Asianet News MalayalamAsianet News Malayalam

ആറുമാസം ഉന്മാദം, ആറുമാസം വിഷാദം; ഒരു കവിയുടെ ഞാണിന്‍മേല്‍ നടത്തങ്ങള്‍

പുസ്തകപ്പുഴയില്‍ ഇന്ന് പ്രശസ്ത കവിയായ കെ.വി.ബേബിയുടെ 'ഇരുമുഖങ്ങളുള്ള ഒരു ജീവിതം' എന്ന പുസ്തകത്തിന്റെ വായനാനുഭവം.    മനീഷ് ചന്ദ്ര എഴുതുന്നു

reading memoirs of KV Baby by Maneesh Chandra
Author
First Published Oct 26, 2022, 4:59 PM IST

ഒരു മനോരോഗിയെന്ന് കേട്ടാല്‍ മുഖം ചുളിക്കുന്ന,  ആട്ടിയോടിക്കുന്ന, പ്രാകൃതമായി പെരുമാറുന്ന ഒരു സമൂഹത്തിനു മുന്നില്‍ താന്‍ ഒരു മനോരോഗിയെന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റം തന്നെയാണ് കെ.വി.ബേബി എന്ന വ്യക്തിയുടെ മഹത്വം വെളിപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകം. അതുകൊണ്ടുതന്നെ ഈ പുസ്തകം മറ്റ് ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നേറെ വ്യത്യസ്തമാണ്.

 

reading memoirs of KV Baby by Maneesh Chandra

 

ഒരു ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിക്കൊണ്ടാണ് പ്രശസ്ത കവി കെ.വി. ബേബി തന്റെ ഓര്‍മ്മകള്‍ക്ക് തുടക്കമിടുന്നത്. സ്വയമറിഞ്ഞാലും അംഗീകരിക്കാന്‍ വിഷമമുള്ള, ഒരു ആത്മഗതം പോലെ സ്വയം പറയാന്‍ പോലും മടിക്കുന്ന,  ആ സത്യം പിന്നെ പുറത്ത് മറ്റൊരാളോട് എങ്ങനെ പറയാന്‍. പക്ഷേ ബേബി അത് ചെയ്തു. തന്റെ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ത്തന്നെ. ഒരു മൂടുപടവും ഇല്ലാതെ തുടങ്ങുന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം തുറന്നുപറയുന്നു താനൊരു മനോരോഗിയാണെന്ന്. അസുഖം ബൈപോളാര്‍ ഡിസോര്‍ഡര്‍! കൂടെ അതോടനുബന്ധിച്ച മറ്റു ഡിസോര്‍ഡറുകളും

സിനിമകളിലും കഥകളിലുമൊക്കെ നിറംപിടിപ്പിച്ചു ചിത്രീകരിച്ച ബൈപോളാറിനു യാഥാര്‍ത്ഥ്യവുമായി വലിയ അകല്‍ച്ച. ഒരു മനോരോഗിയെന്ന് കേട്ടാല്‍ മുഖം ചുളിക്കുന്ന,  ആട്ടിയോടിക്കുന്ന, പ്രാകൃതമായി പെരുമാറുന്ന ഒരു സമൂഹത്തിനു മുന്നില്‍ താന്‍ ഒരു മനോരോഗിയെന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റം തന്നെയാണ് കെ.വി.ബേബി എന്ന വ്യക്തിയുടെ മഹത്വം വെളിപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകം. അതുകൊണ്ടുതന്നെ ഈ പുസ്തകം മറ്റ് ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നേറെ വ്യത്യസ്തമാണ്.

കാടാറുമാസം നാടാറുമാസം എന്ന് പറയുന്നതു പോലെ ആറുമാസം ഉന്മാദവും ആറുമാസം വിഷാദവുമായുള്ള തന്റെ ജീവിതത്തെ തുറന്നു കാട്ടുന്നതോടെ നിര്‍ത്തുന്നില്ല കാര്യങ്ങള്‍. അസുഖം അനലൈസ് ചെയ്യുന്നത്, സുഹൃത്തുക്കളായ കവി സച്ചിദാനന്ദനോടും ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടും ചര്‍ച്ചചെയ്യുന്നത്, അതേത്തുടര്‍ന്നുള്ള കണ്‍സള്‍ട്ടേഷനുകള്‍, അസുഖ ലക്ഷണം,  മരുന്ന്, സൈഡ് ഇഫക്റ്റുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഈയൊരനുഭവം മതി ഒരു വായനക്കാരനെ സ്വന്തം ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കാനും തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ പ്രാപ്തനാക്കുവാനും.    

