ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതാനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇരട്ട എംഎ ബിരുദധാരിയും ഏഴ് ഭാഷകൾ സംസാരിക്കുന്നയാളുമായ അദ്ദേഹം മുൻപ് മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്തിരുന്നു. 

ബംഗളൂരു: കഠിനാധ്വാനം ചെയ്താലും ജീവിതം ചിലപ്പോൾ ചില പ്രവചിക്കാനാവാത്ത വഴികളിലൂടെ മുന്നോട്ട് കൊണ്ട് പോകും. പലരും ചിലപ്പോൾ ആ വഴിയില്‍ തളര്‍ന്ന് പോകും. എന്നാൽ, ജീവിതത്തെ അതിന്‍റെ എല്ലാ അർത്ഥത്തിലും സന്തോഷത്തോടെ സ്വീകരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

ഇരട്ട എംഎ ബിരുദമുള്ള, ഏഴ് ഭാഷകൾ സംസാരിക്കുന്ന, മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്ത, ഐഎഎസ് ആകാൻ പഠിച്ച ഒരാൾ ഇപ്പോൾ ബംഗളൂരുവിൽ ഓട്ടോ ഓടിക്കുകയാണ്. കുടുംബ പ്രാരാബ്‍ദങ്ങളാണ് അദ്ദേഹത്തെ തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ജീവിതത്തിലെ ഈ പ്രതിസന്ധിയെ സന്തോഷത്തോടെ നേരിടാനുള്ള യുവാവിന്‍റെ കഴിവാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.

ഹൈദരാബാദിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്ററായ അഭിനവ് മയ്‌ലാവരപു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുമായി 15 മിനിറ്റ് നടത്തിയ സംഭാഷണം ഒരു വലിയ ജീവിത പാഠമായി മാറിയതിനെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ വിവരിക്കുന്നത്. " ഇന്നലെ ഞങ്ങൾ ഡി-മാർട്ടിൽ പോയി. തിരികെ വരുമ്പോൾ ഒരു ഓട്ടോ പിടിച്ചു. അടുത്ത 15 മിനിറ്റ് എന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് അഭിനവ് വീഡിയോ ആരംഭിക്കുന്നത്.

ഓട്ടോ ഡ്രൈവർ തനിക്കും സുഹൃത്തുക്കൾക്കും മുന്നിൽ ഒരു വെല്ലുവിളി നടത്തി. അത് പൂർത്തിയാക്കിയാൽ പണം വാങ്ങില്ലെന്നായിരുന്നു വ്യവസ്ഥ. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ പൂർണ്ണരൂപം പറയാനായിരുന്നു ആ വെല്ലുവിളി. കമ്പ്യൂട്ടർ എന്ന ചുരുക്കെഴുത്തിനെ വികസിപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് ശരിയാക്കിയാൽ കൂലി വാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ഉത്തരം പറയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് അതിന് കഴിഞ്ഞുമില്ല.

തുടര്‍ന്ന് ഓട്ടോ‍ഡ്രൈവര്‍ തന്നെ പറഞ്ഞത് ഇങ്ങനെയാണ്. "പഠിക്കുന്നത് നിങ്ങളെ സമ്പാദിക്കാൻ സഹായിക്കും, എന്നാൽ സമ്പാദിക്കുന്നത് നിങ്ങളെ പഠിപ്പിക്കില്ല. 1976ൽ ഞാൻ പഠിക്കുമ്പോൾ അവർ പറഞ്ഞു കമ്പ്യൂട്ടറുകൾ വരുമെന്ന്. ഇപ്പോൾ എല്ലാവരും എഐയെക്കുറിച്ചാണ് സംസാരിക്കുന്നത്. കമ്പ്യൂട്ടർ എന്നാൽ: Commonly Operated Machine Purposely Used for Trade, Education, and Research എന്നാണ്".

യാത്രയുടെ ഇടയിൽ ഓട്ടോ ഡ്രൈവർ അഭിനവിനോടും സുഹൃത്തുക്കളോടും തന്‍റെ ജീവിതകഥ വെളിപ്പെടുത്തി. "ഞാൻ ശരിക്കും ഐഎഎസിന് പഠിച്ചതാണ്. എനിക്ക് ഇരട്ട എംഎ ബിരുദമുണ്ട്. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് പൊളിറ്റിക്കൽ സയൻസിലും. പക്ഷേ പെട്ടെന്ന് എന്‍റെ വിവാഹം നിശ്ചയിച്ചു. കുട്ടികളുണ്ടായി, എനിക്ക് പഠനം തുടരാൻ " - ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

ഓട്ടോ ഡ്രൈവർക്ക് കന്നഡ ഉൾപ്പെടെ ഏഴ് ഭാഷകൾ സംസാരിക്കാൻ അറിയാമെന്നറിഞ്ഞപ്പോൾ തങ്ങൾ അത്ഭുതപ്പെട്ടുവെന്നും അഭിനവ് പറയുന്നു. വീഡിയോയിൽ ഓട്ടോ ഡ്രൈവർ വിശദീകരിക്കുന്നത് ഇങ്ങനെ. "ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഉറുദു, തെലുങ്ക്, മലയാളം, തമിഴ്. എന്‍റെ മുസ്ലീം സഹോദരങ്ങളെപ്പോലെയാണ് ഞാൻ ഉറുദു സംസാരിക്കുന്നതെന്ന് ആളുകൾ പറയും. ഞാൻ നിരവധി എംഎൻസി കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. അവർ ഒരുപാട് പണം നൽകും, പക്ഷേ ഒരുപാട് ഊറ്റിയെടുക്കുകയും ചെയ്യും" - ഓട്ടോ ഡ്രൈവറിനെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കാനേ അഭിനവിനും കൂട്ടുകാര്‍ക്കും കഴിഞ്ഞുള്ളൂ.