Asianet News MalayalamAsianet News Malayalam

ഖജനാവില്‍ 'പണം നിറയ്ക്കാന്‍' പൊതുമേഖല സ്ഥാപന വില്‍പ്പന, നിര്‍ണായകമായി കേന്ദ്ര ബജറ്റ്

സര്‍ക്കാരിന്‍റെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്താനും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിനാകും, നിലവില്‍ തുടര്‍ന്നു പോകുന്നതും ബജറ്റില്‍ പ്രഖ്യാപിച്ചതുമായ ക്ഷേമ പദ്ധതികള്‍ക്കുളള വിഹിതം കുറയാതെ നോക്കാനും സഹായകരമാണിത്

union budget 2019 public sector share sale
Author
New Delhi, First Published Jul 5, 2019, 4:38 PM IST

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പൊതുമേഖല സ്ഥാപന വില്‍പ്പനയിലൂടെ നേടിയെടുക്കേണ്ട തുകയുടെ ലക്ഷ്യം ഉയര്‍ത്തി. 2019-20 സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപന ഓഹരി വില്‍പ്പനയിലൂടെ ഖജനാവിലെത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1,050,00 കോടി രൂപയാണ്. നേരത്തെ ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ലക്ഷ്യമായി കണ്ടിരുന്നത് 90,000 കോടി രൂപയായിരുന്നു. 

ഇതോടെ നികുതി ഇതര വരുമാനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നവെന്ന് വ്യക്തം. നികുതി വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവിന് പരിഹാരം കാണാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാനിടയുളള വിഹിതത്തിലും പൊതുമേഖല ഓഹരി വില്‍പ്പനയില്‍ നിന്ന് ഖജനാവിലെത്തുന്ന പണത്തിലും ഊന്നിയുളള മുന്നോട്ട് പോക്കിനാകും രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുകയെന്ന സൂചനകളാണ് നിര്‍മല സീതാരാമന്‍റെ ബജറ്റ് നല്‍കുന്നത്. 

എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് വീണ്ടും ശ്രമം

സര്‍ക്കാരിന്‍റെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്താനും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിനാകും, നിലവില്‍ തുടര്‍ന്നു പോകുന്നതും ബജറ്റില്‍ പ്രഖ്യാപിച്ചതുമായ ക്ഷേമ പദ്ധതികള്‍ക്കുളള വിഹിതം കുറയാതെ നോക്കാനും സഹായകരമാണിത്. പൊതു മേഖല സ്ഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വില്‍പ്പനയുടെ ചുമതല വഹിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്‍റ് (ഡിഐപിഎഎം) 90,000 കോടിയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇത് ഇനി 1,05,000 കോടിയായി ഉയരുമെന്ന് ചുരുക്കം. ഈ വര്‍ഷം ഇതുവരെ ഡിഐപിഎഎം 2,357 കോടി രൂപ സമാഹരിക്കുകയും ചെയ്തുകഴിഞ്ഞു. 

union budget 2019 public sector share sale

എയര്‍ ഇന്ത്യയുടെ വില്‍പ്പന പുനരാരംഭിക്കുമെന്നും ധനമന്ത്രി ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോയ വര്‍ഷം പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെ ഈ വര്‍ഷം വില്‍പ്പനയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ സര്‍ക്കാര്‍ ലഘൂകരിച്ചേക്കും. ഇതിന്‍റെ ഭാഗമായി ഫലപ്രദമായ ഏത് ലയന നീക്കത്തോടും സഹകരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരികളും വിറ്റഴിക്കുകയാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന അഞ്ച് ശതമാനം ജീവക്കാര്‍ക്കായി വീതിച്ചു നല്‍കും. വിവിധ പൊതുമേഖല കമ്പനി ഓഹരികളുടെ തന്ത്രപരമായ വില്‍പ്പനയും പൊതു മേഖല സംരംഭങ്ങളുടെ ഭൂമിയും വ്യവസായ യൂണിറ്റുകളുടെ വില്‍പ്പനയും ഡിഐപിഎഎമ്മിന്‍റെ ലക്ഷ്യത്തിലുണ്ട്. പൊതുമേഖല ഓഹരി വില്‍പ്പനയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ആറ് ട്രാന്‍സാക്ഷന്‍ അഡ്വൈസര്‍മാരെ നിയമിക്കാനുളള നടപടിക്രമങ്ങള്‍ ഡിഐപിഎഎമ്മിന്‍റെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണ്.

നിതി ആയോഗിന്‍റെ പട്ടികയും പൊതുമേഖല സ്ഥാപനങ്ങളും

വില്‍ക്കാനുളള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത് നിതി ആയോഗാണ്. സര്‍ക്കാരിന്‍റെ 50 ല്‍ അധികം കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിട്ടുളളത്. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ കമ്പനികളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റിന് (ഡിഐപിഎഎം) നിതി ആയോഗ് നേരത്തെ സമര്‍പ്പിച്ചിരുന്നു. പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെര്‍ഫാബ്, ബ്രിഡ്ജസ് ആന്‍ഡ് റൂഫ് കമ്പനി, സ്കൂട്ടേഴ്സ് ഇന്ത്യ, ഭാരത് പമ്പ്സ് ആന്‍ഡ് കപ്രസസേഴ്സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്, ഹിന്ദുസ്ഥാന്‍ ഫ്ലൂറോ കാര്‍ബണ്‍സ് എന്നീ സ്ഥാപനങ്ങളുടെ ഭൂമി, ഫാക്ടറികള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഓഫീസുകള്‍ തുടങ്ങിവ വില്‍ക്കാനായി കഴിഞ്ഞ വര്‍ഷം ഡിഐപിഎഎം തെരഞ്ഞെടുത്തിരുന്നു.

union budget 2019 public sector share sale  

75 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുളള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും 75 ശതമാനത്തിന് പുറമേയുളള ഓഹരികള്‍ വില്‍ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഡിഐപിഎഎം ഇതിന്‍റെ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയാണിപ്പോള്‍. ഈ വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുവദിച്ചിരിക്കുന്ന സമയപരിധി 2020 സെപ്റ്റംബറില്‍ അവസാനിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു മേഖല ഓഹരി വില്‍പ്പനയിലൂടെ 84,972.16 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 
 

Follow Us:
Download App:
  • android
  • ios