കുട്ടിക്കാലത്തെ മൂക്കന്നൂര്‍ കാഴ്ചകളിലൂടെ തുടങ്ങുന്ന രണ്ടാം അധ്യായത്തില്‍ നിന്നും മുന്നോട്ടു പോകുമ്പോള്‍ നാം ബേബിയുടെ ജീവിതത്തിലെ പ്രധാന വ്യക്തികളെയും അദ്ദേഹത്തിനും വഴിത്തിരിവായ സംഭവങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നു.     

ജീവിതത്തേക്കാളേറെ നാടകത്തെ സ്‌നേഹിച്ച മൂക്കന്നൂര്‍ സെബാസ്റ്റ്യന്‍, ലഭിച്ച ബാങ്ക് ജോലിയും കളഞ്ഞു, നാടകത്തിലേക്കിറങ്ങുമ്പോള്‍ തനിക്കുണ്ടായിരുന്നത് വെറും ആത്മവിശ്വാസം മാത്രമായിരുന്നില്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. അങ്ങനെ നാടകത്തില്‍ വെന്നിക്കൊടി പാറിച്ചു നില്‍ക്കുമ്പോഴാണ് ശ്രദ്ധ സിനിമയിലേക്ക് തിരിഞ്ഞത്. അവിടെ നിന്നങ്ങോട്ട് പതനമായിരുന്നു. ഉള്ളതെല്ലാം നഷ്ടപ്പെട്ട്, ഒന്നുമാകാതെയുള്ള ആ ജീവിതം അവസാനിച്ചത് തൃശ്ശൂരിലെ ഒരു ക്യാന്‍സര്‍ ഹോസ്പിറ്റലില്‍. ജീവിച്ചിരുന്നപ്പോള്‍ താന്‍ എഴുതിയ നാടകങ്ങളോ മറ്റു രചനകളോ പുസ്തക രൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ രേഖപ്പെടുത്താനും അയാള്‍ മെനക്കെട്ടില്ല. സെബാസ്റ്റ്യന്റെ ഈ രേഖപ്പെടുത്താതെ പോയ ജീവിതം നമുക്കും ഒരു പാഠമാണ്. വരുംകാല വീഴ്ചകളില്‍ നിന്ന് രക്ഷ നേടാനും നമ്മള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് മറക്കാതെ അടയാളപ്പെടുത്താനുമുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇത് നമുക്കു മുന്നില്‍ നിലകൊള്ളുന്നു.    

സ്‌കൂളില്‍ കണക്ക് ഡെമോണ്‍സ്‌ട്രേഷന് എത്തിയ ഹ്യൂമന്‍ കംപ്യൂട്ടര്‍ ശകുന്തളാ ദേവി, കുട്ടിക്കാലത്ത് കേട്ട കഥകള്‍, കവിതകള്‍,  കുഞ്ഞുണ്ണി മാഷിന്റെ ചങ്ങലക്കഥാകവിത, എന്നിവ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

 

reading memoirs of KV Baby by Maneesh Chandra

 

ചങ്ങലക്കഥാകവിത എന്തെന്ന് അറിയാത്തവര്‍ക്കായി കുഞ്ഞുണ്ണി മാഷിന്റെ ചങ്ങലക്കഥാകവിതയില്‍ നിന്നേതാനും വരികള്‍:    

