Asianet News MalayalamAsianet News Malayalam

ഒ വി വിജയനും കേട്ടെഴുത്തുകാരിയും: സമഗ്രാധികാരത്തിന്റെ പലകാല വായനകള്‍

പുസ്തകപ്പുഴയില്‍ ഇന്ന് കരുണാകരന്‍ എഴുതിയ 'കേട്ടെഴുത്തുകാരി' നോവലിന്റെ വായന.  രശ്മി പി എഴുതുന്നു
 

Karunakarans fiction Kettezhuthukari Reading by Reshmi P
Author
First Published Feb 25, 2023, 4:36 PM IST

തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ഒരു രാജ്യത്ത് പൗരനോ പൗരിക്കോ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയെയാണ് നോവല്‍ പ്രമേയമാക്കുന്നത്. പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന പകയുടെ കണ്ണുകളെ ഓരോ മനുഷ്യരും നേരിടേണ്ടിയിരിക്കുന്നു. ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ആയുധത്തെ പ്രതീക്ഷിച്ചാവണം, ഓരോ മനുഷ്യനും ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതെന്നും നോവല്‍ പറഞ്ഞു വെക്കുന്നു.

 

Karunakarans fiction Kettezhuthukari Reading by Reshmi P

കേട്ടെഴുത്തുകാരി ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
.........................

 

മലയാളിയുടെ  വ്യവസ്ഥാപിത വായനാരീതിയുടെ  ഭാവുകത്വത്തെ   വേറിട്ടൊരു  ദിശയിലേക്ക് നയിക്കുന്ന, കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ  പുതിയ നോവലാണ് 'കേട്ടെഴുത്തുകാരി.' ഒ. വി വിജയന്റെ കഥകളുടെ കേട്ടെഴുത്തുകാരിയായി വരുന്ന പത്മാവതി, അവരുടെ കുടുംബം, ഒ. വി വിജയന്‍ എന്ന എഴുത്തുകാരന്‍ നേരിടുന്ന വിലക്കുകള്‍, രാഷ്ട്രീയ അസഹിഷ്ണുതകള്‍, ചോദ്യം ചെയ്യപ്പെടുന്ന ജാതീയത എന്നിവയെല്ലാം 'കേട്ടെഴുത്തുകാരി'ചര്‍ച്ച ചെയ്യുന്നു.

ആധുനികതാവാദത്തിന്റെ ഭാഗമായി രൂപപ്പെട്ട ഭാവുകത്വത്തിനൊപ്പമാണ് ഒ വി വിജയന്റെ എഴുത്തുജീവിതവും തുടങ്ങുന്നത്. സമൂഹത്തിലെ യഥാസ്ഥിതിക പാരമ്പര്യത്തില്‍ നിന്ന് വിട പറഞ്ഞ് പുതുഭാവുകത്വത്തിന്റെ  വേരുകളില്‍ ഉറച്ചു നില്‍ക്കാന്‍ വിജയന്  കഴിഞ്ഞു.  'സാഹിത്യ സ്ഥാപനത്തോട് മാത്രമല്ല സമൂഹത്തിലെ വിമര്‍ശനാത്മകമായ എന്തിനെയും നിര്‍ദ്ദയം ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ ആക്ഷേപ ഹാസ്യം വികസിക്കുന്നുണ്ട്' എന്ന പി കെ രാജശേഖരന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ആക്ഷേപ ഹാസ്യലീലയ്ക്ക് സമാന്തരമായി, വേദനയും, കരുണയും ഫാന്റസിയും അലിഗറിയും  തിങ്ങിയ വിശാലലോകമായി  പരിണമിക്കുന്ന ഒ. വി വിജയന്‍ എന്ന എഴുത്തുകാരന്റെ ലോകം കാലത്തെ അതിജീവിക്കുന്നതാണ്.

