മികച്ച അക്കാദമിക് റെക്കോർഡുള്ളതും ഫിലാറ്റലി ഒരു ഹോബിയായി പിന്തുടരുന്നതുമായ 6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തപാൽ വകുപ്പ് സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.
തിരുവനന്തപുരം: മികച്ച അക്കാദമിക് റെക്കോർഡുള്ളതും ഫിലാറ്റലി ഒരു ഹോബിയായി പിന്തുടരുന്നതുമായ ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ് "ദീൻ ദയാൽ സ്പർശ് യോജന 2025-26 സ്കോളർഷിപ്പ് പദ്ധതി (സ്റ്റാമ്പുകളിൽ അഭിരുചിയും ഗവേഷണവും ഒരു ഹോബിയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ്)" ആരംഭിച്ചു. പദ്ധതി പ്രകാരം 2025-26 അക്കാദമിക് വർഷത്തിൽ കേരള പോസ്റ്റൽ സർക്കിളിലെ 40 വിദ്യാർത്ഥികൾക്ക് 6000/- രൂപ സ്കോളർഷിപ്പ് തുക നൽകും. ഓരോ ക്ലാസിൽ നിന്നും പത്ത് വിദ്യാർത്ഥികൾക്കു വീതമാണ് സ്കോളർഷിപ്പ്.
ഇന്ത്യയിലെ അംഗീകൃത സ്കൂളുകളിൽ ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്നതും, അടുത്തിടെ നടന്ന അവസാന പരീക്ഷയിൽ 60% മാർക്കോ തത്തുല്യമായ ഗ്രേഡ്/ഗ്രേഡ് പോയിന്റോ നേടിയ (എസ്‌സി/എസ്ടിക്ക് 5% ഇളവ്) കേരള പോസ്റ്റൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ള വിദ്യാർത്ഥികൾക്ക് 'സ്പർശ്' മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്, ഘട്ടം ഒന്ന് "ക്വിസ്" ഉം ഘട്ടം രണ്ട് "ഫിലാറ്റലി പ്രോജക്റ്റ്" ഉം ആണ്. ക്വിസ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ ഫോർമാറ്റ് (MCQ) ആയിരിക്കും, അതിൽ സമകാലിക സംഭവങ്ങൾ, ചരിത്രം, ശാസ്ത്രം, സ്‌പോർട്‌സ്, സംസ്കാരം, ഭൂമിശാസ്ത്രം, ഫിലാറ്റലി (പ്രാദേശികവും ദേശീയവും) എന്നിവയിൽ നിന്നുള്ള 50 ചോദ്യങ്ങൾ അടങ്ങിയിരിക്കും. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് (അവാർഡ് ജേതാക്കളുടെ എണ്ണത്തിന്റെ ഏകദേശം 4 മടങ്ങ്) ഒരു നിശ്ചിത വിഷയത്തിൽ ഒരു ഫിലാറ്റലി പ്രോജക്റ്റ് സമർപ്പിക്കാൻ അർഹതയുണ്ടായിരിക്കും, ഇത് 4 മുതൽ 5 പേജുകളിലായി പരമാവധി 500 വാക്കുകളിൽ പരിമിതപ്പെടുത്തണം. സ്റ്റാമ്പുകളുടെ (യഥാർത്ഥ അല്ലെങ്കിൽ ചിത്രങ്ങൾ) പ്രദർശനം പരമാവധി 16 (പതിനാറ്) ആയി പരിമിതപ്പെടുത്തണം.
ഒന്നാം ഘട്ടം ക്വിസിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട പോസ്റ്റൽ ഡിവിഷണൽ സൂപ്രണ്ടിന് സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 30 ആണ്. രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി അയച്ച അപേക്ഷ മാത്രമേ പരിഗണിക്കൂ. സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങൾ https://www.indiapost.gov.in. ൽ ലഭ്യമാണ്.


