Asianet News MalayalamAsianet News Malayalam

'സർവ്വസ്പർശിയായ ബജറ്റ്,തൊഴിലവസരങ്ങൾ വർധിക്കും,കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും' കെ സുരേന്ദ്രന്‍

കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്‍റെ  വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ  രാജ്യത്ത് വലിയതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുറപ്പായി

 k surendran praise union budget
Author
First Published Feb 1, 2023, 5:24 PM IST

തിരുവനന്തപുരം:ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ  രാജ്യത്ത് വലിയതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വർധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കൾക്ക് മൂന്നുവർഷം  സ്റ്റൈഫന്റോടെ പരിശീലനം നൽകുന്നത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസകരമാണ്.

ബജറ്റ് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത് കാർഷിക ഉൽപാദനം വർധിക്കുന്നതിനും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിനും കർഷകരെ സഹായിക്കും. സഹകരണ മേഖയിൽ ഭക്ഷ്യ സംഭരണം നടത്താനുള്ള തീരുമാനം കർഷകർക്ക് വളരെ ഗുണകരമാണ്. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതിന് ഭക്ഷ്യ സംഭരണം ഉപകരിക്കും. കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

റെയിൽവെ വികസനത്തിന് 2.4 ലക്ഷം കോടി അനുവദിച്ചത് റെയിൽവെയെ അതിവേഗം ആധുനികവൽക്കരിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും സഹായിക്കും. എംഎസ്എംഇക്ക് ഈടില്ലതെ വായ്പ നൽകുന്നതിന് തുകമാറ്റിവെച്ചത് കുടിൽ വ്യവസായത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ആധുനികവൽക്കരണത്തിനും തൊഴിലവസരങ്ങൾ വർധിക്കുന്നതിനും സഹായിക്കും.

സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണമാണ് മോദി സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കുന്ന രീതിയിൽ സ്ത്രീകൾക്ക് ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപം എന്നത് രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമാകും. മൽസ്യതൊഴിലാളികൾക്ക് മത്സ്യസമ്പദ പദ്ധതിയുടെ 6000 കോടി രൂപ മാറ്റിവെച്ചത് കേരളത്തിലെ മൽസ്യ തൊഴിലാളികൾക്ക് ആശ്വാസകരമാണ്. ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് 15000 കോടി രൂപ മാറ്റിവെച്ചത് അടിസ്ഥാന ജനവിഭാഗത്തോടുളള മോദി സർക്കാരിൻ്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്  സർക്കാരുകളുടെ ഭരണകാലഘട്ടത്തിൽ അവഗണിക്കപ്പെട്ടവരാണ്  രാജ്യത്തെ ആദിവാസി വിഭാഗങ്ങൾ.  പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നരേന്ദ്രമോദി സർക്കാരിൻ്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് പുതിയ  740 ഏകലവ്യ മോഡൽ സ്കൂളുകളും അതിൻ്റെ നടത്തിപ്പിനായി 38,800 അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബർ വില കൂടാൻ കാരണമാവും. ഇത് റബർ കർഷകർക്ക് ആശ്വാസകരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios