Asianet News MalayalamAsianet News Malayalam

ദാവൂദ് ഇബ്രാഹിമിനെ പ്രകോപിപ്പിക്കാൻ അന്ന് കുപ്പിവളകൾ അയച്ചുകൊടുത്തത് ഐഎസ്‌ഐയോ?

സ്ത്രീകൾ തങ്ങളുടെ കുപ്പിവളകൾ ദാവൂദിന് അയച്ചു കൊടുത്തു എന്നാണ് മുംബൈയിൽ പ്രചരിക്കുന്ന ഒരു കഥ. " ഇനി ആണാണെന്നും പറഞ്ഞു നടക്കേണ്ട ദാവൂദ് ഭായ്, ഇതാ ഞങ്ങളുടെ വളകൾ അണിഞ്ഞുകൊണ്ട് നടന്നോളൂ..." എന്ന പരിഹാസമായിരുന്നു ആ സമ്മാനം. 

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him
Author
Mumbai, First Published Feb 22, 2020, 11:54 AM IST

കഴിഞ്ഞ ദിവസമാണ് മുൻ മുംബൈ കമ്മീഷണർ രാകേഷ് മരിയയുടെ 'Let Me Say It Now' എന്ന ആത്മകഥ പുറത്തിറങ്ങിയത്. അതിൽ മുംബൈ സ്ഫോടന പരമ്പരയുടെ അന്വേഷണ വേളയിൽ അദ്ദേഹത്തിന് വെളിപ്പെട്ട ചില രസകരമായ സംഗതികളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അതിലൊന്നാണ് ദാവൂദ് ഇബ്രാഹിമിന് ദുബായിലേക്ക് കുപ്പിവളകൾ അയച്ചു കിട്ടിയ കഥ. 

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him

1971 -ൽ ഇന്ത്യൻ ഗവൺമെന്റ് ബംഗ്ളാദേശിനെ സ്വതന്ത്രമാക്കാൻ സഹായിച്ചതിന്റെ ചൊരുക്ക് പാകിസ്ഥാന് കാര്യമായിട്ടുണ്ടായിരുന്നു. അത് തീർക്കാൻ ഒരവസരം പാർത്തുകൊണ്ടിരുന്ന ഐഎസ്‌ഐയ്ക്ക് മുന്നിലേക്ക് ഒരു സുവർണ്ണാവസരമായിട്ടാണ് 1991 -ലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവം വന്നുവീണത്. അത് അവർക്കു മുന്നിൽ അന്നോളമില്ലാത്ത ഒരു അവസരം തുറന്നു നൽകി, ബോംബെ നഗരത്തിൽ കൊടികുത്തി വാണിരുന്ന മുസ്‌ലിം അധോലോകരാജാക്കന്മാരെ തങ്ങളുടെ ഗൂഢാലോചനയ്ക്ക് കരുവാക്കുക. ബോംബെ അധോലോകമെന്നത് ഒരു വൻ സംവിധാനമായിരുന്നു. വേണ്ടത്ര ആയുധങ്ങൾ, വേണ്ടത്ര സ്ഫോടകവസ്തുക്കൾ, വേണ്ടത്ര പരിശീലനം സിദ്ധിച്ച യുവാക്കൾ എല്ലാം അവിടെ വളരെ എളുപ്പത്തിൽ ലഭ്യമായിരുന്നു. പൊലീസിനെ വെട്ടിച്ച് കാര്യങ്ങൾ നടത്തുന്നതിൽ അവർക്ക് പതിറ്റാണ്ടുകളുടെ പരിചയവുമുണ്ടായിരുന്നു. എത്ര വലിയ കുറ്റകൃത്യവും രായ്ക്കുരാമാനം ചെയ്തുതീർക്കാൻ അവർക്കാകുമായിരുന്നു. ആകെ ചെയ്യേണ്ടിയിരുന്നത് ചെറിയൊരു ബ്രെയിൻ വാഷിങ് മാത്രമായിരുന്നു. ഇഷ്ടമില്ലാത്തവരെ, അല്ലെങ്കിൽ കൊട്ടേഷൻ കിട്ടുന്നവരെ തെരഞ്ഞുപിടിച്ച് തീർത്തുമാത്രം പരിചയമുണ്ടായിരുന്ന അവരെ നിരപരാധികളെ കൊല്ലാൻ സന്നദ്ധരാക്കണം. അതിന് അവരെ പ്രേരിപ്പിക്കുന്ന സാഹചര്യം എങ്ങനെയെങ്കിലും ഉണ്ടാക്കിയാൽ കാര്യം എളുപ്പമാകും. അതെങ്ങനെ എന്നതായി ഐഎസ്‌ഐയുടെ ചിന്ത. 

