Asianet News MalayalamAsianet News Malayalam

'കയ്യടിക്കുമ്പോഴും കണ്ടില്ല കാണികള്‍, കരയുന്ന കുഞ്ഞിന്റെ കണ്ണിലെ സൂര്യനെ!'

പുസ്തകപ്പുഴയില്‍ പി.ബി.ഹൃഷികേശന്റെ 'ഒന്നടുത്തു വരാമോ നീ' എന്ന കവിതാ സമാഹാരത്തിന്റെ വായനാനുഭവം.മനീഷ് ചന്ദ്ര എഴുതുന്നു

reading onnaduthu varaamo collection of poems by PB Hrishikesan
Author
First Published Mar 16, 2023, 3:34 PM IST

ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്ന സത് ലജ് നദിയെ അനുസ്മരിപ്പിക്കുന്ന 'സത് ലജിലെ കുട്ടി' എന്ന കവിത കൈകാര്യം ചെയ്തിരിക്കുന്ന വിഷയം രാഷ്ട്രീയമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ഇവിടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് നോക്കുമ്പോള്‍ കുട്ടി ഒരു പ്രതീകമാണ്.

 

reading onnaduthu varaamo collection of poems by PB Hrishikesan

 

പറക്കാന്‍ കഴിയുക
പക്ഷിയാവുക, മരങ്ങളില്‍
ഇലയായ് നിറയുക,
കാറ്റിലാടുക, ഊഞ്ഞാ
ലാവുക മണ്ണില്‍ വീണു
പൊടിയുന്നതുവരെ
(
ഒടുവില്‍)

ജീവിതം വളരെ താല്‍ക്കാലികമാണെന്നും ഇവിടെ ഒന്നും ശാശ്വതമല്ല എന്നും തന്റെ കവിതകളിലൂടെ ഹൃഷികേശന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ മ്യത്യുബോധത്തെ feeling dead എന്നതിനേക്കാളുപരി transience of life എന്ന തലത്തിലാണ് അദ്ദേഹം  അവതരിപ്പിച്ചിരിക്കുന്നത്.

മലയാള കവിത വളരെ മുന്‍പേ തന്നെ സഞ്ചരിച്ചു തുടങ്ങിയ നിരവധി വഴികളും രൂപമാതൃകകളും മുതല്‍ ആധുനികതയുടെ പുതിയ പരീക്ഷണങ്ങള്‍ വരെ പി.ബി.ഹൃഷികേശന്റെ 'ഒന്നടുത്തു വരാമോ നീ' എന്ന കവിതാ സമാഹാരത്തില്‍ കാണാവുന്നതാണ്. വായനയ്ക്കപ്പുറത്ത് ചിന്തിക്കാനുള്ള ഇടം കൂടി നല്‍കുന്ന കവിതകള്‍.  ഭാവനയേക്കാളുപരി ബൗദ്ധിക കാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്.

ആദ്യ കവിതയായ 'ഊഴം കാത്ത്' മനുഷ്യമനസ്സുകളില്‍ വേരോടിനില്‍ക്കുന്ന നശ്വരതാബോധത്തെ അതിന്റെ തീവ്രതയോട് കൂടിത്തന്നെ വായനക്കാരിലേയ്ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു.

മഹാമാരി തകര്‍ക്കുമ്പോള്‍
കടലാവുന്ന കൊക്കകള്‍
അവിടെ കൂപ്പുകുത്തുന്ന
മീനിന്‍ മിന്നുന്ന കണ്ണുകള്‍
ഓര്‍മ്മതന്‍ വേലിയേറ്റത്തില്‍
താണു പോകുന്ന കട്ടിലില്‍
ധര്‍മ്മാശുപത്രിയില്‍ ബോധാ
ബോധത്തിന്റെ വടംവലി

തെറ്റെന്ന് വീഴുമെന്നുള്ള
പേടി കാടായി മാറവേ
തിരിച്ചറിഞ്ഞേന്‍ തന്നൂഴം
കാത്തു നില്‍ക്കുന്ന തുള്ളി ഞാന്‍!