കേട്ടെഴുത്തുകാരിയെ കുറിച്ച് അറിയുന്നതിനുമുമ്പ്, വിജയന്‍ എന്ന എഴുത്തുകാരനെയും രാഷ്ട്രീയ, സാഹിത്യ മണ്ഡലങ്ങളില്‍ നിന്നുള്ള നിരന്തര ആക്രമണങ്ങളെ അതിജീവിച്ച് അദ്ദേഹം മലയാള സാഹിത്യ ലോകത്ത് നാഴികക്കല്ലായി മാറിയതിനെ പറ്റിയും അറിയേണ്ടതുണ്ട്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്ന കാലഘട്ടത്തില്‍ 'തന്റെ കുടുംബം അധികാരത്തില്‍ വരുന്നു' എന്നാണ് ഒ. വി വിജയന്‍ അഭിപ്രായപ്പെട്ടത്. (ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്). എന്നാല്‍ കമ്മ്യൂണിസം സമഗ്രാധിപത്യ രൂപത്തിലേക്ക് വഴിമാറുന്ന നേരത്ത് വിജയന്‍ എഴുത്തിലും വരയിലും അതിനെ രൂക്ഷമായി വിമര്‍ശിച്ചു. തന്റെ രാഷ്ട്രീയ നിലപാടിനെയും കേരളത്തിന്റെ മൊത്തം രാഷ്ട്രീയ ജീവിതത്തെയും താരതമ്യം ചെയ്യുന്ന രീതിയിലായിരുന്നു വിജയന്റെ  രാഷ്ട്രീയലേഖനങ്ങളുടെ പൊതു സ്വഭാവം എന്നുവേണമെങ്കില്‍ പറയാം. ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ  അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച വരുത്തി, ധിഷണയെ മിനുക്കിയെടുത്ത്, എഴുത്തിലൂടെയും, കാര്‍ട്ടൂണിലൂടെയും   വിജയന്‍ പോരാടി. കമ്മ്യൂണിസം, മതം, ദൈവം, വിശ്വാസം, അധികാരം, മാനവികത, രാഷ്ട്രീയം, ജനാധിപത്യം, ചരിത്രം ഇങ്ങനെ പലതിനെ പറ്റിയും നേരിട്ട് ചിന്തിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. താന്‍ വിശ്വസിച്ച രാഷ്ട്രീയത്തിന് വരാന്‍ പോകുന്ന അപചയത്തെ അദ്ദേഹം വിമര്‍ശിച്ചപ്പോള്‍ ഒ. വി വിജയന്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശിക്കപ്പെടുകയും, വിലക്കപ്പെടുകയും ചെയ്തു.

....................

Also Read : എല്ലാ നിയമങ്ങളും പൊട്ടിച്ചെറിയുന്ന കാമം, കപടസദാചാരത്തെ തൂക്കിയെറിയുന്ന മനുഷ്യരുടെ ലോകം

 Karunakarans fiction Kettezhuthukari Reading by Reshmi P

Image Courtesy: KR Vinayan/ ovvijayanmemorial.com

 

വിജയന്റെ മരണത്തിനു മുമ്പും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങളാണ് 'കേട്ടെഴുത്തുകാരി' എന്ന നോവല്‍ പ്രതിപാദിക്കുന്നത്. അടിയന്തിരാവസ്ഥക്കാലമാണ് ഇതിവൃത്ത കാലമെങ്കിലും തീവ്രവലതു പക്ഷത്തിന്റെ ആദ്യ അധികാരാരോഹണ തലത്തിലേക്കും ആഖ്യാനം ചലിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയ അസമത്വം, അടിച്ചമര്‍ത്തല്‍, തീവ്രവലതുപക്ഷവല്‍ക്കരണം എന്നിവയെയും സമര്‍ത്ഥമായി വിളക്കിച്ചേര്‍ക്കുന്നുണ്ട്, കരുണാകരന്‍. രാഷ്ട്രീയവും വിവേകവും ഒരുമിക്കുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം (ഭ്രാന്ത്), കലയുടെ തന്നെ ആസക്തിയാണെന്നാണ് എഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നത്. ഓര്‍മ്മ എഴുത്തിന്റെ ഇന്ധനമാകുമ്പോള്‍ അത് സ്വാഭാവികം. 'ഖസാക്കിന്റെ   ഇതിഹാസ'ത്തിനും 'ധര്‍മ്മപുരാണ'ത്തിനും ഇടയിലുള്ള വിജയന്റെ കാലം സങ്കല്പിച്ചാണ് കേട്ടെഴുത്തുകാരി എന്ന നോവലിന്റെ ത്രെഡ് എഴുത്തുകാരന്‍ സൃഷ്ടിച്ചത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന വിജയന്‍ ശൈലി തന്നെയാണ് 'കേട്ടെഴുത്തുകാരി'യിലും പ്രത്യക്ഷമാവുന്നത്.