''കൂട്ടുകാരെ, നിങ്ങള്‍    
കുട്ടമ്മാനെ കണ്ടോ.    
കൂട്ടുകാരെ, നിങ്ങള്‍    
കുട്ടമ്മാന്‍ കെട്ടിയ വീട് കണ്ടോ.    
കൂട്ടുകാരെ, നിങ്ങള്‍        
കുട്ടമ്മാന്‍ കെട്ടിയ വീട്ടിലിരിക്കുന്ന    
കൂടു കണ്ടോ.    
കൂട്ടുകാരെ, നിങ്ങള്‍    
കുട്ടമ്മാന്‍ കെട്ടിയ വീട്ടിലിരിക്കുന്ന    
കൂട്ടില്‍ക്കിടക്കുന്ന കോഴിയെ കണ്ടോ.    
- - - - - -- - - - - -- - - - - -- - - - - -- -     
കൂട്ടുകാരെ, നിങ്ങള്‍    
കുട്ടമ്മാന്‍ കെട്ടിയ വീട്ടിലിരിക്കുന്ന    
കൂട്ടില്‍ക്കിടക്കുന്ന കോഴിയെത്തിന്ന    
കുറുക്കനെക്കൊന്നൊരു തോക്കുമായി തെക്ക്ന്ന്    
തക്കട തരികിട താളം ചവിട്ടി വരുന്നതു നോക്കുവിന്‍    
കുട്ടമ്മാനല്ലയോ
മാറിക്കോളിന്‍ വേഗം മാറിക്കോളിന്‍    
തോക്കു പൊട്ടുമിപ്പോള്‍.''
    

കുറച്ചു നാളുകളായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കെ. എ. ജയശീലന്റെ അത്യുഗ്രന്‍ കവിതകള്‍ വായിച്ചിട്ട് അദ്ദേഹത്തെ പരിചയപ്പെടാന്‍ കവി സച്ചിദാനന്ദന് ഒരു മോഹം. അത് പ്രകാരം ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസില്‍ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറായ  കെ. എ. ജയശീലനെ പരിചയപ്പെടുകയും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ചിലവഴിച്ച നിമിഷങ്ങളെയും കെ.വി.ബേബി മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. പെരിങ്ങോട്ടുകരയിലെ പഴയ വീടും, ജയശീലന്റെ ലളിതമായ പാചകവിധികളും വൈകുന്നേരത്തെ നടത്തത്തിനിടയില്‍ കാവില്‍ കയറാനൊരുങ്ങുമ്പോള്‍ തടസ്സമെന്നോണം പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെ തറപ്പിച്ചു നോക്കി ഒതുക്കുന്ന വിദ്യയുമൊക്കെ ബേബി ആസ്വാദ്യകരമായ രീതിയില്‍ തന്നെ വിവരിച്ചിരിക്കുന്നു.
    
സച്ചിദാനന്ദന്‍ കാണാതെ പഠിച്ചു ചൊല്ലി ബേബിയെ അത്ഭുതപ്പെടുത്തിയ ജയശീലന്റെ 'ആനപ്പുറത്തിരുന്ന്' എന്ന കവിതയില്‍ നിന്ന്:

''ആനപ്പുറത്തിരുന്നാരാനുമാരാനും
മാമരക്കൊമ്പില്‍പ്പിടിച്ചുവെന്നാല്‍
മാമരക്കൊമ്പില്‍പ്പിടിച്ചുകൊണ്ടങ്ങനെ
ആനയെപ്പോകാനനുവദിച്ചാല്‍
ആന വരാന്‍ വേറെയാന വരാന്‍ കാത്ത്    
മാമരക്കൊമ്പത്തു ഞാന്നു നില്‍ക്കെ    
ആന വന്നില്ലെങ്കിലാരും വന്നില്ലെങ്കി-    
ലാരാന്റെ കാര്യം കഠിനമല്ലേ?''    

