ആദ്യത്തെ പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ തന്‍റെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസർ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ഇന്ത്യയിലെ പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും നിരാശരാവാറുണ്ട്. പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ താൻ പരാജയപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ. 

2007ലെ യുപിഎസ്‍സി പരീക്ഷയില്‍ ജനറൽ സ്റ്റഡീസ് പേപ്പറുകളിൽ മാർക്ക് കുറഞ്ഞതു കാരണം തന്നെ ഇന്‍റര്‍വ്യൂവിന് വിളിച്ചില്ലെന്ന് സൊണാൽ പറയുന്നു. ആ മാർക്ക് ലിസ്റ്റാണ് സൊണാൽ പങ്കുവെച്ചത്. ആ പരാജയം തളർത്തുകയല്ല, തന്‍റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയാണ് ചെയ്തതെന്ന് സൊണാൽ പറഞ്ഞു. അർപ്പണ മനോഭാവത്തിന്‍റെയും അശ്രാന്ത പരിശ്രമത്തിന്‍റെയും ആവശ്യകതയെ കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. 

“പിന്നീട് ഞാൻ ജനറൽ സ്റ്റഡീസ് പേപ്പറിൽ കൂടുതൽ ശ്രദ്ധിച്ചു. കുറിപ്പുകള്‍ തയ്യാറാക്കിയും ആവർത്തിച്ചാവർത്തിച്ചും പഠിച്ചു. ദില്ലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി പഠിച്ച് കമ്പനി സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്യുന്നതിനൊപ്പം ഹൃദയവും ആത്മാവും സിലബസില്‍ അർപ്പിച്ചു"- സൊണാൽ പറഞ്ഞു. 2008ലെ ശ്രമത്തിൽ പരീക്ഷ വിജയിക്കുക മാത്രമല്ല, ഓപ്ഷണൽ വിഷയങ്ങളായ കൊമേഴ്‌സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ജനറൽ സ്റ്റഡീസിൽ ഉയർന്ന മാർക്ക് നേടുകയും ചെയ്തു സൊണാൽ. 

അർപ്പണബോധവും അശ്രാന്ത പരിശ്രമവും കൊണ്ട് ഏത് തടസ്സവും മറികടക്കാനാവുമെന്ന് സൊണാൽ പറയുന്നു. തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കണം. ഓരോ പരാജയവും കൂടുതൽ പഠിക്കാനും മെച്ചപ്പെടുത്താനും ആത്യന്തിക വിജയത്തിനുമുള്ള അവസരമായി കാണണമെന്നും സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് സൊണാൽ പറഞ്ഞു. 

"നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക, നിങ്ങളുടെ ലക്ഷ്യങ്ങൾ ആവേശത്തോടെ പിന്തുടരുക. നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. സ്ഥിരോത്സാഹത്തിലൂടെയാണ് വിജയത്തിലെത്തുക"- ഐഎഎസ് ഓഫീസർ കുറിച്ചു.

ഐഎഎസ് ഓഫീസറുടെ പോസ്റ്റിനോട് പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തി. ഇക്കാലത്ത് കുട്ടികള്‍ക്ക് റോൾ മോഡലുകളില്ലെന്നും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് ഓഫീസറുടേതെന്നും പോസ്റ്റിന് താഴെ കമന്‍റുകള്‍ കാണാം. 

Scroll to load tweet…