(ഊഴം കാത്ത്)

'നാം കടന്നു പോകുന്നവരാണ്' എന്ന ഈ ആശയം  ഹൃഷികേശന്റെ തുടര്‍ന്നുള്ള പല കവിതകളിലും തെളിഞ്ഞു നില്‍ക്കുന്നു.  അവയില്‍ ചിലത് അപൂര്‍ണ്ണ, അപരിചിതന്‍, അന്ത്യാഭിലാഷം, സത് ലജിലെ കുട്ടി, ഒന്നടുത്തു വരാമോ നീ എന്നിവയാണ്. എന്നാല്‍ ആശയത്തിലെ സമാനതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കവിതകള്‍ ഓരോന്നും വ്യത്യസ്തങ്ങളായി തന്നെ നിലകൊള്ളുന്നു. മുന്‍പ് വായിച്ച കവിതയുടെ ഹാങ്ങോവര്‍ ഇല്ലാതെതന്നെ  നമുക്ക് അടുത്ത കവിതയിലേക്ക് പ്രവേശിക്കാനാവുന്നു എന്നതും എടുത്തു പറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്.

ഹൃഷികേശന്റെ കവിതയുടെ മറ്റൊരു പ്രത്യേകത റീ-റീഡിങ്  അഥവാ രണ്ടാമതൊരു വായനയ്ക്ക് ഉതകുന്ന തരത്തിലുള്ളവയാണ് എന്നതാണ്. കവിതയില്‍ പ്രത്യക്ഷത്തില്‍ കാണുന്ന  അര്‍ത്ഥത്തേക്കാളുപരി പിന്നീടുള്ള ഗഹനമായ വായനകളില്‍ തെളിഞ്ഞുവരുന്ന ആശയങ്ങള്‍  കവിതയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

'ആദ്യം എത്തിയ ഉറുമ്പ്' എന്ന കവിത ആക്ഷേപഹാസ്യത്തിന്റെ നല്ലൊരു ഉദാഹരണമാണ്.

നടുറോട്ടില്‍
കിടക്കുന്ന
അയാളുടെ
മൂക്കിനുള്ളിലൂടെ
കടന്ന്
വായിലൂടെ പുറത്തുവന്നു
മൂക്കിന്റെ പാലത്തിനു മുകളില്‍
കയറിനിന്നു
നോക്കി
എന്തൊരു തണുത്ത കാറ്റ്

(ആദ്യം എത്തിയ ഉറുമ്പ്)

പ്രത്യക്ഷത്തില്‍ കാണുന്ന ആക്ഷേപഹാസ്യത്തിനേക്കാള്‍ മനുഷ്യമനസ്സിന്റെ സ്വാര്‍ത്ഥതകളെ ഇവിടെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണാം.

തൊട്ടടുത്ത ഫ്‌ലാറ്റുകളില്‍ ഇരുപത് കൊല്ലമായി കഴിഞ്ഞിട്ടും പരസ്പരം കണ്ടാലൊന്ന് നോക്കുവാന്‍പോലും കൂട്ടാക്കാതെ നടന്നു നീങ്ങുന്ന നഗരജീവിതരീതികളെക്കുറിച്ചാണ് 'അപരിചിതര്‍' എന്ന കവിത. അങ്ങനെ മനുഷ്യമനസിന്റെ സ്വാര്‍ത്ഥതകളുടെ വിവിധ തലങ്ങളിലേക്ക് ഹൃഷികേശന്റെ കവിത സഞ്ചരിക്കുന്നുണ്ട്.

ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്ന സത് ലജ് നദിയെ അനുസ്മരിപ്പിക്കുന്ന 'സത് ലജിലെ കുട്ടി' എന്ന കവിത കൈകാര്യം ചെയ്തിരിക്കുന്ന വിഷയം രാഷ്ട്രീയമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ഇവിടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് നോക്കുമ്പോള്‍ കുട്ടി ഒരു പ്രതീകമാണ്. ഇത്തരം ഭീകരമായ രാഷ്ട്രീയ കാലാവസ്ഥകള്‍ നമുക്കാവശ്യമുണ്ടോ എന്ന ചോദ്യം കവിത വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍  ഉയര്‍ന്നുവരുന്നതായിക്കാണാം.

അന്നു കാലത്ത് പോകുമ്പോള്‍
ഉമ്മ തന്നൊന്നു നെറ്റിയില്‍
മഞ്ഞിറ്റിറ്റായി വീഴവേ. 

അച്ഛനെന്നു തിരിച്ചെത്തും
ചീനാറിന്‍ ചില്ലയാര്‍ദ്രമായ്
കൈ നീട്ടും മൂക സ്വാന്തനം.