ഒരു കാവ്യ സന്ദര്‍ഭത്തിലെയൊരു വാക്കിന്റെ അര്‍ത്ഥമാരാഞ്ഞു കുഞ്ഞുണ്ണിമാഷിന്റെയടുത്തെത്തുമ്പോള്‍ ''എനിക്ക് നന്നായറിയാം. പക്ഷേ, പറഞ്ഞു തരില്ല. ഞാന്‍ പറഞ്ഞു തന്നാല്‍,  തനിക്കത് എളുപ്പത്തില്‍ വെറുതെ കിട്ടിയതാകും. വെറുതെ കിട്ടുന്നതിനു വിലയില്ല. അതിന്റെ അര്‍ത്ഥം താന്‍ തന്നെ ഒരു നിഘണ്ടു നോക്കി കണ്ടെത്തുക അങ്ങനെ കണ്ടെത്തിയാല്‍ പിന്നെ താന്‍ അത് ഒരിക്കലും മറക്കില്ല.'' എന്ന ഉത്തരമാണ് ലഭിച്ചത്. ഈ ഉപദേശം പിന്നീട് തന്റെ ജീവിതത്തെ ഒരുക്കുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ബേബി പറയുന്നു.    

കവിതയും നാട്ടിന്‍പുറവിശേഷങ്ങളും മാത്രമല്ല അല്‍പ്പം ചരിത്രവുമുണ്ട് ബേബിയുടെ പുസ്തകത്തില്‍. വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഗോവയുടെ ലഘുചരിത്രം. ഗോവയുടെ ഏറ്റവും പ്രധാന വരുമാനമാര്‍ഗം ടൂറിസം. ഒരു മുസ്ലിം പട്ടണമായിരുന്ന ഗോവ പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കൈക്കലാക്കി. അങ്ങനെ മുസ്ലിം ഗോവ ക്രിസ്ത്യന്‍ ഗോവയായി. 1961 ഡിസംബറില്‍ ഇന്ത്യന്‍ പട്ടാളം ഗോവയെ പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്നും മോചിപ്പിച്ചു. അങ്ങനെ ഗോവയെക്കുറിച്ചും  ചരിത്ര സ്മാരകങ്ങളെക്കുറിച്ചും പള്ളികളെക്കുറിച്ചുമൊക്കെ വിശദമായി പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.    

 

reading memoirs of KV Baby by Maneesh Chandra

 

1945-ല്‍ കെ.പി.ഹോര്‍മീസ് വക്കീല്‍ 5000 രൂപ മൂലധനം മുടക്കി, പ്രവര്‍ത്തനം ഇല്ലാതെ കിടന്ന ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്കിന്റെ ഷെയര്‍ വാങ്ങി, ആരംഭിച്ചതാണ് ഇന്നത്തെ ഫെഡറല്‍ ബാങ്ക്. മൂക്കന്നൂരില്‍ നിന്നാരംഭിച്ച ഫെഡറല്‍ ബാങ്ക് ചരിത്രവും കെ.വി.ബേബി വിട്ടു കളഞ്ഞിട്ടില്ല.    

കൊയ്ത്തുത്സവത്തെക്കുറിച്ചും ബേബി തന്റെ കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിനുപുറമേ എസ്.കെ.വസന്തന്‍ മാഷിന്റെ മലയാളം ക്ലാസുകള്‍, ഒ.എന്‍.വിയുടെ രചനകള്‍, സുകുമാര്‍ അഴീക്കോട്, അയ്യപ്പപ്പണിക്കര്‍ മുതലായവരെയും ബേബി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ചലച്ചിത്ര പിന്നണി ഗായകനായ എ.എം.രാജയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ചും അദ്ദേഹത്തിന്റെ  അന്ത്യത്തെക്കുറിച്ചും ഒക്കെ ബേബി തന്നെ ഓര്‍മകളിലൂടെ രേഖപ്പെടുത്തുന്നു. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടയില്‍ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന രാജയുടെ മനോഹര ഗാനങ്ങള്‍ ഇന്നും അദ്ദേഹത്തില്‍ പഴയ ഓര്‍മ്മകളുണര്‍ത്തുന്നു. 

ആദ്യമായി ഉണ്ട വെജിറ്റേറിയന്‍ സദ്യ മുതല്‍ മൂക്കന്നൂരിലെ നോണ്‍ വെജിറ്റേറിയന്‍ സദ്യയുടെ ചിട്ടവട്ടങ്ങള്‍ വരെ ബേബി ഒരു അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതോടൊപ്പം കുട്ടിക്കാലത്തെ ആ പച്ചക്കറി സദ്യ പഠിപ്പിച്ച പാഠവും, ''പച്ചക്കറിസദ്യ ഉണ്ണുമ്പോള്‍ വയറ്റില്‍ കുറച്ചിടം പായസത്തിനൊഴിച്ചിടണം. അല്ലെങ്കില്‍,  ചിലപ്പോള്‍ വയറു വീര്‍ത്ത് ചത്തു പോയേക്കാം.''    

