സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് & ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സക്സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലിൽ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടു. 

വാഷിങ്ടൺ: ഡ്രൈവിങ് നിയമം ലംഘിച്ചതിനെ തുടർന്ന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ വിദ്യാർഥിക്ക് തുണയായി യുഎസ് ഫെഡറൽ കോടതി. സൗത്ത് ഡക്കോട്ടയിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 28 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി പ്രിയ സക്‌സേനയുടെ വിസയാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) റദ്ദാക്കാൻ ശ്രമിച്ചത്. വിസ റദ്ദാക്കി നാടുകടത്താനായിരുന്നു തീരുമാനം. എന്നാൽ പ്രാഥമിക ഉത്തരവിലൂടെ നാടുകടത്തലും വിസ റദ്ദാക്കലും ഫെഡറൽ കോടതി തടഞ്ഞു.

സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് & ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സക്സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലിൽ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടു . ദില്ലിയിലെ യുഎസ് എംബസിയിൽ നിന്നാണ് പ്രിയക്ക് അറിയിപ്പ് ലഭിച്ചത്. സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) റെക്കോർഡ് അവസാനിപ്പിക്കുകയും, പിഎച്ച്ഡി ബിരുദം തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2021-ലെ ഒരു ചെറിയ ഗതാഗത നിയമലംഘനത്തെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

പ്രിയ സക്‌സേന തന്റെ വിസ അപേക്ഷാ പ്രക്രിയയിൽ ഈ സംഭവം മുമ്പ് വെളിപ്പെടുത്തിയിരുന്നുവെന്നും വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയിരുന്നുവെന്നും അവരുടെ അഭിഭാഷകൻ ജിം ലീച്ച് ചൂണ്ടിക്കാട്ടി. സർക്കാർ വിസ വീണ്ടും നൽകി, പിന്നീട് മൂന്നര വർഷത്തിന് ശേഷം റദ്ദാക്കുകയാണെന്ന് അറിയിച്ചത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമ നിയമവും അഞ്ചാം ഭേദഗതി ഡ്യൂ പ്രോസസ് അവകാശങ്ങളും ലംഘിച്ചുവെന്ന് അഭിഭാഷകൻ വാദിച്ചു.

കോടതി ആദ്യം ബിരുദം നേടാൻ അനുവദിക്കുന്ന ഒരു താൽക്കാലിക നിരോധന ഉത്തരവ് അനുവദിച്ചു, വ്യാഴാഴ്ച ഒരു പ്രാഥമിക നിരോധന ഉത്തരവ് വഴി ആ സംരക്ഷണം നീട്ടുകയും ഇത് യുഎസിൽ തുടരാനും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിന് (OPT) അപേക്ഷിക്കാനും അനുവദിക്കുകയും ചെയ്തു.