Asianet News MalayalamAsianet News Malayalam

റഷ്യയിലെ ആ അമ്മ നമ്മുടെ കാലത്തെ സ്ത്രീകളോട് പറയുന്നത്

പുസ്തകപ്പുഴയില്‍ മാക്‌സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവലിന്റെ പുനര്‍വായന. റോസ് ജോര്‍ജ് എഴുതുന്നു

books re reading Maxim Gorkys mother by Rose George
Author
Thiruvananthapuram, First Published Apr 25, 2021, 3:36 PM IST

വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍വായന തന്ന ആനന്ദത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് അവരെ ഞാന്‍ സമക്ഷത്തിലേക്കു വീണ്ടും കൂട്ടികൊണ്ട് വരുന്നത്. കാലം ഉഴുതുമറിച്ച നിലത്ത് ഗോര്‍ക്കിയുടെ അക്ഷരങ്ങള്‍ പുതുജീവന്‍ പ്രാപിച്ചു ആഴ്ന്നിറങ്ങിയതുപോലെ. തങ്ങളുടെ കൂട്ടിപ്പിടിച്ച അധരങ്ങളുമായി വിസ്മൃതിയില്‍ ലയിച്ചിട്ടും അക്ഷരങ്ങളില്‍ ജീവിക്കുന്ന എഴുത്തുകാര്‍, അവര്‍ മനോമുകുരത്തില്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍. മഹാമാരിയുടെ ദണ്ഡനപാടുകള്‍ മായ്ക്കാന്‍ പുസ്തകങ്ങള്‍ക്ക് ആവുമെന്ന് സത്യമായും വിശ്വസിക്കുന്ന നിമിഷങ്ങള്‍.

 

books re reading Maxim Gorkys mother by Rose George

 

അടപ്പില്ലാത്ത പഴയൊരു അലമാരയുടെ മൂന്നാമത്തെ തട്ടില്‍ നിന്നാണ് അവരെ ഞാന്‍ വലിച്ചെടുത്തത്. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' യിലെ പിലാഗേയ നിലോവ്‌ന. ശ്രേഷ്ഠസാന്നിദ്ധ്യം കൊണ്ട് അവര്‍ എന്നെ അമ്പരിപ്പിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും  വായന പൂര്‍ത്തിയാക്കാനോ മുന്നോട്ട് പോകാനോ സാധിച്ചില്ല. 

പത്തു വയസ്സില്‍ എത്തിവലിഞ്ഞു അതെടുത്തു തുറക്കുമ്പോള്‍ ഇളംചുവപ്പു നിറത്തിലുള്ള പുറംചട്ടയില്‍ നിന്ന്  അവരുടെ മകന്‍ ഉരുക്കുമനുഷ്യനായ പാവേല്‍ വ്‌ലാസോവിന്റെ രേഖാചിത്രം മാഞ്ഞു തുടങ്ങിയിരുന്നു . കുട്ടികള്‍ക്ക് വായിക്കാന്‍ ഇനിയും സമയമായില്ലെന്നു കേട്ടത് കൊണ്ടാകാം ചില കാഴ്ചകള്‍ മാത്രം കണ്ട് പാതിയില്‍ പുസ്തകം അടക്കുകയാണുണ്ടായത് . എങ്കിലും ഫാക്ടറി സൈറണ്‍ കേള്‍ക്കുമ്പോള്‍ ചാരനിറമാര്‍ന്ന കൂരകളില്‍ നിന്നും  ഭയപ്പാടോടെ പാറ്റകളെപ്പോലെ നീങ്ങുന്ന തൊഴിലാളികളും ഈര്‍പ്പമുള്ള ചതുപ്പുകളും താമ്രവൃക്ഷങ്ങളും വൈകുന്നേരങ്ങളിലുള്ള  യുവാക്കളുടെ അര്‍ക്കേഡ്യന്‍ സംഗീതമേളകളും മനസ്സില്‍ തങ്ങി നിന്നു. അതിലുപരി മയമില്ലാത്തവരുടെ പെരുമാറ്റങ്ങള്‍ക്ക് സൗമ്യമായ ആതിഥ്യമര്യാദകൊണ്ട്  പ്രതിവിധി കാണുന്ന ഒരമ്മയും. അവര്‍ സമോവര്‍ ഒരുക്കാന്‍ കാണിക്കുന്ന വ്യഗ്രതയും ചായ പകരാന്‍ കാണിച്ച ശുഷ്‌കാന്തിയും ഏറ്റവും ഹൃദ്യമായി ആ വായനയില്‍ തോന്നി. രണ്ടാം ഭാഗത്തു എത്തുന്നതിന് മുന്‍പേ അലമാരയുടെ മൂന്നാമത്തെ തട്ടിലേക്ക് പിലാഗേയ നിലോവ്‌ന അതിവേഗം  മടങ്ങിപോയി. മാപ്പ്, മാക്‌സിം ഗോര്‍ക്കി...

വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍വായന തന്ന ആനന്ദത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് അവരെ ഞാന്‍ സമക്ഷത്തിലേക്കു വീണ്ടും കൂട്ടികൊണ്ട് വരുന്നത്. കാലം ഉഴുതുമറിച്ച നിലത്ത് ഗോര്‍ക്കിയുടെ അക്ഷരങ്ങള്‍ പുതുജീവന്‍ പ്രാപിച്ചു ആഴ്ന്നിറങ്ങിയതുപോലെ. തങ്ങളുടെ കൂട്ടിപ്പിടിച്ച അധരങ്ങളുമായി വിസ്മൃതിയില്‍ ലയിച്ചിട്ടും അക്ഷരങ്ങളില്‍ ജീവിക്കുന്ന എഴുത്തുകാര്‍, അവര്‍ മനോമുകുരത്തില്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍. മഹാമാരിയുടെ ദണ്ഡനപാടുകള്‍ മായ്ക്കാന്‍ പുസ്തകങ്ങള്‍ക്ക് ആവുമെന്ന് സത്യമായും വിശ്വസിക്കുന്ന നിമിഷങ്ങള്‍.

 

books re reading Maxim Gorkys mother by Rose George

മാക്‌സിം ഗോര്‍ക്കി

 

1902 -ല്‍ നിഷ്നിയോ നോവിന്റ പ്രാന്തപ്രദേശത്തിലെ സൊര്‍മോവ എന്ന തൊഴിലാളി കേന്ദ്രത്തില്‍ നടന്ന മെയ് ദിന പ്രകടനമാണല്ലോ 'അമ്മ' എന്ന കൃതി എഴുതാന്‍ ഗോര്‍ക്കിയെ പ്രേരിപ്പിച്ചത് .വാസ്തവത്തില്‍ 'അമ്മ 'യിലേക്ക് കണ്ണുകൂര്‍പ്പിക്കുമ്പോള്‍ മഹത്തായ അതിന്റെ ഇതിവൃത്തത്തില്‍ നിന്നും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നില്ക്കുന്ന 'തൊഴിലാളിയുടെ വിധവ' എന്ന് സ്വയം അഭിമാനിച്ച പിലാഗേയ നിലോവ്‌നയെ പ്രത്യേകമായി ഓര്‍ത്തെടുക്കുകയാണിവിടെ .

കരിപുരണ്ട അസമത്വത്തിന്റെ നേര്‍ചിത്രങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിലേക്കും ആന്തരികപരിവര്‍ത്തനത്തിലേക്കും അവര്‍ കടന്നു വന്നത് കൂടുതല്‍ തെളിമയോടെ കാണാനായി.