ജാതി വേര്‍തിരിവുകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന 'തലമുറകള്‍' എഴുതാന്‍ പാലക്കാടിനടുത്ത ദേശത്ത്  എത്തിയ വിജയന്‍ യാദൃച്ഛികമായാണ് കേട്ടഴുത്തുകാരിയായി എത്തിയ പത്മാവതിയെ കാണുന്നത്. എഴുതാന്‍ ഉദ്ദേശിക്കുന്ന കഥയുടെ രത്‌നച്ചുരുക്കം അദ്ദേഹം അവളുമായി പങ്കുവെയ്ക്കുന്നു. പറയ ജാതിയില്‍ പെട്ട ഒരാണും പെണ്ണും വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ ഒരു ക്ഷേത്രത്തില്‍ എത്തുന്നു, ജാതി അവര്‍ക്ക് തടസ്സമാകുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് അനുമതി നിഷേധിച്ച ആ ക്ഷേത്രത്തിലേക്ക് കറുപ്പും വെളുപ്പും നിറമുള്ള രണ്ട് പൂച്ചകളായി രൂപം മാറി അവര്‍ പ്രവേശിക്കുന്നു. ദൈവത്തെ കാണാന്‍ മനുഷ്യര്‍ക്ക് മനുഷ്യരൂപം തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. മൃഗത്തിന്റെ ഉടലും മനുഷ്യന്റെ മോഹവുമുള്ള രൂപങ്ങള്‍.

നോവലിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ പത്മാവതിയും അമ്മ സീതാലക്ഷ്മിയുമാണ്. മൊത്തം നോവല്‍ഘടന പരിശോധിച്ചു നോക്കിയാല്‍ ശക്തമായ കഥാപാത്രങള്‍ ഇവരാണെന്ന് നിസ്സംശയം പറയാം. യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിനകത്ത് ജീവിതം കെട്ടിപ്പടുക്കുന്ന അവര്‍ക്കിടയിലേക്ക് പെട്ടെന്നാണ് സേതുപതി എന്ന ഗൃഹനാഥന്‍ തീവ്രഹിന്ദുത്വവാദിയാണെന്ന അറിവെത്തുന്നത്. അയാളെ പോലീസ് അറസ്റ്റ് ചെയ്തത് കൊണ്ട് പോയത് ആ രണ്ടു സ്ത്രീകളെയും മാനസികമായി തകര്‍ത്തെങ്കിലും അമ്മ സീതാലക്ഷ്മി ഉറച്ച മനസ്സോടെ ധീരമായി അതിനെ നേരിടുന്നു. ഈച്ചകളെ ഓരോന്നായി കൊന്ന് നിരനിരയായി വെക്കുന്ന സേതുപതിയുടെ ക്രൂര വിനോദത്തെ പറ്റി അവര്‍ മകളോട് പറയുന്നുണ്ട്. 'അയാളുടെ പ്രവൃത്തി' എന്നായിരുന്നു  സീതലക്ഷ്മി അതിനെപ്പറ്റി പറഞ്ഞത്. അച്ഛനെ അമ്മ, 'അയാള്‍' എന്നു വിളിച്ചത് പത്മാവതി ശ്രദ്ധിക്കുന്നുണ്ട് ഭാര്യക്കും മകള്‍ക്കും  പ്രായമായിട്ടും, ജരാനരകള്‍ ബാധിക്കാത്ത സേതുപതിയെപ്പറ്റി എഴുത്തുകാരന്‍ പലയിടത്തും പറയുന്നുണ്ട്. 

ശാപം കിട്ടിയ ജന്മം പോലെ ലോകാവസാനം വരെ നികൃഷ്ടതയോടെ തുടര്‍ന്നു പോകുന്ന ജന്മമായാണ് സേതുപതിയെ കുടുംബം കാണുന്നത്. ഭര്‍ത്താവിന്റെ അറസ്റ്റിനുശേഷം വീട്ടില്‍ ഒറ്റയ്ക്കായ സീതാലക്ഷ്മി ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത ചിത്രരചനയില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ചായങ്ങളും കടലാസും വാങ്ങി ജനലിനടുത്ത് മേശയ്ക്ക് അരികില്‍ ഇരുന്ന് ചിത്രം വരയ്ക്കാന്‍ ആഗ്രഹിച്ചിട്ടും ഒന്നുപോലും വരയ്ക്കാന്‍ കഴിയുന്നില്ല. ജീവിതത്തിലെ നിര്‍ണായക സമയത്ത് ഒരു ഉറച്ച തീരുമാനത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുമ്പോള്‍, അത് പുരുഷാധികാര ധാര്‍ഷ്ട്യത്തിനും അടിച്ചമര്‍ത്തലിനും എതിരായ നടപടികള്‍ കൂടി ആയിരിക്കും എന്ന 'കേട്ടെഴുത്തുകാരി' സൂചിപ്പിക്കുന്നു. അമ്മയുടെ മരണശേഷം പത്മാവതി അച്ഛനെ നിഷേധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. വിജയന്‍ എന്ന എഴുത്തുകാരനെ ആരാധിച്ചിരുന്ന, സ്‌നേഹിച്ചിരുന്ന ഒരു  കുടുംബത്തിലെ നാഥന്‍, തീവ്രഹിന്ദു സംഘടനയില്‍ അഭിരമിച്ച്  വിജയനെ ഒറ്റുകൊടുക്കാന്‍ തയ്യാറായ നിലപാട് അയാളുടെ വീട്ടിലെ സ്ത്രീകള്‍ വെറുക്കുന്നു.

