Asianet News MalayalamAsianet News Malayalam

ഓര്‍മ്മകള്‍ തന്നെയാണ് ഒരാളുടെ ജീവിതം; ആനന്ദവും ദുഃഖവും, തടവറയും സ്വാതന്ത്ര്യവും!

 പുസ്തകപ്പുഴയില്‍ ഇന്ന് ശിവപ്രസാദ് പി എഴുതിയ ഓര്‍മ്മച്ചാവ് എന്ന നോവലിന്റെ വായന
 

reading a novel ormachaavu by Shiva prasad P
Author
First Published Oct 21, 2022, 4:32 PM IST

ഓര്‍മ്മച്ചാവ് ഒരു യാത്രയാണ്. വര്‍ത്തമാനത്തിന്റെ മുറിവുകളെ, ഭൂതകാലത്തിന്റെ/ഓര്‍മ്മകളുടെ  ചോദ്യങ്ങള്‍ ചോദിച്ച് വീര്‍പ്പുമുട്ടിക്കുന്ന, അഹംബോധങ്ങളെ തകര്‍ത്തുകളഞ്ഞ ഗംഭീരയാത്ര. ബെന്യാമിന്‍ അവതാരികയില്‍ പറയുന്നതുപോലെ ഇത് വായനക്കാരന്റെ ഇന്നോളമുള്ള ബോധ്യങ്ങളെ താരാട്ടുപാടി ഉറക്കുകയില്ല. അവയെ മുറിവേല്പിക്കുകയോ തകര്‍ത്തുകളയുകയോ തന്നെയാണ്. 

 

reading a novel ormachaavu by Shiva prasad P


'സത്യത്തില്‍ മനുഷ്യജീവിതം പിന്നോട്ടാണ് ചലിക്കുന്നത്. മറ്റുജീവികളില്‍ നിന്നുള്ള വലിയ വ്യത്യാസം. ഓര്‍മകളുടെ ദിശയാണത്.'

ഭൂതവര്‍ത്തമാനങ്ങളിലൂടെ, ഒരു കഥയില്‍നിന്ന് പല കഥകളായി, ഓരോ കഥയുടെ വളവിലും വായനക്കാരെ പിടിച്ചുലയ്ക്കുന്ന മനോഹര നോവലാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ശിവപ്രസാദ് പി. യുടെ 'ഓര്‍മ്മച്ചാവ്.'

'പുഴ കടന്ന്  മല കടന്ന്
പാടം കടന്ന് പണ്ടം പണിഞ്ഞ്
മഴകൊണ്ട് വെയില് കൊണ്ട്...' ഉള്ളതുണ്ടുടുത്ത് കൂടെപ്പൊറുക്കാന്‍ നാലീരമ്മയെ വിളിക്കാന്‍ചെന്ന നാലീരന്റെ കഥ പറഞ്ഞ്, നാലീരങ്കാവിലേക്ക്, നോവലിന്റെ മാന്ത്രികക്കളത്തിലേക്ക് എഴുത്തുകാരന്‍ നമ്മെ അനായാസം കൊണ്ടുചെന്നെത്തിക്കുന്നു.

മുഖര്‍ജിയുടെ ആശുപത്രിയില്‍ ഓര്‍മ്മകള്‍ നശിച്ച് 'നോര്‍മല്‍ അല്ലാതെ' കഴിയുന്ന മണിയനില്‍നിന്ന്, അവന്‍ ആദ്യമായുച്ചരിക്കുന്ന തെറികളില്‍ക്കൂടി, നാലീരങ്കാവിന്റെ കഥ കേട്ടെഴുതുന്ന അള്‍ത്താരയിലൂടെ നോവല്‍ മുന്നോട്ടു പോകുന്നു. ശാസ്ത്രം പഠിച്ചു മുതിരുമ്പോള്‍ അമ്പിളിയമ്മാവന്‍ വെറും കല്ലായതുപോലെ, നാലീരന്റേതുള്‍പ്പടെ പല കഥകളും ചരിത്രം പഠിച്ച കുട്ടികള്‍ക്ക് 'തള്ളുകഥകളാകുന്നു'. ഈ കഥകളുടെ മാന്ത്രികതയാണ് നോവലിന്റെ ജീവന്‍. അതിന്റെ കടുംനിറങ്ങളുള്ള പശ്ചാത്തലത്തിലാണ് എഴുത്തുകാരന്‍ നാലീരങ്കാവിന്റെ ഭൂമിശാസ്ത്രമെഴുതുന്നത്. രാഷ്ട്രീയം പറയുന്നത്. ഇടയ്‌ക്കൊക്കെ പരിഹസിക്കുന്നത്. പുരുഷന്റെ അഹന്തകളെ തച്ചുടയ്ക്കുന്നത്. സ്വന്തം ഇച്ഛകളെ കൊട്ടിയടച്ച പെണ്‍തേങ്ങലുകളായി നാലീരങ്കാവിനെ വരയ്ക്കുന്നത്. അള്‍ത്താരയെക്കൊണ്ട് ഉശിരുള്ള വാക്കുകള്‍ സംസാരിപ്പിക്കുന്നത്. അവള്‍ മുഴക്കമുള്ള 'നോ' പറയുന്നത്. വത്സലയും റഹ്മത്തും പ്രണയിക്കുന്നത്. വല്ലി നക്‌സലേറ്റാകുന്നത്.