സ്വന്തം കവിതകളേക്കാളുപരി മറ്റു കവികളുടെ കവിതകളാണ് അധികവും. ഒരു കവി തന്നെ തിരഞ്ഞെടുത്ത മറ്റു കവികളുടെ കവിതകള്‍ക്ക് മേന്മ കൂടുതലായിരിക്കുമല്ലോ.

അവസാന അധ്യായം ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കുറിച്ചുള്ളതാണ്. ബാലചന്ദ്രനെ അറിയാത്തവര്‍ക്ക് അറിയാനും, അറിഞ്ഞവര്‍ക്ക് കൂടുതല്‍ അറിയുവാനും ദീര്‍ഘമായ ഈ അധ്യായം സഹായിക്കും. ചെറുപ്പകാലത്ത് ആദ്യമായി കണ്ടുമുട്ടുന്നത് മുതല്‍ ഒത്തൊരുമിച്ച് താമസിക്കുന്നതും വളര്‍ച്ചയുടെ പടികള്‍ കയറുന്നതുമൊക്കെ ബേബിയുടെ നിഷ്‌കളങ്കമായ വാക്കുകള്‍ കൊണ്ട് കോറിയിടുന്നു. കവിഹൃദയമുള്ളവര്‍ക്ക് ഈ അധ്യായം ഒരു വിരുന്നിനു തുല്യം. കോളേജ് കാലഘട്ടത്തില്‍ ബാലചന്ദ്രന്റെ ഹോസ്റ്റലിലേക്ക് ഉള്ള വരവിനെ ബേബി ഗംഭീരമായി തന്നെ വിവരിക്കുന്നുണ്ട്. അതില്‍ കുറച്ചു ഭാഗം ഇങ്ങനെ.    

 

reading memoirs of KV Baby by Maneesh Chandra

ബാലചന്ദ്രന്‍ ചുള്ളിക്കാട്


 

''അങ്ങനെയിരിക്കുമ്പോള്‍, ഒരു കൊടുങ്കാറ്റുപോലെ കടന്നുവരും ബാലന്‍. വാതിലില്‍ മുട്ടാതെ, അനുവാദം ചോദിക്കാതെ, ആചാരമര്യാദകള്‍ക്കതീതമാണല്ലോ സൗഹൃദം. സൗഹൃദം എന്നാല്‍ സ്വാതന്ത്ര്യം. മിക്കവാറും രാത്രിയാണ് വരവ്. വന്നപാടെ തോള്‍സഞ്ചി കട്ടിലിലിടും, കട്ടിലില്‍ കയറിക്കിടന്നു വര്‍ത്തമാനം തുടങ്ങും. തോള്‍ സഞ്ചിയില്‍ നിന്ന് തന്റെ പുതിയ കവിതയെടുത്തു വായിച്ചു കേള്‍പ്പിക്കും. ബാലന്റെ ഉറക്കെയുള്ള സംസാരവും കവിത ചൊല്ലലും മറ്റു മുറികളില്‍ നിന്ന് ആളുകളെ വിളിച്ച് ഇറക്കിക്കൊണ്ടുവരും. അങ്ങനെ,  എന്റെ മുറിയില്‍ ഒരാള്‍ക്കൂട്ടം. എല്ലാവരുടെയും മുഖത്ത് ഒരേ രസം, അത്ഭുതം. ഒരേ ഭാവം, വിസ്മയം.''    

പുസ്തകത്തില്‍ കൊടുത്തിരുന്ന,  ബേബിയുടെ മനോഹരമായ ഒരു കുറുങ്കവിത:

''നിദ്രയില്‍ നിത്യനിദ്ര    
പുല്‍കുവോരെത്ര ഭാഗ്യവാന്മാര്‍!''    

