വൈദ്യുതി വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കാനും, വൈദ്യുത വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്കും താഴ്ത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ധനമന്ത്രിയുടെ ബജറ്റില്‍ പെട്രോളിനും ഡീസലിനും വില കൂടിയപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് അനുകൂല തീരുമാനങ്ങളുണ്ടായി. വൈദ്യുത വാഹന നിര്‍മാണത്തിന്‍റെ ഹബ്ബായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിന്‍റെ ഭാഗമായി വന്‍ നിക്ഷേപമാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയുടെ പലിശയുടെ മേല്‍ 1.5 ലക്ഷം നികുതിയിളവ് നല്‍കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

ഇതോടൊപ്പം വൈദ്യുതി വാഹന നിര്‍മാണ മേഖലയ്ക്ക് ഉണര്‍വുപകരുന്നതിനായി ജിഎസ്ടി നികുതി നിരക്കുകളില്‍ ഇളവ് വരുത്തുന്നത് ഇപ്പോള്‍ ഫിറ്റ്മെന്‍റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വൈദ്യുതി വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കാനും, വൈദ്യുത വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്കും താഴ്ത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. 

2030 മുതല്‍ എല്ലാം ഇലക്ട്രിക്

നീതി ആയോഗ് ലക്ഷ്യമിടുന്നത് പ്രകാരം 2030 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാകും ഉണ്ടാകുക. 2023- ല്‍ എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. 2026 മുതല്‍ എല്ലാ ചരക്ക് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാനുമാണ് നീതി ആയോഗിന്‍റെ പദ്ധതി. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‍ഘടനയിലെ ക്രൂഡ് ഓയിലിന്‍റെ സാധീനം ഇല്ലാതാക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉദ്ദേശലക്ഷ്യം. 

പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര, മുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസ് പൂര്‍ണമായി ഒഴിവാക്കാനുളള റോഡ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ വിശദമായ പ്രമേയം നിലവില്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.