Asianet News MalayalamAsianet News Malayalam

NISH| നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് പ്രവർത്തനം ആരംഭിക്കുന്നു

ഭിന്നശേഷി സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നൂതന സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് ലാരിഞ്ജിയല്‍ ആന്‍ഡ് ആര്‍ട്ടിക്കുലേറ്ററി സയന്‍സസ്, വെസ്റ്റിബുലാര്‍ സയന്‍സസ് യൂണിറ്റുകള്‍ സമന്വയിപ്പിച്ചാണ് സിആര്‍സിഎസ് ആരംഭിക്കുന്നത്. 

centre for research in communication sciences nish
Author
Trivandrum, First Published Nov 19, 2021, 8:42 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്താദ്യമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) (National Institute of Speech and Hearing) സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്) (Centre for research in communication)  പ്രവര്‍ത്തനം ആരംഭിക്കുന്നു. ഭിന്നശേഷി ഗവേഷണ രംഗത്ത് മാതൃകാപരമായ മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായ  ഈ സെന്‍റര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

ഭിന്നശേഷി സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നൂതന സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് ലാരിഞ്ജിയല്‍ ആന്‍ഡ് ആര്‍ട്ടിക്കുലേറ്ററി സയന്‍സസ്, വെസ്റ്റിബുലാര്‍ സയന്‍സസ് യൂണിറ്റുകള്‍ സമന്വയിപ്പിച്ചാണ് സിആര്‍സിഎസ് ആരംഭിക്കുന്നത്. ആശയവിനിമയ തകരാറുകള്‍ അനുഭവപ്പെടുന്ന വ്യക്തികളെ സമൂഹത്തില്‍ സജീവമായി ഇടപെടാന്‍ പ്രാപ്തരാക്കുന്നതിനും ആശയവിനിമയ തകരാറുകളും കാരണങ്ങളും മനസ്സിലാക്കി ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനും ചികിത്സാ ഫലങ്ങള്‍ വിലയിരുത്തുന്നതിനുമായി വിപുലമായ ഗവേഷണം നടത്തുന്നതിനും സിആര്‍സിഎസ് സഹായകമാകും.

സംസ്ഥാനത്താദ്യമായി ആശയവിനിമയ ശാസ്ത്ര ഗവേഷണത്തെ കേന്ദ്രീകരിച്ച് നിലവില്‍ വരുന്ന അത്യാധുനിക സിആര്‍സിഎസ് ഈ മേഖലയില്‍ വഴിത്തിരിവാകുമെന്ന് നിഷ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് പറഞ്ഞു. നിഷിന്‍റെ മികവും വിദഗ്ധരായ അദ്ധ്യാപകരുടെ സാന്നിധ്യവും സൗകര്യങ്ങളും ഇതിന് മുതല്‍ക്കൂട്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

ലാരിഞ്ജിയല്‍ ആന്‍ഡ് ആര്‍ട്ടിക്കുലേറ്ററി സയന്‍സസ് യൂണിറ്റിലെ സ്പീച്ച് സയന്‍സ് ലാബിലെ അത്യാധുനിക ഉപകരണങ്ങളുടെയും വാഗ്മി, ലിംങ് വേവ്സ് സോഫ്റ്റ് വെയറുകളുടെയും ലാറിങ്കോസ്കോപ്പിയുടെയും സഹായത്തോടെ നടത്തുന്ന പരിശോധനയിലൂടെ ഉച്ചാരണത്തിലെയും ശബ്ദത്തിലേയും പ്രത്യേകതകള്‍ അളക്കുവാനും വോക്കല്‍ കോഡുകളെ നിരീക്ഷിക്കാനും കഴിയും. സംസാരത്തില്‍ ഉണ്ടാകുന്ന ഉച്ചാരണ പിഴവുകള്‍, ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, വോക്കല്‍ കോഡിന്‍റെ ഘടനയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. ഇതുകൂടാതെ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, മൂക്കിലൂടെ സംസാരിക്കുക തുടങ്ങിയവയ്ക്ക് കാരണമായ അവയവത്തിന്‍റെ ഘടനയോ, പ്രവൃത്തിയോ ലാറിങ്കോസ്കോപ്പിലൂടെ കണ്ടുപിടിക്കാനാകും. കുട്ടികളിലും മുതിര്‍ന്നവരിലും ലാറിങ്കോസ്കോപ്പി പരിശോധന നടത്താവുന്നതാണ്.

വ്യക്തികളുടെ ബാലന്‍സ് ഡിസോര്‍ഡേഴ്സിന്‍റെ അനുബന്ധ ഗവേഷണത്തിനും പുനരധിവാസത്തിനുമാണ് വെസ്റ്റിബുലാര്‍ സയന്‍സസ് ലാബിന് തുടക്കമിട്ടിരിക്കുന്നത്. ജനസംഖ്യയുടെ നാല്‍പത് ശതമാനം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ ക്രമരഹിതമായ സന്തുലനാവസ്ഥ (തലകറക്കം) അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റിബുലാര്‍ പ്രശ്നങ്ങള്‍ വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്താം. ഇത് മുന്നില്‍ കണ്ടാണ് കേരളത്തിലെ ആദ്യ വെസ്റ്റിബുലാര്‍ ലാബ് തുടങ്ങാന്‍ നിഷ് മുന്നിട്ടിറങ്ങിയത്. 

കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. 1997-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്നും ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ‍ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് ഗണ്യമായ സംഭാവനകള്‍ നല്കിവരുന്നു. വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ നിഷ്‌ മാര്‍ഗ്ഗദര്‍ശകത്വം നല്കുന്നുണ്ട്. 

ശ്രവണ-സംസാര വിഷമതകളുടെ വൈവിധ്യം നിര്‍ണ്ണയിക്കുകയും അവര്‍ക്കുള്ള ബഹുമുഖമായ ഇന്റര്‍വെന്‍ഷന്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നതിന് ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് ലാങ്ഗ്വിജ് പഥോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഇ.എന്‍.റ്റി.സര്‍ജ‍ന്‍, ന്യൂറോളജിസ്റ്റ് എന്നിവരുള്‍പ്പെട്ട ഒരു സംഘം തന്നെ നിഷ്-ല്‍ ഉണ്ട്. കേള്‍വിത്തകരാറുളള കൊച്ചുകുട്ടികളുടെ ഇന്റര്‍വെന്‍ഷനു വേണ്ടി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം. കൗണ്‍സിലിങ്ങും രക്ഷകര്‍ത്താക്കള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കലും, കേള്‍വിത്തകരാറുളള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ബിരുദകോഴ്സുകള്‍, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷന്‍ കോഴ്സുകള്‍ എന്നിവ ഉള്‍ക്കൊണ്ട അക്കാദമിക് പഠനവിഭാഗം, ക്യാമ്പുകളും ഔട്ട്റീച്ച് പ്രോഗ്രാമുകളും, ഡിസെബിലിറ്റി മേഖലയില്‍ ഗവേഷണം, സെമിനാറുകള്‍, ശില്പശാലകള്‍, സി.ആര്‍.ഇ. പ്രോഗ്രാമുകള്‍ എന്നിവയും നിഷിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 


 

Follow Us:
Download App:
  • android
  • ios