അമ്മയെപ്പോള്‍ വരും? മുമ്പി
ലൊഴുകും നദിയില്‍ പൊടി
ഞ്ഞുടഞ്ഞു രണ്ടു പോളകള്‍.

(സത് ലജിലെ കുട്ടി)

വിവിധതരത്തിലുള്ള വികാരങ്ങളും വിചാരങ്ങളും  ആവിഷ്‌കരിക്കുന്നതിനൊപ്പം ഒരു കവിയില്‍ സ്വാഭാവികമായി കാണേണ്ട സഹാനുഭൂതിഭാവം ഹൃഷികേശന്റെ കവിതകളിലും കാണാം. 'കണ്ണിലെ സൂര്യന്‍, ഇതു മഞ്ഞ് കാലം' എന്നിവ എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്.

കയ്യടിക്കുമ്പോഴും കണ്ടില്ല കാണികള്‍
കരയുന്ന കുഞ്ഞിന്റെ കണ്ണിലെ സൂര്യനെ!

(കണ്ണിലെ സൂര്യന്‍)

വളരെ കാലം മുംബൈ നഗരത്തില്‍ ജീവിക്കേണ്ടിവന്ന ഹൃഷികേശന്‍ തന്റെ നഗരാനുഭവങ്ങളെയും നമുക്കായി പകര്‍ന്നു തന്നിട്ടുണ്ട് സ്വന്തം കവിതകളിലൂടെ.

പാതിരാവില്‍ പാപഭാരം ചുമക്കുന്ന
പാതവക്കത്തൊരു മുക്കില്‍
പാതിവിരിഞ്ഞു തുടുത്ത പൂവൊന്നിതാ
പാവം പുലരിയാണെത്രെ

(ഇരുളാണ്)

വെളിച്ചം, ഇരുളാണ്, ചന്ദ്രോത്സവം, അംബരചുംബി, ബുള്‍ ബുള്‍ മുതലായ കവിതകളിലൂടെ നഗരത്തിന്റെ പല തരത്തിലുള്ള മുഖങ്ങള്‍ കാണാം. എന്നാല്‍ ഈ കവിതകള്‍ നഗരങ്ങളുടെ കവിതകളല്ല. അതിവേഗതയില്‍ ജീവിക്കേണ്ടിവന്ന, ഓടിത്തളര്‍ന്ന മനുഷ്യരുടെ ലോലമനസ്സിന്റെ ചിത്രങ്ങളാണ്. ഏകാന്തതയില്‍ ജീവിക്കേണ്ടിവരുന്ന, പ്രതീക്ഷയുടെ സ്വപ്നങ്ങള്‍ പേറുന്ന ഒരു കൂട്ടം മനുഷ്യരെ നമുക്ക് ഈ കവിതകളിലൂടെ വായിച്ചെടുക്കാം.

എങ്കിലും കടല്‍ വക്കത്തു
ചെന്നിരിക്കുന്ന വേളയില്‍
ചിലപ്പോള്‍ കണ്ടുമുട്ടാറു
ണ്ടേകയാപ്പെണ്‍കിടാവിനെ

(ചന്ദ്രോത്സവം)

വിരുദ്ധോക്തി അഥവാ ഐറണി വളരെ ധാരാളമായി കവിതകളില്‍ കടന്നുവരുന്നത് കാണാം. 'കണ്‍കെട്ട്', 'പ്രാര്‍ത്ഥന' എന്നിവ ഉദാഹരണങ്ങളാണ്.

ഭാഷയുടെ സൗന്ദര്യം അധികമായി ഹൃഷികേശന്റെ കവിതകളില്‍ തെളിഞ്ഞു കാണാവുന്നതാണ്. 'വേരുകള്‍', 'ഒടുവില്‍', 'ഒന്നടുത്ത് വരാമോ നീ' എന്നീ കവിതകളൊക്കെ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാവുന്നതാണ്. 

ശീര്‍ഷകമായി തിരഞ്ഞെടുത്ത 'ഒന്നടുത്ത് വരാമോ നീ' എന്ന കവിത പുസ്തകത്തിന്റെ ഏറ്റവും ഒടുവിലാണ് കൊടുത്തിരിക്കുന്നത്. പ്രണയകാവ്യമെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന ശീര്‍ഷകമെങ്കിലും മരണരംഗത്തെ അതിമനോഹരമായ വിശേഷിപ്പിച്ചിരിക്കുകയാണ് ഹൃഷികേശനിവിടെ. കഠിനമായ വിഷാദത്തിന്റെ, ജീവിതയാത്ഥാര്‍ഥ്യത്തിന്റെ രേഖപ്പെടുത്തലാണ് ഈ കവിതയില്‍ നമുക്ക് കാണാവുന്നത്.