അടിയന്തരാവസ്ഥയുടെ കാലയളവിലാണ്  സേതുപതി അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് തീവ്രവലതു പക്ഷവും നിരോധിക്കപ്പെട്ടിരുന്നു. ഒ.വി വിജയന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെട്ടിരുന്ന ആള്‍ തന്നെയായിരുന്നു സേതുപതി. തീവ്ര വലതുപക്ഷ സംഘടനയില്‍ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സേതുപതി ഹിന്ദുത്വ തീവ്രവാദത്തിലേക്ക് കടക്കുന്നു. ഒ.വി വിജയന്‍ എന്ന് എഴുത്തുകാരന് ഇടതുപക്ഷ തീവ്രവാദികളുമായി ബന്ധമുണ്ടോ എന്ന സംശയം സേതുപതിക്കുണ്ട്. ഹിന്ദുത്വ തീവ്രവാദത്തില്‍ വിശ്വസിച്ചിരുന്ന അയാള്‍ ഹിംസയുടെ പ്രതിരൂപമാണ്. അറസ്റ്റ് ചെയ്തതിനു ശേഷമുള്ള ജയില്‍വാസവും തുടര്‍ന്നുള്ള ഒളിവ് ജീവിതവും കഴിഞ്ഞ് അയാള്‍ മകളായ പത്മാവതിയെ കാണാന്‍ എത്തുന്നുണ്ട്. താന്‍ കൊലചെയ്ത വേലായുധന്റെ കുടുംബം പത്മാവതിയോടൊപ്പം താമസിക്കുന്നതറിഞ്ഞ് വന്നതാണയാള്‍. അവരെ കൂടി ഇല്ലാതാക്കണം എന്നൊരു ഗൂഢലക്ഷ്യം അയാള്‍ക്കുണ്ടായിരിക്കാം. 

ജരാനരകള്‍ ബാധിക്കാത്ത സേതുപതിയുടെ ഓര്‍മ്മ, സര്‍വീസില്‍ നിന്ന് പിരിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ അസീസില്‍ എത്തുന്നുണ്ട്. ഉള്ളിലെ പകയും കണ്ണിലെ തീയും ഓര്‍മ്മകളിലേക്ക് എത്തുന്ന സമയം സേതുപതി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ഒരാള്‍ ഓര്‍മ്മയുടെ മരവിപ്പോടെ തന്നെ കാണാന്‍ എത്തിയിരിക്കുന്നു എന്നാണ് ആ സമയത്തെ അസീസ് വിശദീകരിക്കുന്നത്. ഒരിക്കല്‍ താന്‍ ശിക്ഷ വാങ്ങിക്കൊടുത്തയാള്‍, സ്വന്തം ആയുസ്സില്‍ ഉറച്ചുപോയ ഒരാള്‍ തന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അസീസിന്റെ മനസ്സില്‍ ഭീതിയുണ്ടായിരുന്നു. എന്നാല്‍ സേതുപതി കാലം വരുത്തിവെച്ച കുറച്ച് യാഥാര്‍ത്ഥ്യങ്ങളെ അസീസിനും ബോധ്യമാക്കി കൊടുക്കുകയാണ്. 'നോക്കൂ കാലം എന്തെല്ലാമാണ് നമുക്ക് കാണിച്ചുതരുന്നത്, ധര്‍മ്മം അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ട ഓരോ ആളും അധര്‍മ്മത്തെ എപ്പോഴും കണ്ടുമുട്ടുന്നു. ഇപ്പോള്‍ ഞങ്ങള്‍ രാജ്യം ഭരിക്കുന്നു. ഞാന്‍ തടവറയിലല്ല, പുറത്താണ്. അധികാരങ്ങള്‍ മാറി.' വര്‍ത്തമാനകാലത്ത് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയം, ഒരുകാലത്ത് അധര്‍മ്മപാതയെ പിന്തുണച്ചു എന്ന് ആരോപിക്കപ്പെട്ടവരായിരുന്നു. തങ്ങളുടെ അനുയായികളെ സ്വതന്ത്രരാക്കാനും അവരുടെ ഉള്ളിലെ പകയുടെ കനലുകളെ ആളിക്കത്തിക്കാനും അവര്‍ക്ക് കഴിയുന്നു.

