ലോക ഭൂപടത്തില്‍നിന്ന് കണ്ടെടുക്കാവുന്ന ഒരു പ്രദേശവും അവിടത്തെ അപരിചിതങ്ങളായ ജീവിതങ്ങളും വായനക്ക് പിടിത്തരാത്ത  കാലവും ഭാഷയും  ചരിത്രവും എല്ലാം ചേരുമ്പോള്‍ സഹറാവീയം എന്ന നോവല്‍ സംഭവിക്കുന്നു. ജസീക്ക പറയുന്നതുപോലെ  സഹാറായിലെ മനുഷ്യര്‍ നമ്മുടെ ഉറക്കം കെടുത്തുന്നു.  അഭയാര്‍ഥിത്വത്തിന്റെ അകവും പുറവും തീര്‍ച്ചയായും ഒരു ഫിക്ഷനല്ല. അഭയാര്‍ഥിത്വത്തിന്റെ അകം നിസ്സഹായതയും അതിന്റെ പുറം അധികാരവുമാകുന്നു.

 

 

ജീവിക്കാനുള്ള അവകാശമെന്നത് രാഷ്ട്രീയപരമായിമാത്രം സാംഗത്യമുള്ള ഒന്നാണ്. ഏതു ജീവിതവും ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമനുസരിച്ചു  സംഭവിക്കുമ്പോള്‍ മാത്രമാണ് 'പൗരത്വം' സാധ്യമാകുന്നത്. അല്ലാത്ത പക്ഷം അവരുടെ പൊളിറ്റിക്കല്‍ ജീവിതം അഥവാ പൗരത്വം റദ്ദുചെയ്യപ്പെടുകയും അഗമ്പന്‍ (Giorgio Agamben) സൂചിപ്പിക്കുന്നതുപോലെ 'bare life' ( നഗ്‌ന ജീവിതം/ പച്ച ജീവിതം എന്നൊക്കെ വിവര്‍ത്തനം ചെയ്തുകണ്ടിട്ടുണ്ട്) -ലേക്ക് പുറന്തള്ളപ്പെടുകയും അഭയാര്‍ത്ഥികള്‍ എന്ന  കര്‍തൃത്വത്തിലേക്ക് മാറുകയും ചെയ്യുന്നു. അതായത് ഏത് പൗരശരീരവും ഭരണകൂടത്താല്‍ പുറന്തള്ളപ്പെടാനുള്ള സാധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റൊരു തരത്തില്‍, മനുഷ്യരും അവരുടെ ജീവിതവും  പ്രസക്തമാകുന്നത് അത് പൊളിറ്റിക്കല്‍ ആകുമ്പോള്‍ മാത്രമാണ്.

മനുഷ്യാവകാശം, ജീവിതം,  അതിന്റെ ജൈവികത, അഭയാര്‍ഥിത്വം മുതലായ സങ്കല്പനങ്ങളെ അതിന്റെ അനുഭവപരിസരത്തില്‍നിന്ന് പ്രശ്‌നവല്‍ക്കരിക്കുന്ന നോവലാണ് ജുനൈദ് അബൂബക്കറിന്റെ  'സഹറാവീയം'.

സ്പാനിഷ് കോളനിവത്കരണത്തിനും പിന്നീട് മൊറോക്കന്‍ അധിനിവേശത്തിനും ഇടയായി പടിഞ്ഞാറന്‍ സഹാറയെന്ന തര്‍ക്കഭൂമിയില്‍  അഭയാര്‍ത്ഥികളായി ജീവിക്കുന്നവരുടെ കഥ. നാടോടി ജീവിതത്തില്‍നിന്ന്, സ്വന്തം രാജ്യത്തുനിന്ന്  ബേം മതിലിനാല്‍  വിഭജിക്കപ്പെട്ട്  ക്യാമ്പുകളില്‍ കഴിയുന്നവര്‍. ജീവിക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്ന ഇതിലെ ഓരോ കഥാപാത്രവും അവരുടെ ജീവിതം നിഷേധിക്കപ്പെടാനുള്ള സാധ്യതയെ മുന്നില്‍ക്കാണുന്നുണ്ട്. 

 

.....................................................

