത്തും സാക്ഷ്യപ്പെടുത്തുന്നു.

മാതൃഭൂമി പത്രത്തില്‍ തുടങ്ങി ഏഷ്യാനെറ്റില്‍ അവസാനിച്ച ആ മാധ്യമപ്രവര്‍ത്തകന്റെ ജീവിതം ഒരു മാതൃകയായിരുന്നു. എന്ത് മായ്ച്ചുകളയണം എന്തൊക്കെ അടയാളപ്പെടുത്തണം എന്നതിന്റെ മാതൃക.  പുസ്തകത്തില്‍ വിംസി എന്ന വിഎം ബാലചന്ദ്രന്റെ ഒരു കുറിപ്പുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തായിരുന്നു ജയചന്ദ്രന്‍ എന്ന് അടയാളപ്പെടുത്തുന്ന കുറിപ്പ്. അതില്‍ അദ്ദേഹം എഴുതുന്നുണ്ട്, ഒരു മുള്ളന്‍ പന്നിക്കേസിന്റെ തുടര്‍ച്ചയായി ആദിവാസി ജീവിതം അടയാളപ്പെടുത്താന്‍ പോയ ജയചന്ദ്രനെ പോലീസ് അറസ്റ്റുചെയ്ത അനുഭവത്തെ കുറിച്ച്.

ആദിവാസി ജീവിതത്തിന്റെ അശാന്തി സ്വന്തം മനസ്സിലേക്കാവാഹിച്ച ആദിമനുഷ്യന്റെ പിന്തുടര്‍ച്ചാവകാശിയായി സ്വയം കല്‍പ്പിച്ചുനല്‍കിയ ഒരു സ്ഥാനത്തിരുന്നായിരുന്നു ജയചന്ദ്രന്റെ ജീവിതയാത്ര. അതിന്റെ ഭാഗമായി മാതൃഭൂമിയുടെ വയനാട് ലേഖകനായിരിക്കാന്‍ കിട്ടിയ നിയോഗം അദ്ദേഹം വിശ്രമമില്ലാത്ത ഒരു പോരാട്ടത്തിനായി തെരഞ്ഞെടുത്തു. 

 

Books K Jayachandran tribute to legendary malayalam journalist

 

അങ്ങനെയൊരു ദിവസമാണ് മേപ്പാടിക്കടുത്ത് മുണ്ടക്കൈയില്‍ മലയിടിച്ചിലുണ്ടായത്. പ്രതിബന്ധങ്ങളെ അതിജീവിച്ച് ജയചന്ദ്രന്‍ ഇറങ്ങിത്തിരിച്ചു. ജയചന്ദ്രനെത്തുമ്പോള്‍ മലയിടിച്ചിലില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ചൊല്ലി കൂട്ട നിലവിളിയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മൃതദേഹങ്ങള്‍ മാറ്റുന്നു. പരിക്കേറ്റവരെ മാറ്റുന്നു. അതിനിടയില്‍ ജയചന്ദ്രന്‍ കണ്ടു അത്യസാധാരണമായ ഒരു നാടകം. മലയിടിച്ചിലില്‍ ചത്തുപോയ ഒരു മുള്ളന്‍ പന്നിയെ അതിവേഗം ജീപ്പില്‍ എടുത്തിടാനുള്ള തിടുക്കത്തിലായിരുന്നു പോലീസ്. റോം കത്തിയെരിയുമ്പോള്‍ നീറോമാര്‍ വീണ വായിക്കുകയായിരുന്നു.

ജയചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോഗ്രാഫര്‍ ഈ 'വീര'കൃത്യം ക്യാമറയില്‍ പകര്‍ത്തി. മാതൃഭൂമി മലയിടിച്ചില്‍ ദുരന്തത്തിന്റെ വാര്‍ത്തയ്ക്കൊപ്പം സചിത്രം ഈ പന്നിക്കഥയും വിസ്തരിച്ചുകൊടുത്തു.