കരുണാകരന്റെ തന്നെ  'യുവാവായിരുന്ന ഒന്‍പതു വര്‍ഷങ്ങള്‍' എന്ന നോവലിലെ കഥാപാത്രമായ രാമു കേട്ടെഴുത്തുകാരിയിലും എത്തുന്നത് സ്വാഭാവികമായിരിക്കാം. ഖസാക്കിലെ ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നത് പോലെയുള്ള അനസ്യൂതമായ ഒരു  ഒഴുക്കുമാത്രമായിരിക്കാമത്.  അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും തോറ്റപ്പോള്‍ രാജ്യത്തിന്റെയും മകന്റെയും ഭാവിയോര്‍ത്ത് ആധി പൂണ്ട ശിവശങ്കരന്റെ മകനാണ് രാമു. നോവലിലെ കേന്ദ്രകഥാപാത്രവും രാമുവാണ.് ജീവിതത്തിന്റെ സൂത്രവാക്യങ്ങളിലും പകിടകളിലും ശ്രദ്ധ ചെലുത്താതെ, ഏകാന്തതയിലും സ്വപ്നങ്ങളിലൂടെ സര്‍ഗാത്മകലോകം സാധ്യമാണെന്നും ഉറപ്പിക്കുന്ന കവി കൂടിയാണ് രാമു. അരാജകവാദിയോ അലസനോ അല്ലാത്ത അയാള്‍ പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. സ്വപ്നങ്ങളിലെ മിഥ്യാ, യാഥാര്‍ത്ഥ്യ ലോകത്തിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിതം മുന്നോട്ടു നീക്കുന്ന രാമു നീതിന്യായ വ്യവസ്ഥയുടെ അപചയത്തില്‍ പ്രതിഷേധിച്ച് അതിന്റെ കാവലാളുകളായി സ്വയം അവരോധിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധിയാണ് (യുവാവായിരുന്ന ഒന്‍പതു വര്‍ഷങ്ങള്‍). 

പ്രവാസ ജീവിതത്തിനു ശേഷം രാമു 'കേട്ടെഴുത്തുകാരി'യില്‍ പത്മാവതിയുടെ സഹായത്തിനായി എത്തുന്നു. തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസം, രാജ്യത്തെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തവന്‍ ആയിരുന്നു രാമു. രാജ്യം പൗരന്റെ സങ്കല്പത്തില്‍ തന്നെ ഇല്ലാത്ത ദിവസങ്ങളില്‍, ആ രാജ്യം നമ്മള്‍ വിട്ടു പോന്നിരിക്കുന്നു എന്നാണ് രാമുവിന്റെ പക്ഷം. ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും നടപടികളെ എഴുത്തുകാരന്‍ വിമര്‍ശിക്കുന്നുണ്ട്. ഭരണ അസഹിഷ്ണുതകള്‍ക്കെതിരെയുള്ള രോഷം പങ്കുവയ്ക്കുമ്പോഴൊക്കെയും എഴുപതുകളുടെ തുടക്കത്തില്‍ ഡല്‍ഹിയില്‍ വച്ച് വിജയനെ കണ്ട വിവരവും  പത്മാവതിയോട് പറയുന്നു. പരിചയപ്പെടുന്ന സമയത്ത് രാമു തന്റെ പേര് കാള്‍ പോപ്പര്‍ എന്നാണ് വിജയനോട് പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഒരു  വിദേശപൗരനാണ് കാള്‍ പോപ്പര്‍. വിശ്വാസവും യുക്തിയുമായി ബന്ധപ്പെട്ട കാള്‍ പേപ്പര്‍ ചിന്താഗതികള്‍ തന്നെയായിരിക്കാം രാമുവിനെകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയിപ്പിച്ചത്.