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him

 1993  ഡിസംബറിൽ നടന്ന ബോംബെ കലാപം 

1992 ഡിസംബറിൽ ബോംബെയിൽ ആദ്യഘട്ടം കലാപങ്ങൾ നടക്കുന്നു. അതിൽ ആളപായവും സ്വത്തുനാശവും നേരിടേണ്ടി വന്ന കുടുംബങ്ങളിലെ ചില സ്ത്രീകൾ ദാവൂദ് ഇബ്രാഹിമിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ആദ്യം അതിനോട് പ്രതികരിക്കാൻ ദാവൂദ് തയ്യാറായില്ല. ദാവൂദിനെ ഒന്ന് പ്രകോപിക്കാൻ തന്നെ ഉദ്ദേശിച്ചു കൊണ്ട് ആ സ്ത്രീകൾ രണ്ടാം ഘട്ടമായി തങ്ങളുടെ കുപ്പിവളകൾ ദാവൂദിന് അയച്ചു കൊടുത്തു എന്നാണ് മുംബൈയിൽ പ്രചരിക്കുന്ന ഒരു കഥ. "ഇനി ആണാണെന്നും പറഞ്ഞു നടക്കേണ്ട ദാവൂദ് ഭായ്, ഇതാ ഞങ്ങളുടെ കുപ്പിവളകൾ അണിഞ്ഞുകൊണ്ട് നടന്നോളൂ..." എന്ന പരിഹാസമായിരുന്നു ആ സമ്മാനം. വർഷങ്ങളായി ഉത്തരേന്ത്യൻ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരേയും, സഹോദരന്മാരെയും ഒക്കെ അവരുടെ പുരുഷത്വത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രകോപിപ്പിക്കാനും പടയ്ക്കിറക്കാനുമായി പ്രയോഗിച്ചിരുന്ന ആ തന്ത്രത്തിൽ ദാവൂദും വീണു എന്നാണ് പറയപ്പെടുന്നത്. ഈ വളകൾ യഥാർത്ഥത്തിൽ ദാവൂദിന് അയച്ചു കിട്ടിയിരുന്നോ? അതോ ഇനി മുംബൈയിലെ മുസ്ലിം സ്ത്രീകളുടെ പേരിൽ കുപ്പിവളകൾ ദാവൂദിന് അയച്ചു നൽകി അയാളെ പ്രകോപിപ്പിച്ച തന്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചത് ഐഎസ്‌ഐ നേരിട്ടായിരുന്നോ എന്നതൊക്കെ തർക്കമുള്ള ചോദ്യങ്ങളാണ്. എന്തായാലും, ആദ്യം പ്രതികാരത്തിന് ഇറങ്ങാൻ തയ്യാറാകാതിരുന്ന ദാവൂദ്, പിന്നീട് ഐഎസ്‌ഐക്കൊപ്പം ചേർന്നുകൊണ്ട് 1993 -ലെ മുംബൈ സ്ഫോടനപരമ്പരയുടെ ഗൂഢാലോചന നടത്തി. ബാബ്‌റി മസ്ജിദ് തകർത്തത് ഈ പ്രകോപനത്തിന്‍റെ പേരിലാണ്. തന്റെ മുസ്ലിം സഹോദരീസഹോദരന്മാരുടെ സമ്പത്തും അഭിമാനവും ഹനിച്ചതിനുമുള്ള പ്രതികാരമെന്നാണ് ദാവൂദ് പിന്നീടാ സ്‌ഫോടനങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചത്.  

