Asianet News MalayalamAsianet News Malayalam

മാസങ്ങള്‍ മാത്രം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ്, അതിനിടെ ട്രംപിന് ഭീഷണിയായി രണ്ട് പുസ്‍തകങ്ങള്‍; എന്താവും ഭാവി?

പ്രസിദ്ധീകരിക്കും മുമ്പുതന്നെ പുസ്​തകത്തി​ലെ വിവരങ്ങൾ കാട്ടുതീ പോലെ പടരുകയായിരുന്നു. ഏതാനും മാസങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപ്​ അതോടെ പ്രതിരോധത്തിലായി.

books that disturbs trump Mohammad Suhaib writes
Author
Thiruvananthapuram, First Published Jun 21, 2020, 12:07 PM IST

നവംബര്‍ മാസത്തില്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. കൊവിഡ് ബാധയും ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെയും ബ്രൂക്സിന്‍റെയും കൊലപാതകത്തെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുമടക്കം പ്രതിരോധത്തിലാണ് ട്രംപ്. അതിനിടയില്‍ ഇതാ പുറത്തിറങ്ങാന്‍ പോകുന്ന രണ്ട് പുസ്‍തകങ്ങളും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുത്തുകയാണ്. 

books that disturbs trump Mohammad Suhaib writes

 

പുസ്​തകത്തിന്​ പുറകേയാണ്​ അമേരിക്കൻ ഭരണകൂടം മൊത്തം. മുൻ സുരക്ഷാ ഉപദേഷ്​ടാവ്​ ജോൺ ബോൾട്ട​ന്‍റെ The Room Where It Happened എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം പ്രസിഡന്‍റ്​ ട്രംപിന്​ ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിൽ പുസ്​തകം പുറത്തുവരുന്നത്​ തടയാൻ പഠിച്ചപണി മുഴുവൻ നോക്കുകയാണ്​ അവർ. വരുന്ന ചൊവ്വാഴ്​ച റിലീസ്​ ചെയ്യാനിരിക്കുന്ന പുസ്​തകം തടയണമെന്ന്​ ആവശ്യപ്പെട്ട്​ കോടതിയിൽ കേസ്​ കൊടുത്തെങ്കിലും കേസ്​ തള്ളി.

പുസ്​തകത്തി​ന്‍റെ ആയിരക്കണക്കിന്​ കോപ്പികൾ വിൽപനക്കായി എത്തിച്ചുകഴിഞ്ഞെന്നും പുസ്​തകത്തിലെ പ്രസക്​ത ഭാഗങ്ങൾ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞതായും കേസ്​ തള്ളി ജഡ്​ജി റോയ്​സ്​ സി. ലാംബെർത്ത്​ ശനിയാഴ്​ച ചൂണ്ടിക്കാട്ടി. കേസ്​ തള്ളിയതിന്​ പിന്നാലെ ബോൾട്ടൻ ഇതിന്​ വലിയ വില നൽകേണ്ടിവരുമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

തുടർഭരണം ലഭിക്കാൻ ചൈന ഉൾപ്പെടെ രാജ്യങ്ങളുടെ സഹായം ട്രംപ്​ തേടിയെന്നതുൾപ്പെടെ ട്രംപിന്​ ക്ഷീണം ചെയ്യുന്ന നിരവധി വെളിപ്പെടുത്തലുകൾ പുസ്‍തകത്തിലുണ്ട്​. ജിയോ പൊളിറ്റിക്കൽ യാഥാർഥ്യങ്ങളെ കുറിച്ച്​ പ്രസിഡന്‍റിനുള്ള അജ്ഞതയുടെ നിരവധി ഉദാഹരണങ്ങളും ബോൾട്ടൺ രേഖപ്പെടുത്തിയിട്ടുണ്ട്​. പ്രസിദ്ധീകരിക്കും മുമ്പുതന്നെ പുസ്​തകത്തി​ലെ വിവരങ്ങൾ കാട്ടുതീ പോലെ പടരുകയായിരുന്നു. ഏതാനും മാസങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപ്​ അതോടെ പ്രതിരോധത്തിലായി. അങ്ങനെയാണ്​ പ്രസിദ്ധീകരണം തടയാൻ വൈറ്റ് ഹൗസ് കേസ്​ കൊടുത്തത്​. ശനിയാഴ്​ച തന്നെ ഒരു ഉത്തരവ്​ പുറപ്പെടുവിച്ചാൽ പുസ്​തകത്തി​ന്‍റെ തുടർപ്രചരണം നിയന്ത്രിക്കാമെന്ന ഭരണകൂടത്തിന്‍റെ ആവശ്യം ജഡ്​ജി നിരസിക്കുകയായിരുന്നു.

