Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ 20 ലക്ഷം വരെ ഗ്രാന്‍റ്: കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. 

grant for KSUM Start ups
Author
Trivandrum, First Published Jul 22, 2022, 9:56 AM IST

തിരുവനന്തപുരം:  'കേരള ഇന്നൊവേഷന്‍ ഡ്രൈവ് 2022' ന്‍റെ (kerala innovation drive 2022) ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നൊവേഷന്‍ ഗ്രാന്‍റ് പദ്ധതിയിലേയ്ക്ക് (Kerala Startt Up Mission) കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്‍റ് ലഭിക്കും. നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ പദ്ധതിയിലൂടെ ഊന്നല്‍ നല്‍കുന്നുണ്ട്. ഐഡിയ ഗ്രാന്‍റ്, പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റ്,  സ്കെയില്‍അപ് ഗ്രാന്‍റ്, മാര്‍ക്കറ്റ് ആക്സിലറേഷന്‍ ഗ്രാന്‍റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
 
മികച്ച ആശയങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍റ് നല്‍കുന്നത്. നൂതനാശയങ്ങളെ രൂപകല്‍പ്പന ചെയ്യാന്‍ ഇത് പ്രയോജനപ്പെടുത്താം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പ്പന്നവികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 15 ലക്ഷം രൂപയുടെ സ്കെയില്‍അപ് ഗ്രാന്‍റിന് അപേക്ഷിക്കാവുന്നത്. വരുമാനവര്‍ദ്ധനവ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്ത് ലക്ഷം രൂപയുടെ മാര്‍ക്കറ്റ് ആക്സിലറേഷന്‍ ഗ്രാന്‍റ് ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താന്‍ ഈ ഗ്രാന്‍റ് ഉപയോഗിക്കാം.

അന്തിമ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാം. നിലവിലെ മാനദണ്ഡങ്ങള്‍ക്കു പുറമേ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റില്‍ അഞ്ച് ലക്ഷം രൂപ കൂടുതല്‍ ലഭിക്കും. ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയിലധികം ഓഹരി ഉണ്ടായിരിക്കണം. വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിദഗ്ധ സമിതിക്കു മുന്നില്‍ അവതരണം നടത്തണം. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തിയതി  ആഗസ്റ്റ് 16.  വിശദവിവരങ്ങള്‍ക്ക് https://grants.startupmission.in/ എന്ന  വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പദ്ധതിയെക്കുറിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് കെഎസ് യുഎം 'ആസ്ക് അസ് എനിതിംഗ്' സെഷനുകള്‍ ജൂലായ് 23 ന് കൊച്ചിയിലും 26 ന് തിരുവനന്തപുരത്തും ആഗസ്റ്റ് ഒന്നിന് കോഴിക്കോടും സംഘടിപ്പിക്കും. സെഷനുകളില്‍ പങ്കെടുക്കാന്‍   https://bit.ly/askksum  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
 

Follow Us:
Download App:
  • android
  • ios