കലഹപ്രിയനായ മിഖായില്‍ വ്‌ലാസോവ് എന്ന മെക്കാനിക്, വോഡ്കയുടെ ഗന്ധം കലര്‍ന്ന ഫലിതങ്ങളില്‍ നൃത്തവും സംഗീതവും കൂടിക്കലര്‍ന്ന ഒരു ഇരുണ്ട ഇടനാഴിയില്‍ വെച്ച്, ഭിത്തിയോട് ചേര്‍ത്ത് പിടിച്ചു നിര്‍ത്തി നേടിയെടുത്തൊരു മൗനാനുവാദമാണ് പിലെഗ നിലോവ്‌നയുടെ ജീവിതമെന്ന് ഗോര്‍ക്കി എഴുതുന്നു. കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭര്‍ത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ അവരില്‍ ജ്വലനമുണര്‍ത്താന്‍ പാവേല്‍ വ്‌ലാസോവ് എന്ന ക്ഷുഭിതയൗവനം ചോദിച്ച ഒരു ചോദ്യം ഉണ്ട്:

'അമ്മ എന്തു സുഖമാണ് അറിഞ്ഞിട്ടുള്ളത്? ഓര്‍മ്മിക്കാനായി എന്താണ് കൈവശമുള്ളത്'

ഇത് കാലപ്പഴക്കത്താല്‍ തേഞ്ഞുപോയൊരു ചോദ്യമല്ല. കേള്‍ക്കാനും കാണാനും തുറവിയുള്ള ഇക്കാലത്തും ഏതൊരാള്‍ക്കും പരസ്പരം ചോദിക്കാവുന്നൊരു ചോദ്യമാണിത്. നിലോവ്‌നയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളോട് ഏറെ പറയാനുണ്ട്. അവരുടെ മകന്‍ ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി മാനവസമത്വത്തിന്റെ സന്ദേശം പേറുമ്പോഴും ചരിത്രത്തിലെ ഈ അമ്മ എന്റെ ഉറക്കം കെടുത്തുകയും അവരുടെ സൗമ്യമായ ചലനങ്ങളാല്‍ ചിന്തകള്‍ പൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന വലത്തേ പുരികക്കൊടി ഉയര്‍ത്തി തിടുക്കത്തിലും ജാഗ്രതയിലും അവര്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ പുതുജീവന്‍ നേടിയ ഒരാത്മാവിന്റെ പ്രഭയാല്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുകയാണ് ജീവിതം തന്നെ.

അവര്‍ ഇന്നില്‍ ജീവിക്കുകയും പ്രവചനാതീതമായി കുറേ ഏറെ കാര്യങ്ങള്‍ പറഞ്ഞു വെച്ചിരിക്കയും ചെയ്തത് പോലെ.

അസംതൃപ്തിയുടെ മര്‍മ്മരത്താല്‍ തള്ളിനീക്കിയ ജീവിതത്തിന്റെ ഏകപ്രകാരതയില്‍ നിന്ന് മൂരി നിവര്‍ത്തിയ നിലോവ്‌ന വെറുമൊരു കണ്ണീരിന്റെ അമ്മയല്ല. മകന്‍ പാവ്‌ലോവ് കൈമാറിയ നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്കുള്ള അവരുടെ പ്രയാണത്തിന് നിരവധി മാനങ്ങളുണ്ട് . അനിവാര്യമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അവര്‍ തോളില്‍നിന്നിറക്കി വച്ച മൂന്ന് ഭാരങ്ങള്‍ -ഗോര്‍ക്കി പരാമര്‍ശിക്കുന്നവ -തൊഴിലാളി വര്‍ഗ്ഗത്തിന്റെ, കുടുംബത്തിന്റെ, പിന്നെ സ്വന്തം ആത്മാവിന്റെ -കാരണം അവര്‍ ഒരേ സമയം മതത്തിന്റെ അധീനതയില്‍ പെട്ടവളും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗവും ആയിരുന്നു.

