Asianet News MalayalamAsianet News Malayalam

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷ കാലാവധിയില്‍ പലിശ രഹിത വായ്‍പ

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പലിശരഹിത വായ്‍പാ തുക ചെലവഴിക്കുന്നതിന് ചില അടിസ്ഥാന സൗകര്യ വികസന മേഖലകളെയും ബജറ്റ് പ്രസംഗത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്.

centre to give Fifty year interest free loan to States for capital investments
Author
First Published Feb 1, 2023, 4:59 PM IST

ദില്ലി: അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന 50 വര്‍ഷത്തെ പലിശരഹിത വായ്‍പ ഒരു വര്‍ഷം കൂടി തുടരുമെന്ന് ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി. ഏതാണ്ട് 1.3 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം താത്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഈ പണത്തില്‍ വലിയൊരു ശതമാനവും ചെലവഴിക്കാമെങ്കിലും ഇക്കാര്യത്തില്‍ ചില നിബന്ധനകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കും.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പലിശരഹിത വായ്‍പാ തുക ചെലവഴിക്കുന്നതിന് ചില അടിസ്ഥാന സൗകര്യ വികസന മേഖലകളെയും ബജറ്റ് പ്രസംഗത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്. പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റുന്നത്,  നഗരാസൂത്രണവും അതുമായി ബന്ധപ്പെട്ട നടപടികളും, മുനിസിപ്പില്‍ ബോണ്ടുകള്‍ എടുക്കാന്‍ യോഗ്യരാക്കുന്ന തരത്തില്‍ നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന സാമ്പത്തിക നവീകരണം, പൊലീസ് സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി പൊലീസുകാര്‍ക്ക് സജ്ജീകരിക്കുന്ന താമസ സൗകര്യം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

ഇതിന് പുറമെ യൂണിറ്റി മാളുകള്‍ നിര്‍മിക്കാനും ഈ വായ്പാ തുകയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പണം ചെലവഴിക്കാം. സംസ്ഥാന തലസ്ഥാനങ്ങളിലോ അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലോ അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ വാണിജ്യ തലസ്ഥാനങ്ങളിലോ ആയിരിക്കണം ഈ യൂണിറ്റി മാള്‍ നിര്‍മിക്കേണ്ടത്. 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതിക്ക് കീഴില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും കരകൗശല ഉത്പന്നങ്ങള്‍ പോലുള്ളവയും വില്‍ക്കുന്നതിന് വേണ്ടിയും ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സ്ഥലം നല്‍കാന്‍ വേണ്ടിയുമാണ് യൂണിറ്റി മാളുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള ലൈബ്രറികളും അതിനോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും ഈ പലിശ രഹിത വായ്‍പകള്‍ ഉപയോഗിക്കാം. ദേശീയ തലത്തില്‍ തയ്യാറാക്കാന്‍ ബജറ്റില്‍ വിഭാവനം ചെയ്‍തിട്ടുള്ള നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സജ്ജമാക്കുന്ന ഈ ലൈബ്രറികളില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലെ സംസ്ഥാന വിവിഹതത്തില്‍ മൂലധന നിക്ഷേപമായും ഈ പണം ചെലവഴിക്കാമെന്ന് ബജറ്റില്‍ വിവരിക്കുന്നുണ്ട്.

Read also:  കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത നിരാശയെന്നും ഇടത് പക്ഷം; കാര്യകാരണങ്ങൾ നിരത്തി എംപിമാർ

Follow Us:
Download App:
  • android
  • ios