പിറ്റേന്ന് ദുരന്തത്തിന്റെ ഹൃദയഭേദകമായ കഥകള്‍ക്കൊപ്പം നാടിനെ ഇളക്കിമറിച്ചത് മുള്ളന്‍ പന്നി സ്‌റ്റോറി ആയിരുന്നു. ജയചന്ദ്രനെ പോലീസ്് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തിരുത്ത് കൊടുക്കാന്‍ അവര്‍ ഭീഷണിപ്പെടുത്തി. സകല അടവുകളും പരാജയപ്പെട്ട പോലീസ് ഒടുക്കം  നിരന്തര'ശല്യ'മായി തീര്‍ന്ന ജയചന്ദ്രനെ 'പിടിച്ച് അകത്തി'ടുന്നതുവരെയെത്തി കാര്യങ്ങള്‍. അകത്തിട്ടാല്‍ അടങ്ങുന്നവനല്ലല്ലോ ജയചന്ദ്രന്‍. വീണ്ടും വീണ്ടും ആദിവാസി സ്റ്റോറികള്‍ വയനാട്ടില്‍ നിന്ന് വന്നുകൊണ്ടേയിരുന്നു. ജോലിക്ക് കൂലിയെന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലെ വെട്ടിപ്പുകള്‍, പട്ടയത്തട്ടിപ്പുകള്‍, ആദിവാസികളുടെ പേരില്‍ ഭരണകൂടം കാട്ടിക്കൂട്ടിയ തലതിരിഞ്ഞ പരിപാടികള്‍, ഉദ്യോഗസ്ഥരുടെ വഞ്ചനകള്‍ ഒക്കെ നിരന്തരം ജയചന്ദ്രന്റെ വാര്‍ത്തകളിലൂടെ ലോകമറിഞ്ഞു.  

കെ പാനൂര്‍ ആദിവാസികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകമെഴുതിയ സന്ദര്‍ഭവും ജയചന്ദ്രന്റെ മാധ്യമപ്രവര്‍ത്തന ജീവിതവും എങ്ങനെ ആദിവാസി സമൂഹത്തില്‍ സ്വാധീനം ചെലുത്തിയെന്ന് എന്‍ പി രാജേന്ദ്രന്‍െ 'കെ ജയചന്ദ്രന്റെ കാലവും കാലശേഷവും' എന്ന ലേഖനത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഇന്നും തീരാത്ത വാര്‍ത്തകളുള്ള ആദിവാസി ജീവിതം എങ്ങനെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.

വാര്‍ത്തകളുടെ തെരഞ്ഞെടുപ്പുകളില്‍ പോലും അദ്ദേഹം ജാഗ്രത്തായിരുന്നു എന്ന് സികെ ഹസ്സന്‍ കോയ വിശദീകരിക്കുന്നു, യാത്രാമൊഴി എന്ന ലേഖനത്തില്‍. എറണാകുളത്തെ ചില സൗഹൃദസന്ദര്‍ശനങ്ങള്‍ക്കിടെ കണ്ട ജയചന്ദ്രന്‍ അദ്ദേഹത്തെയും അല്‍ഭുതപ്പെടുത്തിയിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ക്ക് മുന്നിലേക്ക് വരുന്ന വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം അന്തവും കുന്തവുമില്ലാതെ നീളുന്ന കഥയാണ്. വന്‍കിട കമ്പനിക്കാരുടെ ഉപഹാരങ്ങള്‍ ആവോളം ലഭിക്കുന്ന വാര്‍ത്താസമ്മേളനങ്ങള്‍ മുതല്‍ നിരാലംബരായ മനുഷ്യര്‍ സങ്കടം പറയാന്‍ വിളിക്കുന്ന വാര്‍ത്താസമ്മേളനങ്ങള്‍ വരെയുണ്ടാകും. അങ്ങനെയൊരിക്കല്‍ ഒരുദിവസം രണ്ട് വന്‍കിടകമ്പനികളുടെ പത്രസമ്മേളനം. അതിലേതിന് പോകും എന്ന് പത്രപ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടപ്പോള്‍  ജയചന്ദ്രന്‍ വിളിച്ചുപറഞ്ഞു 'കോഴിക്കച്ചവടക്കാരുടെ ഒരു പത്രസമ്മേളനമുണ്ട്, നീ വരണം. 'തമിഴ്നാട്ടില്‍ നിന്നുള്ള കോഴികളുടെ വരവ് നമ്മുടെ കോഴി വ്യവസായത്തെയും ജനങ്ങളുടെ ആരോഗ്യത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ഒരു ഗംഭീരറിപ്പോര്‍ട്ടായിരുന്നു അതിന്റെ ഫലം.

 

