Asianet News MalayalamAsianet News Malayalam

UPSC CSE : സിവിൽ സർവ്വീസ് തീരുമാനം ചേരിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി; 31ാം റാങ്കുമായി ഐഎഎസ് നേടി സിമി

 പഠനത്തിന്റെ ഭാ​ഗമായി ചേരിയിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള അവസരം സിമിക്ക് ലഭിച്ചിരുന്നു. അവരുടെ ജീവിതവും സാഹചര്യങ്ങളും കണ്ടറിഞ്ഞപ്പോൾ സിമിക്ക് അവരോട് സഹതാപം തോന്നി. ഒപ്പം അവരെ എങ്ങനെ സഹായിക്കാം എന്നും ചിന്തിച്ചു

Inspirational story of simi kiran
Author
Odisha, First Published Dec 9, 2021, 4:52 PM IST

കഠിനാധ്വാനം മാത്രം പോര, ആത്മവിശ്വാസവും അർപ്പണബോധവുമുള്ള ഒരു വ്യക്തിക്ക് മാത്രമേ (Civil Service) സിവിൽ സർവ്വീസ് പോലെ ബുദ്ധിമുട്ടേറിയ ഒരു (UPSC Exam) പരീ​ക്ഷയിൽ യോ​ഗ്യത നേടാൻ സാധിക്കൂ. 2019 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഒഡീഷയിൽ നിന്നുളള സിമി കിരൺ (Simi Kiran) എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറ‍ഞ്ഞു തുടങ്ങുന്നത്. ഐഐടി ബോംബെയിൽ നിന്നാണ് സിമി ബിടെക് ബിരുദം നേടിയയത്. പഠനത്തിന്റെ ഭാ​ഗമായി ചേരിയിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള അവസരം സിമിക്ക് ലഭിച്ചിരുന്നു. അവരുടെ ജീവിതവും സാഹചര്യങ്ങളും കണ്ടറിഞ്ഞപ്പോൾ സിമിക്ക് അവരുടെ അവസ്ഥയില്‍ വേദന തോന്നി. ഒപ്പം അവരെ എങ്ങനെ സഹായിക്കാം എന്നും ചിന്തിച്ചു. സിവിൽ സർവ്വീസ് എന്ന സ്വപ്നം ആരംഭിച്ചത് ഇങ്ങനെയായിരുന്നു എന്ന് സിമി പറയുന്നു. 

ഒഡിഷ സ്വദേശിയായ സിമി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഛത്തീസ്​ഗഡിലെ ഭിലായിൽ നിന്നായിരുന്നു. ഭീലായ് സ്റ്റീൽ പ്ലാന്റിലെ ഉദ്യോ​ഗസ്ഥനായിരുന്നു സിമിയുടെ പിതാവ്. അമ്മ അധ്യാപിക. പന്ത്രണ്ടാം ക്ലാസിന് ശേഷം എഞ്ചിനീയറിം​ഗായിരുന്നു സിമിയുടെ ആ​ഗ്രഹം. തുടർന്ന് ഐഐടി ബോംബെയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗിൽ ബിരുദപ്രവേശനം നേടി. എന്നാൽ ചേരിയിലെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ സിമിയുടെ തീരുമാനത്തിന് മാറ്റം വന്നു. യുപിഎസ്‍സി പരീക്ഷക്കുളള തയ്യാറെടുപ്പ് ആരംഭിച്ചു. 

യുപിഎസ്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ അഭിമുഖങ്ങളെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചു. യുപിഎസ്‍സി സിലബസ് കൃത്യമായി മനസ്സിലാക്കി. സിലബസ് അനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങി. വളരെ കുറച്ച് പുസ്തകങ്ങൾ ഉപയോ​ഗിച്ചാണ് സിമി യുപിഎസ് സി തയ്യാറെടുപ്പ് ആരംഭിച്ചത്. കൃത്യമായി പഠിക്കാൻ സാധിക്കുന്ന വിധത്തിൽ സിലബസ് ഡിവൈഡ് ചെയ്തു. സിലബസിലെ പാഠഭാ​ഗങ്ങൾ പൂർത്തിയാക്കിയതിന് ശേഷം റിവിഷൻ നടത്തി. ഇവയായിരുന്നു സിമിയുടെ വിജയത്തിലേക്കുള്ള തയ്യാറെടുപ്പുകൾ. 2019 ലെ അഖിലേന്ത്യാ തലത്തിൽ 31 റാങ്ക് നേടിയാണ് സിമി സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്.

'എത്ര സമയം പഠിക്കുന്നു എന്നല്ല, എന്തൊക്കെ കാര്യങ്ങളാണ് പഠിക്കുന്നത് എന്നായിരുന്നു ശ്രദ്ധയെന്ന് സിമി പറയുന്നു. ഞാൻ ഒരിക്കലും പഠനസമയങ്ങളിലല്ല ശ്രദ്ധിച്ചത്. മറിച്ച് പൂർത്തിയാക്കാൻ സാധിക്കുന്ന വിധത്തിൽ പഠനത്തെ സജ്ജീകരിച്ചു. ഒരു ദിവസം എട്ട്, പത്ത് മണിക്കൂർ പഠിച്ചു. ജോ​ഗിം​ഗിനും  സ്റ്റാൻഡ് അപ് പ്രോ​ഗ്രാം കാണാനും സമയം കണ്ടെത്തി.' സിമിയുടെ വാക്കുകൾ. ലക്ഷ്യം തീരുമാനിക്കുക എന്നതാണ് വളരെ പ്രധാനമന്നും സിമി കൂട്ടിച്ചേർക്കുന്നു. 'ലക്ഷ്യം തീരുമാനിച്ച ശേഷമുള്ള വെല്ലുവിളികളെ നേരിടാൻ തയ്യാറാകുക. പഠനരീതിയിൽ ശ്രദ്ധിക്കുകയും എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകുകയും ചെയ്യണം.' സിമി പറയുന്നു. 'നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുക. നിങ്ങൾ തന്നെയായിരിക്കണം നിങ്ങളുടെ വിമർശകർ. പരിശ്രമങ്ങളെ വിലയിരുത്തേണ്ടതും അത്യാവശ്യമാണെ'ന്ന് സിമി‌യുടെ വാക്കുകൾ

 

Follow Us:
Download App:
  • android
  • ios