തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ  തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ നവംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസിനുള്ള യോഗ്യത: എസ്.എസ്.എൽ.സി, പ്രായം:18-30 വരെ. കാലാവധി : 3 - 4മാസം.

ഫീൽഡ് ടെക്നീഷ്യൻ (അതർ ഹോം അപ്ലയൻസസ്) നുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്.പ്രായം: 18-30 വരെ. മൂന്നുമാസമാണ് കാലാവധി.
അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.
ഫീസോടു കൂടിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിവരം ചുവടെ:

30 മണിക്കൂർ ദൈർഘ്യമുള്ള പൈതൺ ബേസിക് കോഴ്സിന് ഫീസ് 3000 രൂപയും ജി.എസ്.ടിയുമാണ്. താൽപ്പര്യമുള്ളവർക്ക് പ്രായ/ വിദ്യാഭ്യാസ പരിധിയില്ല. റോബോട്ടിക്‌സ് ബേസിക്സ് കോഴ്സിന് 40 മണിക്കൂറാണ് ക്ലാസുകൾ. 3500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
റോബോട്ടിക്‌സ് ബേസിക്സിന്റെ 5000 രൂപയും ജി.എസ്.ടിയും ഫീസുള്ള കോഴ്സിനൊപ്പം തിയറിക്ക് പുറമേ പ്രാക്ടിക്കലിന്റെ ഭാഗമായി ഒരു കോവിഡ് പ്രതിരോധ ഇലക്ട്രോണിക് ഹാൻഡ് സാനിട്ടൈസർ സ്വയം നിർമ്മിച്ച് സ്വന്തമാക്കുവാനും സാധിക്കും.

ഡിഷ് ആൻറ്റിന ആൻഡ് സെറ്റ് അപ്പ് ബോക്സ് ടെക്‌നിഷ്യൻ കോഴ്സിന്  100 മണിക്കൂറാണ് ക്ലാസുകൾ. ഫീസ് 5000 രൂപയും ജി.എസ്.ടിയുമാണ്. പത്താം ക്ലാസാണ് യോഗ്യത. വയസ്സ്:18 -35 വരെ. ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. താൽപര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.