മകനും കൂട്ടുകാരും വായിക്കുന്ന പുസ്തകങ്ങള്‍ നേര് പറയുന്നതായതുകൊണ്ടാണ് വിലക്കപ്പെട്ടതാവുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞൊരു നിമിഷമുണ്ട്. നിശ്ശബ്ദമായ ഒരു അകല്‍ച്ചയോടെ അതിലേറെ ഹൃദയത്തോടടുത്ത ഒരു അടുപ്പത്തോടെ അന്നു മുതല്‍ അവര്‍ തിളങ്ങുന്ന പിച്ചളസമോവറില്‍ മാറുന്ന അവരുടെ മുഖച്ഛായ നോക്കിയിരുന്നു. മനോഹരമായ ഒരു രൂപാന്തരീകരണം. എങ്ങനെ ജീവിച്ചിരുന്നു എന്നല്ല ഇനിയും എങ്ങനെ ജീവിക്കണമെന്ന് അവര്‍ ഉറപ്പിച്ച നിമിഷങ്ങള്‍.

അവര്‍ പാട്ട് പാടി. വാ തുറന്ന് സംസാരിച്ചു,സ്വന്തം വാക്കുകള്‍ കേട്ട് വിസ്മയപ്പെട്ടു. പുക നിറഞ്ഞ വായുവില്‍ തന്നെ ചലിപ്പിക്കുന്ന ഒരു ശക്തി അവര്‍ കണ്ടെത്തി. നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ജ്വലിച്ചു.

എല്ലാ അവിശ്വാസങ്ങള്‍ക്കു പിന്നിലും ഒരു വിശ്വാസമുണ്ടെന്ന് ആശ്വസിച്ചു. നികൃഷ്ടമായ തന്റെ ഭൂതകാലത്തില്‍ തന്നെ മറന്നതോര്‍ത്തു അവര്‍ ലജ്ജിച്ചു.

വിപ്ലവകാരിയായ മകന്റെ കാലടികളെ പിന്തുടര്‍ന്നപ്പോള്‍ അര്‍ത്ഥസമ്പുഷ്ടമായ ഒരു ജീവിതം അവരും സ്വപ്നം കണ്ടു. നിലോവ്‌നയും ചിന്തിച്ചു തുടങ്ങി, ചുറ്റുമുള്ള സഹജര്‍ക്കുവേണ്ടി. അത് കണ്ടു പാവേല്‍ വ്‌ലാസോവ് എന്ന മകന്‍ പറയുന്നു: ''ഒരാളുടെ അമ്മ അയാളുടെ ആദര്‍ശത്തില്‍ വിശ്വസിക്കുക കൂടി ചെയ്യുമ്പോള്‍ അയാള്‍ക്കത് ഒരു അപൂര്‍വ്വഭാഗ്യമാകുന്നു'' എന്ന്.

സ്വതന്ത്ര മനുഷ്യരുടെ വിശേഷ ദിവസമെന്ന് വിശേഷിപ്പിച്ച മെയ്ദിനജാഥയില്‍ ന്യായത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പതാകയുമായി പാവേല്‍ വ്‌ലാസോവ് നടന്നു നീങ്ങുമ്പോള്‍ അമ്മയ്‌ക്കൊരു അന്തര്‍ഗതമുണ്ട് -''അവരുടെ ലക്ഷ്യം പരിശുദ്ധമാണ്.'

മകന്റെ അറസ്റ്റിനുശേഷം ഒസ്യത്തായി കിട്ടിയ ആത്മീയതയില്‍ ഒടിഞ്ഞ കൊടിക്കാലില്‍  മുറുകെ പിടിച്ചു കൊണ്ട് അവര്‍ ആത്മഗതം നടത്തുന്നു: ''ആളുകള്‍ തനിക്ക് വേണ്ടി മരിക്കാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ക്രിസ്തു തന്നെ കാണുമായിരുന്നില്ല.' സാര്‍വത്രിക സ്‌നേഹത്തിന്റെ പ്രഭാവലയത്തില്‍ അവരുടെ അധരങ്ങളില്‍ നിന്ന് പ്രവഹിക്കുന്നത് ദൈവവചനങ്ങളാണെന്ന് പോലും ആളുകള്‍ക്ക് തോന്നിപ്പോവുന്നു.