'ഭഗവതിയെ കെട്ടാന്‍  അവരിലവനെ വീണ്ടും മുളപ്പിക്കാന്‍ പൂതിമൂത്ത്' വന്ന നാലീരന്‍. 'ദേവിയാണെങ്കിലും ഓളൊരു പെണ്ണല്ലേ... ഓള്‍ക്കും വേണ്ടേ ഒരു കൂട്ടും കുട്ടീം' എന്ന ചോദ്യം! ഉദ്ധരിച്ച ലിംഗത്തിന്റെ അഹംഭാവത്തെ പേരക്കുട്ടിയുടെ വിവാഹാലോചനയോടെ തകര്‍ക്കുന്ന  ഭൂതകാലത്തിലെ രാജകുമാരിയുടെ  മുത്തശ്ശി.  വര്‍ത്തമാനത്തില്‍ തനിക്ക് ലൈംഗികതയുടെ 'ഔദാര്യം' വച്ചുനീട്ടുന്ന മുഖര്‍ജിയോട് 'അതിന് എനിക്കുംകൂടി തോന്നണ്ടേ' എന്ന ചോദ്യം ചോദിച്ച അള്‍ത്താര, ഗാന്ധിജി നിരാകരിക്കപ്പെട്ട ചുമരുകള്‍, നാലീരമ്മയുടെ തീണ്ടാരിച്ചോരച്ചൂടിലൊഴുകിയ പുഴ, പുഴകടക്കാനാവാതെ തിരിച്ചോടിയ മാപ്പിളമാര്‍, 'ഭാവിയിലും  ഈ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വിചാരണചെയ്യപ്പെടുമെന്ന' തിരിച്ചറിവ്. ആശുപത്രിയിലെ 'റൗണ്ട്‌സ്' കഴിഞ്ഞ് ഉറക്കം തൂങ്ങുന്ന 'മുഖര്‍ജി'യുടെ ലൈംഗിക വൈകൃതങ്ങള്‍, ലെസ്ബിയന്‍ പ്രണയം. തനിക്കിഷ്ടമുള്ള സ്ത്രീകളെ കീഴ്‌പ്പെടുത്തുന്ന, കുളിക്കടവിലൊളിച്ച് നോക്കി ആനന്ദത്തിലെത്തുന്ന സവര്‍ണനായ മണിയന്റെ അജ്ഞത, ലൈംഗികതയ്ക്കിടയില്‍ അമ്മയിലേക്കയാള്‍ നടത്തുന്ന യാത്ര, മണിയനോട് വാത്സല്യം തോന്നുന്ന അമ്മിണി,  അവഗണനകളില്‍ പൊള്ളി  നാടുവിട്ട് മുഖര്‍ജിയായ രാമന്‍, സവര്‍ണനെ വിഷം തീണ്ടിയപ്പോള്‍ ആ വിഷം തന്നിലേക്കെടുത്ത് മരിച്ച യജമാനന്‍, സ്വന്തം മരണം വിവരിച്ച  മണിയന്‍, അയാള്‍ പറഞ്ഞ കഥയെഴുതിയെഴുതി അള്‍ത്താര നടത്തുന്ന യാത്രകള്‍, നോവലിന്റെ അവസാനം അവളുടെ തുടയിടുക്കിലൂടെ ഒഴുകുന്ന ചുവന്ന പുഴ. അങ്ങനെ ദേശചരിത്രവും, മിത്തുകളും, രാഷ്ട്രീയവും  പറഞ്ഞ നിരവധി കഥാപാത്രങ്ങളെ അസാമാന്യമായി അവതരിപ്പിച്ചിരിക്കുന്നു ഓര്‍മ്മച്ചാവെന്ന നോവല്‍.
 