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him
ടൈഗർ, യാക്കൂബ് മേമന്മാർ 

ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ എന്നീ മൂന്നുപേരായിരുന്നു 1993 -ലെ ബോംബെ സ്ഫോടനപരമ്പര പ്ലാൻ ചെയ്തത്. തങ്ങളുടെ അനുയായികളിൽ മുസ്ലിങ്ങളെമാത്രം ഉൾപ്പെടുത്തിക്കൊണ്ട്, ഹിന്ദുക്കളായ അധോലോകകൊലയാളികളെ ഇതേപ്പറ്റി യാതൊന്നും തന്നെ അറിയിക്കാതെ സൂക്ഷിച്ച് വളരെ ശ്രദ്ധിച്ചായിരുന്നു ഈ ഗൂഢാലോചന. 1993 -ലെ ശിവാജി ജയന്തിയുടെ ദിവസം ഇന്ത്യയിലൊട്ടുക്കും തന്നെ പടർന്നു പന്തലിക്കുന്ന തരത്തിലുള്ള ഒരു വർഗീയലഹളയ്ക്ക് തുടക്കമിടുക എന്നതായിരുന്നു പ്ലാനിന്റെ ആദ്യ ഘട്ടം. അങ്ങനെ ഒരു ലഹളയ്ക്കുള്ള പ്രകോപനമായിട്ടാണ് ബോംബെയിലെ സ്ഫോടന പരമ്പര പ്ലാൻ ചെയ്യപ്പെട്ടത്. ആ സ്‌ഫോടനങ്ങൾ ഹിന്ദുക്കളെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുമെന്നും, അപ്പോൾ ആത്മരക്ഷാർത്ഥം എന്ന പേരും പറഞ്ഞ് കടുത്ത പ്രത്യാക്രമണങ്ങൾ നടത്താം എന്നുമായിരുന്നു പദ്ധതി. 

1992 ഡിസംബറിനും 1993 ജനുവരിക്കുമിടയിൽ ദാവൂദും അനീസ് ഇബ്രാഹിമും ടൈഗർ മേമൻ വഴി സ്ഫോടനം നടത്താൻ തയ്യാറായി വന്ന എട്ടു പേരെ ദുബായിയിൽ വെച്ച് കണ്ടു. അക്കൂട്ടത്തിൽ ടൈഗർ മേമന്റെ സഹോദരന്മാരായ അയൂബും യാക്കൂബും ഉണ്ടായിരുന്നു. യാക്കൂബ് ബോംബെയിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്യുന്ന കാലമാണത്. മേമൻ സഹോദരന്മാർ കഴിഞ്ഞ ലഹളയിൽ തങ്ങളുടെ ഓഫീസിനുണ്ടായ നാശനഷ്ടങ്ങളും, വേണ്ടപ്പെട്ടവർക്ക് നേരിടേണ്ടി വന്ന അപമാനങ്ങളും പീഡനങ്ങളും കാരണം വളരെ ക്ഷുഭിതരായി, പ്രതികാരം വീട്ടാൻ ഒരു അവസരം നോക്കി ഇരിക്കുന്ന സമയമായിരുന്നു അത്. അവർ മുഖാന്തരം 23 മുസ്ലിം യുവാക്കളെ ദുബായ് വഴി ഇസ്ലാമാബാദിൽ എത്തിച്ച് ഐഎസ്‌ഐ വക പരിശീലനം നൽകുകയുണ്ടായി. തങ്ങൾ ജോലി കിട്ടി ഗൾഫിലേക്ക് പോവുകയാണ് എന്നാണ് അവർ എല്ലാവരും തന്നെ കുടുംബങ്ങളോട് പറഞ്ഞത്. അവർ യാത്രചെയ്തത് പാകിസ്താന്റെ ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർവെയ്സിൽ (PIA)  ആണ്. ഇവരിൽ പലരിൽ നിന്നും പിന്നീട് ഇന്ത്യൻ അന്വേഷണ സംഘങ്ങൾ കണ്ടുകെട്ടിയ പാസ്പോർട്ടുകളിൽ, ദുബായിൽ നിന്നുള്ള എക്സിറ്റ് സ്റ്റാമ്പും, പിന്നീട് ദുബായിലേക്കുള്ള എൻട്രി സ്റ്റാമ്പും കാണാം. എന്നാൽ ദുബായിൽ നിന്ന് പറന്നു പോയത് എങ്ങോട്ടാണോ അവിടത്തെ എൻട്രി, എക്സിറ്റ് സ്റ്റാമ്പുകൾ ഇല്ലായിരുന്നു. ഇത് തന്നെ ഐഎസ്‌ഐ ഈ ഗൂഢാലോചനയുടെ ഭാഗമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. 
 