കാലത്തിന്റെ തുടര്‍ച്ചയായി മാറുന്ന പത്മാവതി, അന്ധവിശ്വാസ (വിശ്വാസ) ത്തിന്റെ ഭാഗമായി വരുന്ന പുതുതലമുറയിലെ കുഞ്ഞിനെ കാണുമ്പോള്‍ (രമണിയുടെ കുഞ്ഞ്), താന്‍ ഇപ്പോഴും അതേ കഥയില്‍ തന്നെ തുടര്‍ന്നു പോകുന്നതായി തോന്നുന്നുവെന്നും ഇനിയും കുറേക്കാലം പറയാനാവുന്ന കഥ, കുറെ അധ്യായങ്ങളില്‍ എഴുതി പോകാവുന്ന കഥ, അല്ലെങ്കില്‍ ഇതെല്ലാം ഒരു കഥ മാത്രമായിരുന്നെങ്കില്‍ എന്നും ആശിച്ചു പോകുന്നു. കാണുന്ന ദുഃസ്വപ്നങ്ങള്‍ എല്ലാം ദുസ്വപ്നങ്ങള്‍ മാത്രമായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന  എഴുത്തുകാരന്റെ മനസ്സ് ഇവിടെ കാണാം. രാജ്യത്ത് നടക്കുന്ന ഫാസിസം, അധികാര, ഭീകരത, തീവ്രവാദം എന്നിവയിലെല്ലാം പ്രതികരിക്കേണ്ടിവരുന്ന ഒരെഴുത്തുകാരന്‍ അധികാര സ്ഥാപനങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വിലക്കുകള്‍ നേരിടുമ്പോള്‍ പ്രക്ഷുബ്ധമാകുന്ന മനസ്സിനെ ശാന്തമാക്കാന്‍ കഴിയാതെ ഇടങ്ങളില്‍ നിന്ന് ഇടങ്ങളിലേക്ക് അയാള്‍ക്ക് പലായനം ചെയ്യേണ്ടിവരുന്നു

ഖസാക്കിന്റെ ഇതിഹാസത്തിലെ നൈസാമാലി ഒ. വി വിജയന്റെ  തുടര്‍ന്നുള്ള ഓരോ പാതയിലും പിന്തുടരുന്നുണ്ട്. അയാളോളം വിജയനെ കരുതലില്‍ എടുക്കുന്ന വേറൊരു കഥാപാത്രം തനിക്ക് ഇല്ലെന്ന്  വിജയന്‍ നൈസാമലിയോട് പറയുന്നുണ്ട്. സഹായിയായി ഒപ്പം കൂടുന്ന ശിവരാമന്‍ നായരും ഖസാക്കിന്റെ ബാക്കിപത്രമാണ്. 'പേടി മാറാനാണ് ഒരാള്‍ കഥകള്‍ എഴുതുന്നത്' എന്നാണ് വിജയന്‍ കേട്ടെഴുത്തുകാരിയോട് പറയുന്നത്. അടിയന്തരാവസ്ഥ, സ്വാഭാവികമായ എന്തിനെയും വേഗത്തില്‍ മായ്ച്ചുകളയുന്നതായി വിജയന്‍ പേടിയോടെയാണ് ഓര്‍ക്കുന്നത്. തന്റെ എഴുത്തിനെ കുറിച്ച് അന്വേഷിക്കാനായി കേന്ദ്ര ഏജന്‍സിയില്‍ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ അസീസിനോട് സുതാര്യമായാണ് വിജയന്‍ ഇടപെടുന്നത്. എഴുത്തിനെ പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും രാജ്യത്തെപ്പറ്റിയും ഓര്‍ക്കുമ്പോഴൊക്കെ അസീസ് എന്ന ചെറുപ്പക്കാരനെ കൂടി ഒ. വി  വിജയന്‍ ഓര്‍ക്കുന്നു. എഴുതുക എന്ന പ്രക്രിയ എങ്ങനെയാണ് രാജ്യത്തിന് എതിരെയാവുന്നത് എന്നത് ഒരിക്കലും മറ്റൊരാള്‍ക്ക് വിശദീകരിച്ച് നല്‍കാന്‍ വിജയന് കഴിഞ്ഞിരുന്നില്ല. പക്ഷേ അതേസമയം വിലക്കപ്പെടല്‍ എന്നൊരു ശത്രു, അരൂപിയായ ഒരു ജീവി, ദൈവമോ, ചെകുത്താനോ എന്ന് ഒരിക്കലും പിടികിട്ടാത്ത ഒരു സാന്നിധ്യം വിജയനില്‍ നിറയാന്‍ തുടങ്ങിയിരുന്നു.ആ ഭയത്തെ മറികടക്കാനാണ് പാലക്കാട്ടേക്ക് വിജയന്‍ എത്തിച്ചേര്‍ന്നത്.