വായനാന്ത്യം നമ്മെ സ്പര്‍ശിക്കുവാന്‍ പോകുന്നത് നോവലിലെ പെണ്ണുങ്ങളാണ്. അമ്മമാരാണ്. രാജകുമാരിക്ക് ഏറ്റവും ചെറിയ കിടുങ്ങാമണിയുള്ള വരനെയന്വേഷിക്കുന്ന മുത്തശ്ശി, അള്‍ത്താര, ഇന്നമ്മ, കാശിയുടെ  മകള്‍, പത്തുപെറ്റതില്‍ ജീവിച്ചിരിക്കുന്ന ഒമ്പതിനേയും മറന്ന് ചാപിള്ളയായ ഒന്നിനേയോര്‍ത്ത് ജീവിതാന്ത്യംവരെ ദു:ഖിച്ച ബീയാത്തുമ്മ, തീവ്രമായി പ്രണയിച്ച് പലനിറങ്ങളില്‍ പുരണ്ട് കുളത്തില്‍ മരിച്ചു കിടന്ന വത്സല, ഒരു പെണ്ണിനുമാത്രമെ, മറ്റൊരുപെണ്ണിനെ പൂര്‍ണ്ണമായറിയാനാവൂ എന്ന് അതേ കുളത്തില്‍ അലയടിച്ചു വീണ് ഒറ്റയായ്‌പ്പോയ റഹ്മത്ത്, മരണം വരെ സമരം ചെയ്ത വല്ലി, നീലി, അമ്മിണി, ഒരിക്കലും സ്വയം വെളിപ്പെടാനാവാതെ തേങ്ങിയ നാലീരമ്മ... 

പിന്നെ പെണ്ണിനോട് സമപ്പെടുന്ന പ്രകൃതിയും. ഗര്‍ഭത്തിലെയതേ സുഖസുഷുപ്തിയിലെന്നപോലെ മനുഷ്യരെ ചാപിള്ളകളായ് പെറ്റിടുന്ന ചെമ്പ്രമല, ഒറ്റമുലക്കല്ല്.
    
നോവലില്‍ അള്‍ത്താരയെ ശ്വാസം മുട്ടിക്കുന്ന സ്വപ്നങ്ങള്‍ വായനക്കാരേയും ശ്വാസം മുട്ടിച്ചേയ്ക്കും. നമ്മളെല്ലാം സഞ്ചരിക്കുന്ന തടവറകളാകും.

'ഓര്‍മ്മകള്‍ തന്നെയാണ് ഒരാളുടെ ജീവിതം...
ആനന്ദവും ദുഃഖവും.
തടവറയും സ്വാതന്ത്ര്യവും.
കലയും കാലവും.
ചാവും ചരിത്രവും.
എല്ലാം. എല്ലാം ഓര്‍മകള്‍ മാത്രം...'

ഓര്‍മ്മച്ചാവ് ഒരു യാത്രയാണ്. വര്‍ത്തമാനത്തിന്റെ മുറിവുകളെ, ഭൂതകാലത്തിന്റെ/ഓര്‍മ്മകളുടെ  ചോദ്യങ്ങള്‍ ചോദിച്ച് വീര്‍പ്പുമുട്ടിക്കുന്ന, അഹംബോധങ്ങളെ തകര്‍ത്തുകളഞ്ഞ ഗംഭീരയാത്ര. ബെന്യാമിന്‍ അവതാരികയില്‍ പറയുന്നതുപോലെ ഇത് വായനക്കാരന്റെ ഇന്നോളമുള്ള ബോധ്യങ്ങളെ താരാട്ടുപാടി ഉറക്കുകയില്ല. അവയെ മുറിവേല്പിക്കുകയോ തകര്‍ത്തുകളയുകയോ തന്നെയാണ്. 


 

Follow Us:
Download App:
  • android
  • ios