Books K Jayachandran tribute to legendary malayalam journalist

അങ്ങനെയൊരു മനസ്സുള്ളതുകൊണ്ടാണ് ജയചന്ദ്രന്‍ വയനാടിനെ കേരളത്തിന്റെ വാര്‍ത്താഭൂപടത്തില്‍ അടര്‍ത്തമാറ്റാനാകാത്ത ഇടമായി ഉള്‍ക്കൊള്ളിച്ചത്. വയനാടിനെ കേരളത്തിന്റെ വാര്‍ത്താ ഭൂപടത്തിലെ ആശ്രിതസ്ഥാനത്ത് നിന്ന് മോചിപ്പിക്കുകയാണ് ജയചന്ദ്രന്‍ ചെയ്തത് എന്ന് കല്‍പ്പറ്റ നാരായണന്‍ 'ഹ്യൂമന്‍ കോമഡി' എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. അവിവാഹിതരായ ആദിവാസി അമ്മമാരെ കൂറിച്ച് അദ്ദേഹം ചെയ്ത സ്‌കൂപ്പുകള്‍ക്ക് കണക്കില്ല. ആദിവാസികള്‍ക്കിടയില്‍ ഇന്നും കത്തിനീറിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നം ആദ്യമായി അവതരിപ്പിച്ചത് ജയചന്ദ്രനായിരുന്നു. വാര്‍ത്തകളുടെ ട്രീറ്റ്മെന്റിലും അദ്ദേഹം വ്യത്യസ്തത കാത്തുസൂക്ഷിച്ചിരുന്നു.

ചെലവൂര്‍ വേണുവിന്റെ പുസ്തകപ്രകാശനത്തിന് 'ചെലവൂര്‍ വേണു' ഇനി വരവൂര്‍ വേണുവാകും എന്ന് വാര്‍ത്തയെഴുതിയ കൗതുകം ചെലവൂര്‍ വേണുതന്നെ ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.

വരാനിരിക്കുന്ന മരണത്തെ കുറിച്ച് പോലും വ്യക്തമായ കാഴ്ചപ്പാട് ജയചന്ദ്രന്‍ അവതരിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ നീലന്‍ എഴുതുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ശേഷം 'ആ സ്ഥാപനത്തില്‍ ആരും മരിച്ചിട്ടില്ലെന്നും, ആദ്യം മരിക്കുന്നത് താനായിരിക്കു'മെന്നും ഒരു ദിവസം അദ്ദേഹം പറഞ്ഞു. 

 

Books K Jayachandran tribute to legendary malayalam journalist

 

അതെന്തിനാണ് എന്ന് അല്‍ഭുതപ്പെട്ടിരുന്ന കൂട്ടുകാരോട് ജയചന്ദ്രന്‍ പറഞ്ഞു, 'മരണത്തിന് ഒരു ന്യൂസ് വാല്യു വേണ്ടേ. ഒരു സ്ഥാപനത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ മരിച്ചു എന്ന് പറഞ്ഞാല്‍ എക്കാലത്തും നിലനില്‍ക്കുന്ന സംഭവമാകില്ലേ' 

ഇങ്ങനെ ജീവിതത്തെയും മരണത്തെയും പോലും പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മം കൊണ്ട് നേരിടാന്‍ അദ്ദേഹത്തിനറിയാമായിരുന്നു. മാതൃഭൂമിക്കും ഏഷ്യാനെറ്റിനും ഇടയ്ക്കുള്ള കാലം അദ്ദേഹം കുറച്ചകാലം സദ് വാര്‍ത്തയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്ത് ഒരു ദിവസം വികെഎന്നിനെ കാണാന്‍ പോയ കഥ കെസി നാരായണന്‍ എഴുതുന്നുണ്ട്.

''സദ് വാര്‍ത്തയില്‍ പോയി തിരിച്ചുവരികയായിരുന്നു ജയചന്ദ്രന്‍. ബസ് തൃശൂരെത്തിയപ്പോള്‍ തിരുവില്വാമലയില്‍ പോയി വികെഎന്നിനെ കാണാന്‍ തോന്നി. വിഎന്നിനെ കണ്ടു. സംസാരിക്കുന്നതിനിടയില്‍ വികെഎന്‍ പറഞ്ഞത് മുഴുവന്‍ പ്രിന്റള മീഡയയുടെ ഇരുണ്ട ഭാവിയെ കുറിച്ചായിരുന്നു. ഇനി വരാന്‍ പോകുന്നത് ദൃശ്യമാധ്യമങ്ങളുടെ കാലമാണ്. ദി വിഷ്വല്‍ ഏജ്. അച്ചടിമാധ്യമമെല്ലാം എഡി രണ്ടായിരാമാണ്ടോടെ ചരമം പ്രാപിക്കും. 

ദൃശ്യമാധ്യമത്തിലേക്ക് അപ്പോള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ജയചന്ദ്രന്‍ ചോദിച്ചു. 'അച്ചടി മാധ്യമങ്ങള്‍ പൂര്‍ണമായും പ്രത്യക്ഷമാകുമെന്നുറപ്പായോ?'

'ആയി'

'എങ്കില്‍, സാധനം പൊതിഞ്ഞുകൊടുക്കാന്‍ എന്താണ് ഉണ്ടായിരിക്കുക?'

വികെ എന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ജയചന്ദ്രന് കൈകൊടുത്തു എന്നാണ് കഥ. 