വിജയന്റെ കഥ പറച്ചിലിലൂടെ അടിയാള ജീവിതവും കൂടി കരുണാകരന്‍ കേട്ടെഴുത്തുകാരിയില്‍ അടയാളപ്പെടുത്തുന്നു. പറയ ജാതിയില്‍ പെട്ട രമണി എന്ന സ്ത്രീ പറഞ്ഞു വയ്ക്കുന്ന കഥകള്‍ അതിനു സാക്ഷ്യം. ജാതി രഹസ്യങ്ങള്‍ നിറഞ്ഞ, ജാതിഭേദങ്ങളുടെയും അയിത്താചാരങ്ങളുടെയും കഥയായിരുന്നു അത്. തലമുറകളായി തുടര്‍ന്നുവരുന്ന ഒരു (അന്ധ) വിശ്വാസമുണ്ട്. കുടുംബത്തില്‍ പിറക്കുന്ന ഓരോ പെണ്‍ ജന്മങ്ങളും ഒരു കാലിന് സ്വാധീനം ഇല്ലാത്തവരാകുന്നു. അതുപോലെ മറ്റൊരു വീട്ടില്‍ മറ്റൊരു  വംശത്തില്‍ ഭ്രാന്തനായി ഒരു ആണ്‍കുട്ടിയും ജനിക്കുന്നു. തലമുറകളായി തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായം ആയിരുന്നു അത്. ആ വംശക്കാര്‍ കുട്ടികളെ പൂച്ചകളായി മാറുന്ന വിദ്യ പഠിപ്പിക്കുന്നു. എല്ലാ പാര്‍ട്ടിയിലും ജാതിയും അയിത്തവും ഉണ്ട് എന്ന് വിശ്വസിച്ച, വ്യക്തമായ രാഷ്ട്രീയ ബോധമുള്ള വേലായുധന്‍ ആണ് രമണിയുടെ ഭര്‍ത്താവ്. തീവ്രവാദ  സംഘടനയുടെ നേതാവിന്റെ കയ്യാല്‍ അയാള്‍ കൊല്ലപ്പെടുമ്പോഴും തന്റെ നിലപാടില്‍ അയാള്‍ ഉറച്ചു വിശ്വസിച്ചു. 

 

.....................

Also Read: കാഫ്ക, കരുണാകരന്‍ എഴുതിയ കഥ

Also Read: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ
 

Karunakarans fiction Kettezhuthukari Reading by Reshmi P

Cartoon: OV VIjayan 

മഹാത്മാഗാന്ധിയുടെ ജീവിതദര്‍ശനങ്ങളെ മരണംവരെ പിന്തുടര്‍ന്നിരുന്ന ഒരാളാണ് ഒ.വി വിജയന്‍. 'കേട്ടെഴുത്തുകാരി'യും സാക്ഷ്യപ്പെടുത്തുന്നത് അക്കാര്യമാണ്. ജീവിതത്തിന്റെ ഉന്മാദാവസ്ഥയില്‍ അദ്ദേഹം ഗാന്ധിയെ കണ്ടുമുട്ടുന്നതായി ഭാവന നെയ്യുന്നു. മാതൃരാജ്യം ഇരുണ്ട ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ വിജയന്‍ ഗാന്ധിയെ ഓര്‍ക്കുന്നുണ്ട്. വിലക്കിന്റെ ഭ്രാന്താവസ്ഥയില്‍ അകപ്പെട്ട് ഇരിക്കുമ്പോഴൊക്കെ ഗാന്ധി എന്ന ചെറുപ്പക്കാരന്‍ തന്നോട് സംസാരിക്കുന്നതായി വിജയന്‍ കരുതി. മഹാനായ കാര്‍ട്ടൂണിസ്റ്റും മഹാനായ എഴുത്തുകാരനുമായ ഒ. വി വിജയനെ  കാണാനെത്തിയ ഗാന്ധി,  അയാള്‍ക്ക് വേണ്ടി പാതയോരത്ത് കാത്തുനിന്ന് നാടിന്റെ തിന്മകള്‍ക്കെതിരെ അദ്ദേഹത്തോടൊപ്പം പോരാടാന്‍ ക്ഷണിക്കുന്നു. മതങ്ങള്‍ക്ക് വേണ്ടിയല്ലാതെ മതസഹവര്‍ത്തിത്വത്തിനുവേണ്ടി കൊല്ലപ്പെട്ട ഗാന്ധി. ഗാന്ധിജിയെ പോലെ വിജയനും പന്തിഭോജനം നടത്തുന്നുണ്ട് ഗാന്ധിയെ കൊല്ലാന്‍ ആര്‍ക്കും കഴിയില്ലെന്ന ശിവരാമന്‍ നായരുടെ വാദത്തെ നൈസാമലി എതിര്‍ക്കുന്നു. ഒരു നിശ്ചിത തീയതിയില്‍ കൊല്ലപ്പെട്ടവനാണ് ഗാന്ധി എന്ന് അയാള്‍ പറയുന്നുണ്ട്. 'ഒരൊറ്റ മരണത്തെ തങ്ങളുടെ ഉടലില്‍ നിന്നുള്ള മരണമായി പലരും കണക്കാക്കുന്നു. തങ്ങളുടെ ഉടലില്‍ തന്നെ അതിനെ സംസ്‌കരിക്കുന്നു. തങ്ങളുടെ ഉടലില്‍ തന്നെ അതേപോലെ പാര്‍ക്കുന്ന കൊലപാതകത്തിന്റെ മീതെ പൂക്കള്‍ വയ്ക്കുന്നു.'