കെ.വി.ബേബി കവിയാണോ ലേഖകനാണോ എന്ന് ചോദിച്ചാല്‍ പറയാം, അതു രണ്ടുമാണ്. എന്നാല്‍ കവിയുടെ കവിതയേക്കാള്‍ മുന്‍തൂക്കം ലേഖനത്തിനല്ലേ എന്ന് ചോദിച്ചാല്‍,  തീര്‍ച്ചയായും ലേഖനത്തിന്  തന്നെ എന്ന് പറയാം. അതിനു പ്രധാന കാരണം കവിയുടെ ആഖ്യാനശൈലി തന്നെ. അതിനൊരു ഉത്തമോദാഹരണമാണ് അദ്ദേഹത്തിന്റെ 'ഇരുമുഖങ്ങളുള്ള ഒരു ജീവിതം' എന്ന ഓര്‍മ്മക്കുറിപ്പ്.

സ്വതസിദ്ധമായ നര്‍മ്മത്തിലെഴുതിയിരിക്കുന്ന ഈ കുറിപ്പുകള്‍ വായനക്കാരനെ ചിരിക്കുവാനും ചിന്തിക്കുവാനും സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് രസിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് പുസ്തകം രചിച്ചിട്ടുള്ളത്. കെ.വി.ബേബിയെ വായിക്കുന്നവര്‍ മറ്റ് കവികളെയും കവിതയേയും  മാത്രമല്ല പ്രായോഗിക ജീവിതത്തിന്റെ ചില വശങ്ങള്‍ കൂടി മനസ്സിലാക്കുന്നു. അതോടൊപ്പം മാനസികമായി വളരുകയും ചെയ്യുന്നു.    

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.വി.ബേബിയുടെ 'ഇരുമുഖങ്ങളുള്ള ഒരു ജീവിതം' എന്ന പുസ്തകത്തിന്റെ ടാഗ്‌ലൈന്‍ തന്നെ 'ഒരു കവിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം' എന്നാണ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങളാണ് അധികവും. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കവി പി.പി. രാമചന്ദ്രനാണ്.

മേന്മകളെ കൂടാതെ ന്യൂനതകള്‍ കൂടി പരിശോധിക്കുകയാണെങ്കില്‍ ചുരുക്കി എഴുതാവുന്ന പലയിടത്തും പരത്തി എഴുതിയിരിക്കുന്നത് കാണാം, പ്രത്യേകിച്ച് സഭാ വിഷയം എഴുതിയിരിക്കുന്നിടത്ത്. ഒരു കവിയുടെ ഓര്‍മ്മകളെ കാവ്യാത്മകമായ കൃതി എന്ന് കരുതി സമീപിക്കുന്നവര്‍ക്കും തെറ്റുപറ്റാം. എന്നാല്‍ ബേബിയുടെ അവതരണശൈലി ന്യൂനതകള്‍ എല്ലാം കവച്ചുവച്ച് ഒരു പടി മുകളില്‍ നില്ക്കുന്നു. അത് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്യുന്നു.    

എന്‍.എന്‍. കക്കാട് പുരസ്‌കാരം, പി.നരേന്ദ്രനാഥ് അവാര്‍ഡ് , പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ടി.എസ്.തിരുമുമ്പ് കവിതാ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, പൂന്താനം അവാര്‍ഡ് , വെണ്മണി സ്മാരക പുരസ്‌കാരം, അയനം-എ.അയ്യപ്പന്‍ കവിത പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച കെ.വി.ബേബി കേന്ദ്രസാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതുകൂടാതെ കേരള സാഹിത്യ അക്കാദമിക്കു വേണ്ടി ജി.കുമാരപിള്ളയുടെയും പുലാക്കാട്ട് രവീന്ദ്രന്റെയും സമ്പൂര്‍ണ കവിതാസമാഹാര സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിവിധ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സ്വദേശം അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍. ഇപ്പോള്‍ തൃശ്ശൂര്‍ മംഗലം ഗാര്‍ഡന്‍സില്‍ താമസിക്കുന്നു.    
 

Follow Us:
Download App:
  • android
  • ios