അതേസമയം ​ദേശീയ ഇന്‍റലിജൻസ്​ സംവിധാനങ്ങളിൽ നിന്ന്​ അനുമതി വാങ്ങാതെ പുസ്​തകം പ്രസിദ്ധീകരിക്കുന്ന ബോൾട്ടൻ രാജ്യത്തിന്​ അപരിഹാര്യമായ ഹാനി വരുത്തുന്നതായും ജഡ്​ജി ലാബെർത്ത്​ കൂട്ടിച്ചേർത്തു. ‘പക്ഷേ, ഇന്നത്തെ ഇന്‍റർനെറ്റ്​ യുഗത്തിൽ പ്രചാരത്തിലുള്ള ഏതാനും കോപ്പികൾക്ക്​ പോലും രഹസ്യാത്മകതയെ തകർക്കാനാവും. പുസ്​തകം കൈയിലുള്ള ഒരൊറ്റ വ്യക്തിക്ക്​ ലോകം മുഴുവൻ അത്​ എത്തിക്കാനുമാകും. ആഘാതം ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു’ ജഡ്​ജി വിധിന്യായത്തിൽ പ്രസ്​താവിച്ചു.

ന്യൂയോർക്ക്​ ആസ്​ഥാനമായ Simon & Schuster ആണ്​ ബോൾട്ടണിന്‍റെ വിവാദപുസ്​തകം പ്രസിദ്ധീകരിക്കുന്നത്​. ഇതിനകം ത​ന്നെ രണ്ടുലക്ഷത്തോളം കോപ്പികൾ അവർ അച്ചടിച്ചുകഴിഞ്ഞു. ചൊവ്വാഴ്​ചയിലെ റിലീസിനായി ലോകമെങ്ങും എത്തിക്കുകയും ചെയ്​തു. കൊവിഡ്​ ബാധയ്ക്ക്​ ശേഷമുള്ള ഏറ്റവും വലിയ റിലീസിനാണ്​ Simon & Schuster ഒരുങ്ങുന്നത്​. കോടതി പുസ്​തകം വിലക്കിയിരുന്നെങ്കിൽ സ്ഥാപനത്തിന്​ വലിയ നഷ്​ടം സംഭവിക്കുമായിരുന്നു. സർക്കാരി​ന്‍റെ ആരോപണങ്ങളെ ബോൾട്ടനൊപ്പം Simon & Schuster ​-ന്‍റെ അഭിഭാഷകനും കോടതിയിൽ ശക്തിയുക്തം എതിർത്തിരുന്നു. പുസ്​തക റിലീസിനായി തങ്ങൾ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്​തു.

അടുത്തമാസം വീണ്ടും Simon & Schuster -ഉം പ്രസിഡന്‍റ്​ ട്രംപും മുഖാമുഖം വരുന്നുണ്ട്​. ട്രംപി​ന്‍റെ മരുമകൾ മേരി എൽ. ട്രംപ്​ എഴുതിയ ട്രംപിനെ കുറിച്ചുള്ള പുസ്​തകം Too Much and Never Enough: How My Family Created the World’s Most Dangerous Man ജൂലൈ 28 -നാണ്​ പ്രസിദ്ധീകരിക്കാനിരിക്കുന്നത്​. ​പുസ്​തകം എന്തായിരിക്കുമെന്നതി​ന്‍റെ സൂചന പേരിൽ തന്നെയുണ്ട്​. പുസ്​തകം തടയാൻ ട്രംപ്​ ഇതിനകം ശ്രമം തുടങ്ങിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന്​ തലവേദന സൃഷ്​ടിക്കുന്ന രണ്ടുപുസ്​തകങ്ങളാണ്​ അങ്ങനെ Simon & Schuster പുറത്തുവിടുന്നത്​. പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കുന്ന തരത്തിൽ ഒരു പുസ്​തക പ്രസാധക സ്ഥാപനം ഇടപെടുന്ന അസാധാരണ സാഹചര്യമാണ്​ അങ്ങനെ അമേരിക്കയിൽ അരങ്ങേറുന്നത്​.

Follow Us:
Download App:
  • android
  • ios