ഒരു ഘട്ടത്തില്‍ പത്മാവതി ഒ.വി വിജയനോട് പറയുന്നുണ്ട് -'കണ്ടില്ലേ ഞാനാണ് ഇപ്പോ കഥ പറയുന്നത്. വിജയന്‍ എഴുതാനിരുന്ന കഥ ഇപ്പോള്‍ താന്‍ പറയുന്നു. താന്‍ തന്നെ കേട്ടെഴുതുന്നു. എന്റെ തന്നെ ജീവിതമാകുന്നു.' എല്ലാവര്‍ക്കും ഓരോ ജീവിതവും ഓരോ കഥകളും ഉണ്ടെന്ന് നോവല്‍ ഓര്‍മിപ്പിക്കുന്നു. ഭരണകൂടഭീകരതയെ, അധികാരത്തെ എല്ലാവരും ഭയക്കുന്നു. ആരും പ്രതികരിക്കുന്നില്ല. ഒരാള്‍ പറയുന്നു, മറ്റൊരാള്‍ കേട്ടെഴുതുന്നു, വേറൊരാള്‍ വായിക്കുന്നു. അതേസമയം പറയുന്ന ആളും കേട്ടറിയുന്ന ആളും വായിക്കുന്ന ആളും അനുഭവങ്ങളെ കാണുന്ന ആളും എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള വികാരം ഉടലെടുക്കുന്നു. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് അദൃശ്യമായ എതിര്‍പ്പുകള്‍ തേടി വരുന്നതിന്റെ ഭയം. തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ഒരു രാജ്യത്ത് പൗരനോ പൗരിക്കോ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയെയാണ് നോവല്‍ പ്രമേയമാക്കുന്നത്. പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന പകയുടെ കണ്ണുകളെ ഓരോ മനുഷ്യരും നേരിടേണ്ടിയിരിക്കുന്നു. ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ആയുധത്തെ പ്രതീക്ഷിച്ചാവണം, ഓരോ മനുഷ്യനും ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതെന്നും നോവല്‍ പറഞ്ഞു വെക്കുന്നു.

കേട്ടെഴുത്തുകാരി എന്ന നോവല്‍ ചര്‍ച്ച ചെയ്യുന്ന കുറച്ചു വിഷയങ്ങളുണ്ട്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ സാഹിത്യ സാംസ്‌കാരിക ലോകത്ത് ചലനങ്ങള്‍ വരുമ്പോള്‍ അവരെ തടയിടാനും, വിലക്കാനും ശ്രമിക്കുന്ന അധികാര വ്യവസ്ഥ. ഈ ടെക്‌നോളജി കാലഘട്ടത്തിലും ജാതീയതയുടെ പേരില്‍ ക്ഷേത്രത്തിനകത്തു മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മനുഷ്യര്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ശാരീരികമായോ( ഒരു പരിധി വരെ ) മാനസികമായോ ഉള്ള പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന അവസ്ഥ. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പരിഗണനയും സ്ഥാനവും കൊടുക്കുന്ന സമൂഹം. ദേശീയ മൃഗമായ കടുവയ്ക്കില്ലാത്ത പരിഗണനയാണ് പശുവിന് ദേശം നല്‍കുന്നത്. വൈരുദ്ധ്യങ്ങള്‍ എത്രയുണ്ടെങ്കിലും ചോദ്യം ചെയ്യപ്പെടാനോ പ്രതിഷേധിക്കാനോ കഴിയാത്ത സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു എന്ന പരിഹാസവും എഴുത്തുകാരന്‍ പറയാതെ പറയുന്നുണ്ട്. ഒ വി വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനും എഴുത്തുകാരനും ഒപ്പം നിന്നുകൊണ്ട്, തന്റെ രാഷ്ട്രീയ ബോധവും, സമൂഹത്തിലെ അരക്ഷിതാവസ്ഥയുമാണ് കരുണാകരന്‍ കേട്ടെഴുത്തുകാരി എന്ന നോവലിലൂടെ വെളിപ്പെടുത്തുന്നത്.
 

Follow Us:
Download App:
  • android
  • ios