ഒരര്‍ത്ഥത്തില്‍ തമാശയായിരിക്കുമ്പോള്‍ തന്നെ കടുത്ത മാധ്യമവിമര്‍ശനം കൂടി ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് എന്ന് കേട്ട് കുറച്ചുകഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും. എന്തായാലും വൈകാതെ അദ്ദേഹം ഏഷ്യാനെറ്റിലെത്തിയെന്നത് ചരിത്രം. പിന്നീട് ദൃശ്യമാധ്യമത്തിന്റെ സാധ്യതകളുപയോഗിച്ചുകൊണ്ട് കെ ജയചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ കലാപങ്ങള്‍ ചരിത്രമാണ്. ഒടുവില്‍ മരണത്തിന്റെ ഗുഹാമുഖത്തേക്കടുക്കുമ്പോഴും മനസ്സ് നിറയെ വാര്‍ത്തകളായിരുന്നു.  

 

 

1998 നവംബര്‍ 24 -നായിരുന്നു ജയചന്ദ്രന്റെ മരണം.

അന്ത്യനിമിഷങ്ങളെ കുറിച്ച് രത്നാകരന്‍ മാങ്ങാട് ഇങ്ങനെ എഴുതുന്നു: 

''ഞാന്‍ എഡിറ്റ് മുറിയില്‍ കയറി നോക്കുമ്പോള്‍ ജയേട്ടന്‍ കമിഴ്ന്ന് കിടക്കുന്നു. വിളിച്ചിട്ട് മറുപടിയില്ല. ഓഫീസില്‍ രാവിലെ ജോലി നോക്കുന്ന ലീലേച്ചിയോട് ഒരു ഗ്ലാസ് വെളളം കൊണ്ടുവരാന്‍ പറഞ്ഞു. ജയേട്ടന്റെ തല ഉയര്‍ത്തി എന്റെ മടിയില്‍ വച്ച് മുഖത്ത് വെളളം തളിച്ചു. കണ്ണുതുറന്നില്ല. കൃഷ്ണമണികള്‍ ഇളകിയതുപോലെ തോന്നി.

ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകാനൊരുങ്ങി. രമേശും സതീശും ഞാനും കൂടി ജീപ്പില്‍ ആശുപത്രിയിലേക്ക് പോയി. തലയില്‍ ചായ്ച്ചുവച്ചിരുന്ന കൈപ്പത്തിയില്‍ പിടിച്ച് തടവിക്കൊണ്ടിരുന്നു. കൈവെള്ളയില്‍ നല്ല തണുപ്പുണ്ടായിരുന്നു. എസി മുറിയില്‍ കിടന്നതുകൊണ്ടാകാം. 

ഏറ്റവുമടുത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തി. സ്ട്രെച്ചറില്‍ ഇന്റന്‍സീവ് കെയറിലേക്ക് കൊണ്ടുപോയി.
ഞാനും രമേശും രാജീവും സതീശനും ഉല്‍ക്കണ്ഠയോടെ പുറത്തു കാത്തുനിന്നു. ഒരഞ്ചുമിനിറ്റായിട്ടുണ്ടാകില്ല. ഒരു നേഴ്സ വന്ന് എന്നെ വിളിച്ചു.
മരുന്നുവാങ്ങാനാവുമെന്നാണ് കരുതിയത്. കിടക്കയില്‍ ജയേട്ടനെ നോക്കിയപ്പോള്‍ ഡോ. അലക്സാണ്ടര്‍ എന്റെ ചുമലില്‍ തൊട്ട് കണ്ണടച്ചുകൊണ്ട് പറഞ്ഞു. ''പത്തുമിനിട്ടായി.''

ഞാന്‍ അവിടെ തന്നെ ഇരുന്നു.

ഡോക്ടര്‍ എന്നെ ഉയര്‍ത്തി അവിടത്തെ കസേരയില്‍ ഇരുത്തി. ''

ജീവിതം അവസാനിക്കുമ്പോള്‍,  ജയചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്തകളിലൂടെ ജീവിതം നല്‍കിയ അനേകം ജീവനുകളുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. 

മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു മനുഷ്യസ്നേഹികള്‍ക്കും ആ ജീവിതത്തിലേക്ക് വാതില്‍ തുറക്കുകയാണ് 'കെ ജയചന്ദ്രന്‍' എന്ന പുസ്തകം.

 

ഏഷ്യാനെറ്റ് ന്യൂസിലെ 'കണ്ണാടി' സംപ്രേഷണം ചെയ്ത കെ ജയചന്ദ്രന്റെ റിപ്പോര്‍ട്ട്

 

 

Follow Us:
Download App:
  • android
  • ios