ലോകമാകെയുള്ള പ്രസാധകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ പബ്ലിഷിംഗ് അസോസിയേഷന്‍ (ഐ പി എ) പ്രസിഡന്റ്. അറബ് ലോകത്തുനിന്നും ആദ്യമായി ഈ പദവിയിലെത്തുന്ന വനിതയാണ് ശൈഖ ബൊദൂര്‍. 69 രാജ്യങ്ങളിലുള്ള 83 പ്രസാധക കൂട്ടായ്മകളുടെ രാജ്യാന്തര സമിതിയായ ഐ പി എയുടെ അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത.  

സംഘര്‍ഷങ്ങളില്‍ തകര്‍ന്നുപോയ ലെബനോനിലെ ബൈറൂത്തിലുള്ള വായനശാലകളുടെ വീണ്ടെടുപ്പിനുള്ള ദൗത്യത്തിനും അവര്‍ രൂപം നല്‍കി. ബൈറൂത്തില്‍ സ്‌ഫോടനങ്ങളില്‍ ഇല്ലാതായ ലൈബ്രറികളുടെ പുനരുദ്ധാരണത്തിനുള്ള വമ്പന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതും ശൈഖ ബൊദൂര്‍ ആണ്. സംഘര്‍ഷഭൂമികളുടെ വീണ്ടെടുപ്പിന് സാമ്പത്തിക സഹായം മാത്രമല്ല, സാംസ്‌കാരികമായ സഹായങ്ങളും അനിവാര്യമാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. 

കൊവിഡ് മഹാമാരി അടഞ്ഞുകളഞ്ഞ ലോകത്തെ തുറക്കാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമോ? കഴിയുമെന്നാണ് ഷാര്‍ജയിലെ ശൈഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറയുന്നത്. വെറുതെ പറയുകയല്ല, അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ്, ഷാര്‍ജയിലെ ഈ രാജകുമാരി. ആരാണ്, ശൈഖ ബൊദൂര്‍ എന്നറിഞ്ഞാലേ, ഇക്കാര്യത്തില്‍ വ്യക്തത വരൂ. ലോകമാകെയുള്ള പ്രസാധകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ പബ്ലിഷിംഗ് അസോസിയേഷന്‍ (ഐ പി എ) പ്രസിഡന്റ്. അറബ് ലോകത്തുനിന്നും ആദ്യമായി ഈ പദവിയിലെത്തുന്ന വനിതയാണ് ശൈഖ ബൊദൂര്‍. 69 രാജ്യങ്ങളിലുള്ള 83 പ്രസാധക കൂട്ടായ്മകളുടെ രാജ്യാന്തര സമിതിയായ ഐ പി എയുടെ അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത.

ഇവിടെ തീരുന്നില്ല ശൈഖയുടെ വിശേഷങ്ങള്‍. ഷാര്‍ജ ഭരണാധികാരിയായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകളാണ് ഇവര്‍. 2004-ല്‍ അറബ് ലോകത്തെ ഏറ്റവും കരുത്തയായ വനിതകളില്‍ ഒരാളായി ഫോര്‍ബ്‌സ് മാസിക തെരഞ്ഞെടുത്തു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന 'കലിമത്ത്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും ഉടമയുമാണ് ശൈഖ ബൊദൂര്‍. 2007-ല്‍ വായിക്കാന്‍ നല്ലതൊന്നുമില്ല എന്ന മകളുടെ പരിഭവത്തിന് പരിഹാരമായാണ് അവരീ സ്ഥാപനം തുടങ്ങിയത്. അറേബ്യയുടെ സമ്പന്നമായ കഥപറച്ചില്‍ പാരമ്പര്യത്തില്‍നിന്നും ഊര്‍ജം കൈവരിച്ച് അവരുടെ സ്ഥാപനം പുറത്തിറക്കിയ ബാലസാഹിത്യ കൃതികള്‍ ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും അതിവേഗം കളംപിടിച്ചു. 54 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കലിമത്ത് ലോകനിലവാരത്തിലുള്ള പ്രസാധക സ്ഥാപനമാണ്. എമിറ്റേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സ്ഥാപക, ഐ പി എ മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ വിേശഷണങ്ങളും അവര്‍ക്കുണ്ട്. 

കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന് പ്രസാധന രംഗമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ, ആളുകള്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് കുറഞ്ഞതു മാത്രമല്ല, പുസ്തകോല്‍സവങ്ങള്‍ നടക്കാത്തതും പുസ്തകക്കടകള്‍ അടഞ്ഞുകിടക്കുന്നതുമെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടി. എങ്കിലും, വീടകങ്ങളില്‍ അടഞ്ഞുപോയ മനുഷ്യര്‍ പിടിച്ചുനില്‍ക്കാന്‍ ഏറ്റവും ആശ്രയിക്കുന്നതും പുസ്തകങ്ങളെയാണ്. ഈ സാഹചര്യത്തിലാണ്, ഈയടുത്ത് ശൈഖ ബൊദൂര്‍ ഐ പി എ അധ്യക്ഷയാവുന്നത്. അതിനാല്‍, കൊവിഡ് മഹാമാരിയെ പുസ്തകങ്ങളിലൂടെ മറികടക്കുക എന്ന ആശയമാണ് ഏറ്റവും പ്രധാനമായി അവര്‍ മുന്നോട്ടുവെക്കുന്നത്. ഇതിനായി, ലോകമെങ്ങുമുള്ള പ്രസാധക സ്ഥാപനങ്ങളെ അവര്‍ ബന്ധപ്പെടുന്നു. പുസ്തകങ്ങള്‍ ഇറക്കുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനുമുള്ള സഹായങ്ങള്‍ നല്‍കുന്നു. അടഞ്ഞ വീടുകളിലേക്ക് പുസ്തകങ്ങള്‍ ഓണ്‍ലൈനും ഓഫ ്‌ലൈനുമായി എത്തിക്കാനുള്ള പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. 

ഐ പി എ വൈസ് പ്രസിഡന്റായിരിക്കെ, വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും അവിടത്തെ പ്രസാധകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു ഈ രാജകുമാരി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രസാധകര്‍ക്കായി പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ശില്‍പ്പശാലകള്‍ നടത്തി, അവര്‍. ഒപ്പം, സംഘര്‍ഷങ്ങളില്‍ തകര്‍ന്നുപോയ ലെബനോനിലെ ബൈറൂത്തിലുള്ള വായനശാലകളുടെ വീണ്ടെടുപ്പിനുള്ള ദൗത്യത്തിനും അവര്‍ രൂപം നല്‍കി. ബൈറൂത്തില്‍ സ്‌ഫോടനങ്ങളില്‍ ഇല്ലാതായ ലൈബ്രറികളുടെ പുനരുദ്ധാരണത്തിനുള്ള വമ്പന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതും ശൈഖ ബൊദൂര്‍ ആണ്. സംഘര്‍ഷഭൂമികളുടെ വീണ്ടെടുപ്പിന് സാമ്പത്തിക സഹായം മാത്രമല്ല, സാംസ്‌കാരികമായ സഹായങ്ങളും അനിവാര്യമാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. 

പ്രസാധകരുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ കൊവിഡ് കാലം വിതയ്ക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവും എന്നാണ് ഹാര്‍പര്‍ ബസാറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നത്. അടഞ്ഞു പോവുന്ന മനുഷ്യര്‍ക്ക് പുസ്തകങ്ങള്‍ ആവശ്യമുണ്ട്, അതു എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രം മതി, പ്രസാധക ലോകം രക്ഷപ്പെടും'-അവര്‍ പറയുന്നു.