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him
 

ടൈഗർ മേമനും മുഹമ്മദ് ദോസയും ചേർന്നാണ് ഐഎസ്‌ഐ കടൽ മാർഗം എത്തിച്ചു നൽകിയ 'കാലാ സാബുൻ' അഥവാ ആർഡിഎക്സ് എന്ന സ്‌ഫോടകവസ്‌തു കസ്റ്റംസുകാരെ വെട്ടിച്ച് തങ്ങളുടെ ഗോഡൗൺ വരെ സുരക്ഷിതമായി എത്തിക്കുന്ന ജോലി ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ റായ്ഗഡ് വഴിയായിരുന്നു ലാൻഡിംഗ്. ബോംബെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് അത് സാധിച്ചത്. അവരുടെ ഗോഡൗണിൽ വെച്ചാണ് ഈ സ്ഫോടകവസ്തുക്കൾ ഇലക്ട്രോണിക് ടൈമറുകൾ ഘടിപ്പിച്ച് ടൈം ബോംബുകളാക്കി മാറ്റി കാറുകളിലും, സ്‌കൂട്ടറുകളിലും, സ്യൂട്ട് കേസുകളിലും മറ്റും ഘടിപ്പിച്ചത്. അതിനുശേഷമാണ് ഈ ടൈം ബോംബുകൾ വിവിധ ലൊക്കേഷനുകളിൽ എത്തിച്ച് പൊട്ടാൻ സജ്ജമാക്കി ഉപേക്ഷിച്ചത്. 1993 മാർച്ച് 12 -ന് സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിങ്ങിൽ ആദ്യ സ്ഫോടനം. പിന്നീട് രണ്ടുമണിക്കൂർ നേരത്തിനുള്ളിൽ, ഒന്നിന് പിന്നാലെ മറ്റൊന്നായി ശിവസേനാ ഭവൻ, സാവേരി ബസാർ, എയർ ഇന്ത്യാ ബിൽഡിങ്, പാസ്പോർട്ട് ഓഫീസ്, സീ റോക്ക് ഹോട്ടൽ, പ്ലാസാ സിനിമ, ജൂഹു സെന്റോർ ഹോട്ടൽ, സെഞ്ച്വറി ബസാർ, ഫിഷർമെൻസ് കോളനി, കോർപ്പറേഷൻ ബാങ്ക് മസ്ജിദ് മണ്ഡവി ബ്രാഞ്ച്, സഹർ എയർപോർട്ട് ടെർമിനൽ, കഥാ ബസാർ എന്നിങ്ങനെ പന്ത്രണ്ടിടങ്ങളിൽ കൂടി സമാനമായ സ്‌ഫോടനങ്ങൾ നടന്നു. ആകെ കൊല്ലപ്പെട്ടത് 257 പേർ. പരിക്കേറ്റത് 1400 പേർക്ക്. ഈ ബോംബുകൾ പ്ലാന്റ് ചെയ്തവരെ സ്‌ഫോടനങ്ങൾക്ക് ശേഷം നേപ്പാൾ വഴി ദുബായിലേക്ക് കടത്തിക്കൊള്ളാം എന്നായിരുന്നു ടൈഗർ വാഗ്ദാനം ചെയ്തിരുന്നത്.  