സഹറാവീയം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

 

അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ഹന്ന ആരന്റിന്റെ (Hannah Arendt )  'സാമ്രാജ്യത്വം' എന്ന കൃതിയിലെ ഒരധ്യായത്തിന്റെ പേരുതന്നെ 'ദേശ രാഷ്ട്രങ്ങളുടെ പതനവും മനുഷ്യാവകാശങ്ങളുടെ അന്ത്യവും' ( The Decline of the Nation-State and the End of the Rights of Man)  എന്നതാണ്. മനുഷ്യാവകാശത്തിന്റെയും  ആധുനിക രാഷ്ട്ര -ഭരണകൂടത്തിന്റെയും നിയതിയെ അത് നിസ്സംശയം ബന്ധിപ്പിക്കുന്നു. ദേശരാഷ്ട്ര - ഭരണകൂടങ്ങളുടെ കാലഹരണപ്പെടല്‍ 'മനുഷ്യാ'വകാശങ്ങളുടെ ക്ഷയത്തിനു വഴിയൊരുക്കുമെന്ന് ഇതോര്‍മ്മിപ്പിക്കുന്നു. 
         
നോവലില്‍ ഒരിടത്തു ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട് . 'സഹറാവികള്‍ പുറന്തള്ളപ്പെട്ടവരാണ്, ഞങ്ങള്‍ക്കൊരു ഭരണകൂടമുണ്ട്, ഒരു സര്‍ക്കാറുണ്ട്, സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടു പോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ചു നടുകടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന  താല്‍ക്കാലിക സര്‍ക്കാര്‍.'

രാജ്യത്തിനു പുറത്താക്കപ്പെട്ടവര്‍ സ്വയമേ  രാജ്യം നിര്‍മ്മിക്കുന്നു.  ഭരണകൂടം നിര്‍മ്മിക്കുന്നു. അവിടെ സ്വയം പൗരന്‍മാരാകുന്നു. അങ്ങനെ അല്ലാതെ നിലനില്‍പ്പ് സാധ്യമല്ലായെന്ന് മനുഷ്യര്‍ തിരിച്ചറിയുന്നു എന്നതാണ്. ഓരോ ക്യാമ്പുകളും ഭരണകൂടത്തിന്റെ 'ഒഴിവാക്കല്‍' പ്രക്രിയയുടെ ഫലമാണ്. അവടെ വ്യക്തികള്‍ക്ക്  തിരിച്ചു പോക്കിന്‍േറതോ കൊല്ലപ്പെടലിന്‍േറതോ ആയ രണ്ടു സാധ്യതകളേയുള്ളൂ എന്ന് നോവല്‍ പറഞ്ഞുവെയ്ക്കുന്നു.

ചിതറിയ ആഖ്യാനമാണ് സഹറാവീയത്തിന്റേത്. ഇംഗ്ലണ്ടിലെ സാം എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തക ജസീക്ക നടത്തുന്ന യാത്രയിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നതെങ്കിലും അങ്ങനെ ഒരു കഥാപാത്രത്തില്‍  അത് ചുറ്റിത്തിരിയുന്നില്ല. ഏകാശിലാത്മകമായ  കര്‍തൃത്വമല്ല നോവലിന്‍േറത്. ജസീക്ക കണ്ടുമുട്ടുന്ന ഓരോരുത്തരും ആഖ്യാതാക്കളാണ്. ആബിദ്,  ബസ്മ, ബ്രാഹിം മുസ്തഫ,  സയ്ദ്, അമിനതൗ, മേജര്‍, കദ്ര മര്‍സൂഖ്... അങ്ങനെ നിരവധിപേര്‍. ആഗോളമായ ഒരു വിഷയത്തെ നമ്മുടെ ഭാഷയില്‍ ചിന്തിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ നോവല്‍.

 

ജുനൈദ് അബൂബക്കര്‍
 

'ക്യാമ്പിലെ ഓരോ കൂടാരവും ഇന്നയിന്ന സ്ത്രീകളുടെ  കൂടാരമെന്നാണ് അറിയപ്പെടുക. വീട്ടിലേക്കാവശ്യമായ സാധങ്ങനങ്ങള്‍ അടുപ്പിക്കുന്നത് മുതല്‍ കൂടാരം പണിയുന്നത് വരെ സ്ത്രീകളാണ്. അവര്‍ ഓരോരുത്തരും ഓരോ രാജ്യങ്ങളാണ്. ഭൂഖണ്ഡങ്ങളാണ്' എന്ന് സഹാറയിലെ കരുത്തുറ്റ  സ്ത്രീകളെപ്പറ്റി ജസീക്കതന്നെ പറയുന്നുണ്ട്. ജസീക്കയും ബസ്മയും തമ്മിലുള്ള പ്രണയം, ജസീക്കക്ക് അമിനതൗവിനോടുള്ള പ്രേമം, ബ്രാഹിം മുസ്തഫയെന്ന നമുക്ക് പിടിതരാത്ത  മിസ്റ്റിക് സ്വഭാവമുള്ള കഥാപാത്രം തുടങ്ങി സഹാറായിലെ എല്ലാ ജീവിതങ്ങളും  പലവിധ വായനയ്ക്ക് വിഷയമാകും.

