വിമാനത്താവളങ്ങളിലെ രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ നട്ടെല്ലാണ് എആര്‍എഫ്എഫ്.
ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയില്‍ അനിവാര്യമായ വിഭാഗമാണ് എആര്‍എഫ്എഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ്. വിമാന അപകടങ്ങളോ തീപിടിത്തമോ സംഭവിക്കുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുകയും ചെയ്യുന്നത് ഈ വിഭാഗക്കാരാണ്. അപ്പോള്‍ മനസിലാക്കാവുന്നതേയുള്ളൂ ഇവരുടെ പ്രാധാന്യം.
വിമാനങ്ങളില്‍ ഉപയോഗിക്കുന്ന പ്രത്യേക തരം ഇന്ധനങ്ങളും വസ്തുക്കളും കാരണം ഉണ്ടാകുന്ന തീപിടിത്തങ്ങള്‍ സാധാരണ അഗ്‌നിശമന സേനയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതിനായി പ്രത്യേകം പരിശീലനം ലഭിച്ച വ്യോമയാന അഗ്നിശമന സേനാംഗങ്ങളുടെ സേവനം അനിവാര്യമാണ്. വിമാന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിവേഗത്തില്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയും പരിക്കേറ്റവരെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടത് എആര്‍എഫ്എഫ് ടീമിന്റെ ഉത്തരവാദിത്തമാണ്.
എആര്‍എഫ്എഫിന്റെ പ്രാധാന്യം
വിമാനത്താവളങ്ങളിലെ രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ നട്ടെല്ലാണ് എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം. ഈ രംഗത്ത് വൈദഗ്ധ്യം നേടുന്നത് മികച്ച തൊഴില്‍ സാധ്യതകളാണ് തുറക്കുന്നത്. വിമാനയാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമായതിനാല്‍ എല്ലാ വിമാനത്താവളത്തിനും എആര്‍എഫ്എഫ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. അന്താരാഷ്ട്ര വ്യോമയാന സംഘടന നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എആര്‍എഫ്എഫ് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിലും ഈ വിഭാഗം നിര്‍ണായകമാണെന്നതില്‍ സംശയമില്ല. അപകടസാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ഇക്കൂട്ടര്‍ അനിവാര്യമാണ്.
ജോലി സാധ്യതകള്‍
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. കൂടാതെ, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, വലിയ വ്യവസായശാലകള്‍ എന്നിവിടങ്ങളിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ സാധ്യത ഏറെയാണ്. നിലവില്‍ രാജ്യത്ത് പതിനഞ്ചോളം പുതിയ എയര്‍പോര്‍ട്ടുകളാണ് നിര്‍മാണത്തിലിരിക്കുന്നത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പതോളം പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് വ്യോമയാന മേഖല ശക്തിപ്പെടുത്തുവാനാണ് സര്‍ക്കാര്‍ പദ്ധതി. അതിനാല്‍ തന്നെ സുരക്ഷാവിഭാഗക്കാരുടെ ആവശ്യകതയും ഏറുമെന്നതില്‍ സംശയമില്ല.
എന്തൊക്കെ പഠിക്കണം?
വിമാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളും മറ്റ് രാസവസ്തുക്കളും, അഗ്‌നിശമന തന്ത്രങ്ങളും രീതികളും,വിമാനത്താവളത്തിലെ സുരക്ഷാ നിയമങ്ങള്‍, രക്ഷാപ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍, അത്യാധുനിക അഗ്‌നിശമന ഉപകരണങ്ങളുടെ ഉപയോഗം, അപകട സ്ഥലത്തെ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍, ശാരീരിക പരിശീലനം, സ്‌ക്വാഡ് ഡ്രില്‍, വിവിധ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ കോഴ്‌സിലുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
എവിടെ പഠിക്കാം?
വ്യോമയാന മേഖലയില്‍ മികച്ച കരിയര്‍ സാധ്യതയുള്ള ഈ കോഴ്‌സ് നിലവില്‍ ദക്ഷിണേന്ത്യയില്‍ കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി മാത്രമാണ് നല്‍കുന്നത്. ഇവിടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സ് ലഭ്യമാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാണ് പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍(ഐസിഎഒ) നിശ്ചയിച്ചിരിക്കുന്ന പാഠ്യപദ്ധതി അനുസരിച്ചാണ് ഇവിടെ കോഴ്‌സ് നടത്തുന്നത്.
ജൂണ്‍ 20 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഇതോടൊപ്പം ഫിസിക്കല്‍ ടെസ്റ്റും പാസാകേണ്ടതുണ്ട്. അപേക്ഷകള്‍ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്-8848000901.
മറ്റു സ്ഥാപനങ്ങള്‍- എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൊല്‍ക്കത്ത, ഡല്‍ഹി കേന്ദ്രങ്ങിലും ഐസിഎഒ സിലബസ് ആസ്പദമാക്കിയുള്ള നാലുമാസത്തെ അടിസ്ഥാന കോഴ്‌സ് ലഭ്യമാണ്.
ആര്‍ക്കൊക്കെ പഠിക്കാം?
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി ഡിഗ്രി പാസ്സായവര്‍ക്കോ അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് പാസ്സായവര്‍ക്കോ ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയ്ക്ക് ഒപ്പം ശാരീരിക ക്ഷമതയും അനിവാര്യമാണ്.