തിരുവനന്തപുരം: ജനുവരി ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ 48 മണിക്കൂര്‍ മുന്‍പ് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കും മറ്റുള്ളവര്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി ആന്റിജന്‍ പരിശോധനയ്ക്കും വിധേയരാകണം.

പോസിറ്റീവ് കേസുകളുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഇന്‍ഫ്‌ളുവന്‍സ പോലെയുള്ള രോഗമുള്ളവര്‍, കണ്ടയിന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍, കോവിഡ് ക്ലസ്റ്റര്‍ മേഖലകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണം.

അധ്യാപകരുടെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലാ ആശുപത്രിയിലും എല്ലാ താലൂക്ക്/താലൂക്ക് ആസ്ഥാന  ആശുപത്രികളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്റിജന്‍ പരിശോധന എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 30, 31 തീയതികളില്‍ നടക്കും.

സ്‌കൂള്‍ പഠന പ്രവര്‍ത്തനങ്ങളില്‍  വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും പാലിക്കേണ്ട കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ മാസ് മീഡിയ വിഭാഗം തയ്യാറാക്കി നല്‍കും. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച പരിശീലനം എല്ലാ വിദ്യാലയങ്ങളിലും  നല്‍കുമെന്നും ഡി എം ഒ അറിയിച്ചു.