ജസീക്കയുടെ കഥാപാത്രനിര്‍മ്മിതിയിലുമുണ്ട് ശ്രദ്ധേയമായ ചില ഘടകങ്ങള്‍. വിന്റര്‍ ബ്ലൂസെന്ന വിഷാദരോഗത്തില്‍നിന്ന് രക്ഷനേടാനാണ് ജസീക്ക മൊറോക്കയിലേക്ക് പോകുന്നതും തുടര്‍ന്ന് പടിഞ്ഞാറന്‍ സഹാറയിലേക്കെത്തുന്നതും. ആബിദിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സഹറാവികളെക്കുറിച്ചുള്ള 'ഫാക്ട്‌സ് ' എന്ന ഡോക്യുമെന്ററി കാണുന്ന അവള്‍ അത് ചാനലിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുന്നില്ല. പകരം ചാനലിന് ഉപകാരപ്പെടും എന്ന ബോധ്യത്തോടെ, സംവിധായികയാവുക എന്ന ആഗ്രഹം നിറവേറ്റപ്പെടുമെന്ന ഉറപ്പോടെ അഭയാര്‍ഥിത്വത്തിന്റെ അകവും പുറവും എന്ന  ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിക്കുന്നു.

ഈ യാത്രയിലാണ് അവള്‍ തന്റെ പാരമ്പര്യം തിരിച്ചറിയുന്നത്. അര്‍മീനിയായിലെ കാതോലിക് പള്ളികളുടെയും അപ്പോസ്തലന്‍മ്മാരുടെയും പുണ്യവാളനായ ഗ്രിഗര്‍ നറേകാത്സിയുടെ പിന്‍ഗാമി . ലോകത്തിലെ ആദ്യ ക്രിസ്തീയ രാജ്യമായ അര്‍മീനിയായില്‍ ഓട്ടോമന്‍ ഭരണത്തിന്‍ കീഴില്‍  പലായനം ചെയ്ത് അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച കുടുംബം. അവിടെനിന്നും കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട്  ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ട ജസീക്ക.  ഡോക്യുമെന്ററി ചെയ്യാന്‍ പുറപ്പെട്ട അവള്‍ അത് ചെയ്യാതെ മടങ്ങുന്നതും താന്‍  ഇവിടേക്ക് വരുമെന്ന് പലതവണ ഉറപ്പിക്കുന്നതും എന്തുകൊണ്ടായിരിക്കാം? 'ഇതുവരെയുള്ള എല്ലാ  വീഡിയോകളും ശബ്ദരേഖകളും ഫോട്ടോകളും ലാപ്ടോപ്പില്‍ സഹറാവി: അഭയാര്ഥിത്വത്തിന്റെ അകവും പുറവും  എന്നൊരു ഫോള്‍ഡറില്‍ സംരക്ഷിച്ചു  വെച്ചു. ഇനി വരാന്‍ പോകുന്ന കാഴ്ചകളും ശബ്ദങ്ങളും നിറയ്ക്കാനായി എല്ലാ മെമ്മറി കാര്‍ഡുകളും ഫ്രീയാക്കി'  എന്ന് അവള്‍ ഒരിക്കല്‍ പറയുന്നുണ്ട്. അഭയാര്‍ഥിത്വമെന്ന അനുഭവം കേവലം ഡാറ്റകള്‍ മാത്രമല്ലെന്ന് തിരിച്ചറിയുന്നത് മാത്രമല്ല അവള്‍ പിന്നീട് ആ ശ്രമത്തില്‍നിന്ന് മാറാനുള്ള കാരണം. ഒരു തരത്തിലുള്ള നിയോഗം നോവലിസ്റ്റ് ജസീക്കക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. .

'നിന്റെ ബാല്യകാലം മുതല്‍ക്കുള്ള യാത്രകളുടെ മറ്റൊരു അധ്യായമാണിതും. നിന്റെ നിയോഗങ്ങളിലൊന്ന്. എന്നാല്‍ നീ കരുതുന്നപോലെ കാണുന്നതെല്ലാം ചിത്രത്തിലാക്കുകയല്ല നിന്റെ വിധി.എല്ലാത്തിനും ഓരോ ലക്ഷ്യങ്ങളുണ്ട്. കാഴ്ചകളും അനുഭവങ്ങളും നിന്നെ കൂടുതലായി അവിടേക്ക് അടുപ്പിച്ചുകൊണ്ടിരിക്കും. നിന്റെ നാമം ജീവിതവസാനംവരെ സ്മരിക്കുന്ന തലമുറകള്‍ ഈ മണ്ണിലുണ്ടാകും.ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മറവിയിലായിപ്പോകുന്ന ചിത്രങ്ങളെക്കാളും എല്ലാക്കാലവും മനുഷ്യമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാവും നിന്റെ പ്രവര്‍ത്തനം. അതിലേക്കാണ് കാലചക്രം നിന്നെ വഴി നടത്തുന്നത്'      

ബല്‍ക്കീസിന്  നിമിത്തങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവി പറയാനുള്ള കഴിവുണ്ടായിരുന്നു. അവരാണ് ജസീക്കയോട് അവളുടെ നിയോഗത്തെപ്പറ്റിയുള്ള സൂചന നല്‍കുന്നത്. മറ്റൊരിടത്ത്  സഹറാവികളുടെ രക്ഷകനായ ബ്രാഹിം മുസ്തഫയും  ഈ വിധം സംസാരിക്കുന്നുണ്ട്. താന്‍ കാരണമാണ് ബ്രാഹിം മുസ്തഫ കൊല്ലപ്പെടാന്‍ പോകുന്നത് എന്നറിയിക്കുമ്പോള്‍, 'നിനക്ക് ധാരാളം ചെയ്തു തീര്‍ക്കുവാനുണ്ട്. ഒരു ബ്രാഹിം മുസ്തഫയല്ലെങ്കില്‍ മറ്റൊരാള്‍ അയാളുടെ പ്രവൃത്തികള്‍   തുടരും. അതാണ് ലോകനിയമം' എന്ന് അയാള്‍ അവളെ അറിയിക്കുന്നുണ്ട്.  

ഇവടെ അധികാരംപോലെ രക്ഷാകര്‍തൃത്വവും കൈമാറ്റം ചെയ്യപ്പെടുകയാണ്. രക്ഷകര്‍ പിന്നീട് ഏതെങ്കിലും കൂട്ടത്താല്‍ ആരാധിക്കപ്പെടുകയും  നേതൃത്വസ്ഥാനത്തേക്ക് കടക്കുകയും അയാളിലേക്ക് അധികാരം  ഏല്പിച്ചുകൊടുക്കകയും ചെയ്‌തേക്കാം. രക്ഷകര്‍തൃത്വം  ക്രമേണ അധികാരമായി പരിണമിക്കാവുന്ന ഒന്നാണ്. ഇവിടെ  നറേകാത്സിയുടെ പിന്‍ഗാമിയായ ജസീക്കയിലും അങ്ങനെയൊരു സാധ്യത തള്ളിക്കളയാന്‍ വയ്യ. 

'വിധിയില്‍ വിശ്വസിക്കുന്ന, വിശ്വസിക്കാത്ത താല്‍ക്കാലിക ജീവിതത്തിലേക്ക് യാത്ര ചെയതുകൊണ്ടിരിക്കുന്ന മനുഷ്യര്‍! എന്തിനെയും കീഴടക്കി ഏറ്റവും മുകളില്‍ എത്തണമെന്നുള്ള മനുഷ്യവാസന അവനെ എവിടെയെത്തിക്കും? തന്റെ  ചുറ്റുമുള്ള എല്ലാ  ജീവിവര്‍ഗങ്ങളെയും കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള പ്രവണത തന്നെയാണല്ലോ അവന്‍ ഇപ്പോഴും തുടരുന്നത്!'

ആ മനുഷ്യരില്‍നിന്നു അത്രയൊന്നും വ്യത്യാസപ്പെടാന്‍ ജസീക്കക്കും സാധിക്കില്ല.!  അപ്പോള്‍ താന്‍ ആരാണെന്ന് വിളിച്ചു പറഞ്ഞ  ഈ സ്വര്‍ണമണലില്‍ കാലുകുത്താന്‍ ഇനിയും വരുമെന്നു വിചാരിക്കാതെ തരമില്ല. 

ലോക ഭൂപടത്തില്‍നിന്ന് കണ്ടെടുക്കാവുന്ന ഒരു പ്രദേശവും അവിടത്തെ അപരിചിതങ്ങളായ ജീവിതങ്ങളും വായനക്ക് പിടിത്തരാത്ത  കാലവും ഭാഷയും  ചരിത്രവും എല്ലാം ചേരുമ്പോള്‍ സഹറാവീയം എന്ന നോവല്‍ സംഭവിക്കുന്നു. ജസീക്ക പറയുന്നതുപോലെ  സഹാറായിലെ മനുഷ്യര്‍ നമ്മുടെ ഉറക്കം കെടുത്തുന്നു.  അഭയാര്‍ഥിത്വത്തിന്റെ അകവും പുറവും തീര്‍ച്ചയായും ഒരു ഫിക്ഷനല്ല. അഭയാര്‍ഥിത്വത്തിന്റെ അകം നിസ്സഹായതയും അതിന്റെ പുറം അധികാരവുമാകുന്നു.