Asianet News MalayalamAsianet News Malayalam

Union Budget 2023: ബജറ്റ് ഒറ്റനോട്ടത്തിൽ; പ്രധാനപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും

'അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിന്റ്,  ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി. കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ

Union Budget 2023 All important announcements
Author
First Published Feb 1, 2023, 6:17 PM IST

ദില്ലി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു.  സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ആരംഭിക്കുമ്പോള്‍ പറഞ്ഞത്. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിന്റായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്നും  ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2023 സാമ്പത്തിക വർഷത്തെ ബജറ്റ് ഒറ്റനോട്ടത്തിൽ 

വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ ഏഴ്  വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങൾ എണ്ണി പറഞ്ഞ ശേഷം ധനമന്ത്രി അടുത്ത വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ നടത്തി. 

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും.  ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. 

തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും. 

രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജി ഡി പി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന. 

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.

ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. 

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറക്കും. സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം

കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. പഴയ  വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും. പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ  പദ്ധതി ആരംഭിക്കും. 

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി  30 ലക്ഷമായി ഉയർത്തി

 സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ക്യാമറ ലെൻസ് ലിതിയം സെൽ,ടി വി ഘടകങ്ങൾ, മൊബൈൽ ഫോൺ ഘടകങ്ങൾ എന്നിവയ്ക്ക് വില കുറയും 

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി. 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം. ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

157 പുതിയ നഴ്സിംഗ് കോളേജുകൾ - നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും - ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും. ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ  - ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം - ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

Follow Us:
Download App:
  • android
  • ios