Asianet News MalayalamAsianet News Malayalam

50 ശതമാനം വിദ്യാർത്ഥികൾ സ്കൂളിലേക്ക്; ക്ലാസ്സുകൾക്ക് ഷിഫ്റ്റ് സംവിധാനം; കർശന നിർദ്ദേശങ്ങൾ ഇവയാണ്...

രാവിലെ 9ന് അല്ലെങ്കിൽ 10ന് ആരംഭിച്ച് ഒരു മണിക്കുള്ളിൽ അവസാനിക്കുന്നതാകും ആദ്യത്തെ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച് വൈകിട്ട് 5നുള്ളിൽ രണ്ടാമത്തെ ഷിഫ്റ്റ് അവസാനിക്കും. 

50 percent of students go to school Shift system for classes
Author
Trivandrum, First Published Dec 29, 2020, 10:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 10,12 ക്ലാസുകൾ ജനുവരി 4 മുതൽ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ 50 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. രണ്ടു ഷിഫ്റ്റുകൾ ആയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9ന് അല്ലെങ്കിൽ 10ന് ആരംഭിച്ച് ഒരു മണിക്കുള്ളിൽ അവസാനിക്കുന്നതാകും ആദ്യത്തെ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച് വൈകിട്ട് 5നുള്ളിൽ രണ്ടാമത്തെ ഷിഫ്റ്റ് അവസാനിക്കും. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകൾ നടത്തുക. സ്‌കൂളിന്റെ സൗകര്യങ്ങൾ കണക്കിലെടുത്താകണം വിദ്യാർത്ഥികളുടെ എണ്ണം തീരുമാനിക്കാൻ. 

സ്‌കൂളിൽ കുറഞ്ഞത് രണ്ടു മീറ്റർ എങ്കിലും വിദ്യാർത്ഥികളും, അധ്യാപകരും അകലം പാലിച്ചിരിക്കണം. ഓരോ ബാച്ചിന്റെയും ക്ലാസ് തുടങ്ങുന്ന സമയം, ഇടവേള, അവസാനിക്കുന്ന സമയം എന്നിവ വ്യത്യസ്തമായി ക്രമീകരിച്ചിരിക്കണം. കോവിഡ് പ്രതിരോധനത്തിനായി സ്‌കൂളുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാന അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. മാസ്ക്, സാനിറ്റയിസർ, ഡിജിറ്റൽ തെർമോമീറ്റർ, സോപ്പ് തുടങ്ങിയവ സ്ക്കൂളുകളിൽ സജ്ജീകരിക്കേണ്ടതാണ്. വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി സ്‌കൂൾ പരിസരങ്ങളിൽ സൂചനാബോർഡുകൾ, സ്റ്റിക്കറുകൾ, പോസ്റ്ററുകൾ, എന്നിവ പതിപ്പിക്കേണ്ടതാണ്. 

ഭക്ഷണം, വെള്ളം എന്നിവയും വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും മറ്റു വിദ്യാർത്ഥികളുമായി പങ്കുവയ്ക്കാൻ അനുവദിക്കരുത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. സ്ക്കൂളിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലും കോവിഡ്സെൽ രൂപീകരിച്ച് ആഴ്ചയിൽ ഒരിക്കൽ യോഗം കൂടി സാഹചര്യം വിലയിരുത്തേണ്ടതാണ്. ആരോഗ്യ വകുപ്പ് നിർദേശിച്ച ദിവസങ്ങൾക്കു ശേഷം മാത്രമേ കോവിഡ് രോഗബാധിതരും, ക്വാറന്റൈനിൽ കഴിയുന്നവരും സ്‌കൂളിൽ ഏതാണ് പാടുള്ളു. സ്കൂൾ വാഹനങ്ങളിൽ സുരക്ഷിതമായ അകലം പാലിക്കണം. മാസ്ക് നിർബന്ധമാക്കണം.

Follow Us:
Download App:
  • android
  • ios