എനിക്കുതൊടണം നിന്റെ
കൈവിരല്‍ത്തുമ്പിലന്ത്യമായി,
ഒന്നടുത്തു വരാമോ നീ,
യെന്നാവാം പറയുന്നത്
സ്വപ്നത്തിലെന്തു കാണുന്നു,
കാത്തിരിക്കുന്നൊരമ്മയെ
വീടിനെ, വീട്ടുമുറ്റത്തെ,
മുറ്റത്തിന്നപ്പുറത്തിനെ

(ഒന്നടുത്തു വരാമോ നീ)

മരണത്തിന്റെയും വേദന കലര്‍ന്ന യാഥാര്‍ത്ഥ്യങ്ങളുയും ഇടയ്ക്കിടെയുള്ള പ്രതിപാദനം പലരെയും അസ്വസ്ഥരാക്കിയേക്കാം എന്ന സംശയമൊഴിച്ച് നിര്‍ത്തിയാല്‍ വളരെ ആസ്വദിച്ച് വായിക്കാവുന്ന ഒരു കൃതിയാണ് 'ഒന്നടുത്തു വരാമോ നീ'. കവിത വായിക്കുന്നതിനേക്കാള്‍, ഒരു ജേഷ്ഠന്‍ കൈ പിടിച്ചുകൊണ്ട് നമ്മെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേയും നേര്‍ക്കാഴ്ചകളെയും കാണിക്കുവാന്‍ ശ്രമിക്കുന്ന  രീതിയാണ് അനുഭവപ്പെടുന്നത്. ആ കാഴ്ചകളില്‍ നഗരങ്ങളുണ്ട്, നഗര ജീവിതങ്ങളുണ്ട്, മരണമുണ്ട്, പറയുവാന്‍ കൊതിച്ചിട്ടും കഴിയാതെ വന്ന വാക്കുകളും വീര്‍പ്പുമുട്ടലുകളുമുണ്ട്. ജീവിതാനുഭവങ്ങളുടെയും വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളും നമുക്ക് ഹൃഷികേശന്റെ കവിതകളില്‍ അനുഭവിക്കാം. പ്രത്യക്ഷത്തില്‍ ഗദ്യകവിതകള്‍ എന്ന് തോന്നുമെങ്കിലും കേക, അനുഷ്ഠുപ്പ് മുതലായ വൃത്തങ്ങളുടെ സാന്നിധ്യം പല കവിതകളിലുമുണ്ട്.

 

reading onnaduthu varaamo collection of poems by PB Hrishikesan

പി ബി ഹൃഷികേശന്‍ കവി സച്ചിദാനന്ദനൊപ്പം
 

കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്ത പി.ബി.ഹൃഷികേശന്റെ 'ഒന്നടുത്തു വരാമോ നീ' എന്ന കവിതാ സമാഹാരം പബ്ലിഷ് ചെയ്തിരിക്കുന്നത് തൃശൂര്‍ കറന്റ് ബുക്‌സാണ്. സുനില്‍.പി.ഇളയിടം അവതാരികയെഴുതിയ പുസ്തകത്തില്‍ 81 കവിതകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍കാല സമാഹാരങ്ങളിലുള്‍പ്പെട്ട പ്രസക്തമായ ചില കവിതകള്‍ കൂടി ഈ പുസ്‌കത്തില്‍ ചേര്‍ത്തിട്ടുണ്ട്. കവിതകളില്‍ ഏറിയപങ്കും മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധപ്പെടുത്തിവയാണ്.

കവിതകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഹൃഷികേശന്റെ നാലാമത്തെ സമാഹാരമാണ് 'ഒന്നടുത്ത് വരാമോ നീ'. മുംബൈയിലെ ആണവോര്‍ജ്ജ വകുപ്പില്‍ സയന്റിഫിക് ഓഫീസറായി ജോലിചെയ്തു വിരമിച്ച ഇദ്ദേഹം ചാലക്കുടിയ്ക്കടുത്തു മേലൂരാണ് താമസം.

 

Follow Us:
Download App:
  • android
  • ios