നല്ല മനുഷ്യര്‍ സഹതപിക്കുമോ? 

ഇല്ല എന്ന് ഗോര്‍ക്കി പറയുന്നു. 

പഴയത് മാഞ്ഞു പോയിരിക്കുന്നു. തീവ്രമായ ഒരു ആഗ്രഹത്തിന്റെ കുടുക്കിലേക്ക് നിലോവ്‌നയെ ഗോര്‍ക്കിയുടെ അക്ഷരങ്ങള്‍ ഉയര്‍ത്തുന്നു. മനോഹരമായ ഒരു വാങ്മയചിത്രം. പുറത്തൊരു ഭാണ്ഡവും കയ്യിലൊരു വടിയുമായി കാടുകളും ഗ്രാമങ്ങളും കടന്ന് നാട് ചുറ്റാനൊരു മോഹം. ദാക്ഷിണ്യമില്ലാതെ തന്നോട് തന്നെ ആലോചിക്കാനാവുക, പഴയതിലും അല്പം കൂടി ഉയര്‍ന്നു ചാടാനുള്ള മോഹങ്ങള്‍,വേഷപ്പകര്‍ച്ചകള്‍.  മാനവരാശിയുടെ വെളിച്ചമാകാന്‍ ഓടി നടന്നൊരു സ്ത്രീ.

ഒരോ യാത്രകളിലും മടങ്ങിവരവുകളിലും അവരുടെ ചിന്താമണ്ഡലത്തില്‍ സത്യത്തിന്റെ വിത്തുകള്‍ മുളച്ചു. ഒരുക്കമുള്ള മണ്ണില്‍ തന്നാലാവുന്നതു പോലെ അവരത് വിതച്ചു.

ഇനി വര്‍ത്തമാനകാലത്തേക്കു വരാം. നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളി എങ്ങുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുപ്പക്കാരന്‍ ചോദിക്കുന്നു-'പ്രതികൂലമായ എല്ലാ സാമൂഹ്യ അവസ്ഥകളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെയല്ലേ നിങ്ങള്‍ അവക്ക് വേണ്ടി വാദിക്കുന്നത്' എന്ന്. അയിത്തം നിലനിര്‍ത്തികൊണ്ട് ജാതീയതക്കെതിരായും മനസ്സിന്റെ അതിരുകള്‍ ഭേദിക്കാതെ ദേശീയതക്കുവേണ്ടിയും സ്ത്രീയെ തുല്യയായി കാണാതെ സമത്വത്തിനു വേണ്ടിയും എന്തിനാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് എന്ന്?

ബഹുമാനവും ആദരവും തോന്നി ആ യുവാവിനോട്. പെട്ടെന്ന് ഓര്‍മയില്‍ വന്നത് ആ ദൃശ്യമാണ് നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നുള്ളവ. ചിറക് വിരിച്ചു പറക്കാനൊരുങ്ങുന്ന പക്ഷി പോലെ ജനക്കൂട്ടം. അതിന്റെ കൊക്കായി അയാള്‍ -പാവേല്‍ വ്‌ലാസോവ് 

'പഴയ ലോകത്തോട് വിട പറയാം
പാദം കുടഞ്ഞതിന്‍ പൊടി കളയാം'

മകന്റെ കാരാഗൃഹവാസത്തില്‍ അവന്റെ കൈകളാവുകയാണ് പിന്നീടുള്ള ജീവിതത്തില്‍ നിലോവ്‌ന. ലഘുലേഖകളുമായി സഞ്ചരിക്കുമ്പോള്‍  ചാരന്മാരുടെ സംശയാസ്പദമായ നോട്ടത്തെ എത്ര സമര്‍ത്ഥമായിട്ടാണ്  അവര്‍ മറികടക്കുന്നത്. ആന്തരികമായ ഉണര്‍വാല്‍ ഭയത്തെ കുടഞ്ഞു കളയുന്നത്. മഹാമാരിയുടെ ഇരുണ്ട നാളുകളില്‍ കുട്ടികളും യുവാക്കളും വൃദ്ധന്മാരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഭയത്തിനെതിരായ സ്വയം പ്രതിരോധത്തിന്റെ ഈ നിലോവ്‌ന ടെക്നിക്. ''ഇല്ലാ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല''-നെറ്റിയില്‍ അത്തരമൊരു മുദ്ര പേറുന്നതാണ് ആ അതിജീവനതന്ത്രം.