did ISI send Dawood Ibrahim bangles on behalf of Muslim women in Bombay to provoke him

'താനെ ക്രീക്കിൽ നിന്ന് പോലീസ് പിടിച്ചെടുത്ത കാലാ സാബുൻ അഥവാ ആർഡിഎക്സ്' 

എന്നാൽ, രാകേഷ് മരിയയുടെ നേതൃത്വത്തിൽ നടന്ന പഴുതടച്ച അന്വേഷണത്തിൽ ബോംബ് സ്ഥാപിച്ച ഷോയിബ് ഘൻസാർ, ഇംതിയാസ്‌ ഗാവ്‌ടെ, അസ്ഗർ മുകാദം, ഷാനവാസ് ഖുറേഷി, അബ്ദുൽ ഖനി തുർക്ക്, പർവേസ് ഷെയ്ഖ്, യൂസുഫ് ഷെയ്ഖ്, നസീം ബർമാരെ, ഫാറൂഖ് പാവാലെ, മുഷ്‌താഖ്‌ തറാനി തുടങ്ങിയവരും, ഗൂഢാലോചനയുടെ ഭാഗമായ യാക്കൂബ് മേമൻ, ഇസാ എന്ന യൂസുഫ് മേമൻ, മുസ്തഫാ ദോസ, റുബീന മേമൻ, ബഷീർ ഖൈറുള്ള, സക്കീർ ഹുസ്സൈൻ, അബ്ദുൽ അഖ്തർ ഖാൻ, ഫിറോസ് അമാനി മാലിക്, മോയിൻ ഖുറേഷി എന്നിവരും അറസ്റ്റിലായി. ഒപ്പം സ്‌ഫോടക വസ്തു ലാൻഡിങ്ങിൽ സഹായിച്ച ദാവൂദ് ഫൺസെ, ശരീഫ് അബ്ദുൽ ഗഫൂർ പാർക്കർ എന്നിവരും പൊലീസ് പിടിയിലായി. കൈക്കൂലി വാങ്ങി ഈ ലാൻഡിങ്ങിനു നേരെ കണ്ണടച്ച ബോംബെ കസ്റ്റംസ് കളക്ടർ എസ് എൻ താപ്പ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ആർ കെ സിംഗ്, കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് സുൽത്താൻ സയ്യിദ്, എസ് എസ് താൽവഡേക്കർ, ഇൻസ്‌പെക്ടർ ജയവന്ത് ഗൗരവ് എന്നിവരും പൊലീസ് കസ്റ്റഡിയിലായിരുന്നു. പലർക്കും ടാഡാ വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും, യാക്കൂബ് മേമൻ ഒഴിച്ചുള്ളവർക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊടുത്തിരുന്നു. 

ബോംബെയിൽ 1993 -ൽ നടന്ന ആദ്യ സ്ഫോടനപരമ്പരയും അതിനു ശേഷം നടന്ന മറ്റു പല തീവ്രവാദ ആക്രമണങ്ങളും അന്വേഷിച്ച് തെളിയിച്ച രാകേഷ് മരിയ ഐപിഎസ് എന്ന ഈ അതിസമർത്ഥനായ കുറ്റാന്വേഷകന്റെ ആത്മകഥ പുറത്തുവന്നതോടെ വെളിപ്പെട്ടിരിക്കുന്നത് ആ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട അതിരസകരമായ പല വിഷയങ്ങളും കൂടിയാണ്. 
 

Follow Us:
Download App:
  • android
  • ios