മാറ്റത്തിനായി കൊതിക്കുന്നൊരു ആന്തരികതലം  സമൂഹത്തില്‍ വിദഗ്ധമായി ഒളിഞ്ഞിരിപ്പുണ്ട്. അനുകൂലമായോ പ്രതികൂലമായോ പോലും പ്രതികരിക്കാനാവാത്തവര്‍.  ഞാനും കാഴ്ചകള്‍ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്, അറിയുന്നുണ്ട്, എഴുതണമെന്നുമുണ്ട്. പക്ഷെ സമൂഹം എന്ത് വിചാരിക്കും? പലരും ചോദിക്കുന്നു.

ഇവിടെയാണ്  മാക്‌സിം ഗോര്‍ക്കിയുടെ 'പിലാഗേയ നിലോവ്‌ന' എന്ന അമ്മ ഉത്തരവുമായെത്തുന്നത്. 

അവര്‍ പറയുന്നു: ''വൈകിയും പുഷ്പിക്കാം, ഒരിക്കല്‍ ആരായിരുന്നുവെന്ന് ഓര്‍ത്തെടുക്കുകയും ചെയ്യാം''-സമോവറില്‍ നിന്ന് ചായ പകര്‍ന്ന് തന്ന് ലോകത്തെ അവര്‍ ഉണര്‍ത്തുകയാണ്.

വീണിടത്തു നിന്നും എഴുന്നേറ്റ് തങ്ങളുടെ തളര്‍ന്ന കാല്‍മുട്ടുകള്‍ക്ക് ബലം കൊടുത്ത്, മുന്നോട്ട് മാന്‍പേടയെ പോലെ കുതിക്കാന്‍ സ്‌നേഹവും സമരവും ഇഴചേര്‍ന്നോരു ജീവിത കാവ്യം അനുഭവിപ്പിക്കുന്നു, അവര്‍. പുനര്‍വായനയില്‍ നോവലിന്റെ മുഴുവന്‍ ഇതിവൃത്തത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുമ്പോഴും മനസ്സ് ബാല്യത്തില്‍ വായിച്ച ആ വരികള്‍ ഓര്‍ത്തെടുത്തു:

''തറയില്‍ ഈര്‍പ്പമില്ലാതിരുന്നിട്ടും അവര്‍ മഴച്ചെരിപ്പ് ഇട്ടു 
മഴക്കോളില്ലാഞ്ഞിട്ടും കുടയുള്ളവര്‍ കുടയെടുത്തു.''

അധ്വാനത്തിന് ശേഷം വിശ്രമം. കായികമായ അടിമത്തത്തെ വെല്ലുന്ന മനസ്സിന്റെ തുറവി. ''നമുക്കെല്ലാവര്‍ക്കും ഒരേ കൈകള്‍ ആണുള്ളത് , ഞങ്ങളുടേത് അമര്‍ത്തിയും ബലം കൊടുത്തും ഉപയോഗിക്കപ്പെടുന്നു''  എന്ന് ഒരിക്കല്‍ എനിക്ക് പറഞ്ഞു തന്നയാളെ ഞാന്‍ അപ്പോള്‍ ഓര്‍ത്തു . പുസ്തകം മടക്കി വെച്ച് ഞാനും ആത്മാവില്‍ ആനന്ദിച്ചു. 

Follow Us:
Download App:
  • android
  • ios