റിക്രൂട്ടർമാരുടെ പെരുമാറ്റ രീതികളെയും, ഉദ്യോഗാർത്ഥികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഒരു വലിയ സംവാദത്തിനാണ് ഈ ചര്‍ച്ച തിരികൊളുത്തിയിരിക്കുന്നത്.
ഒരു ജോലി എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം, അതിനായുള്ള പരിശ്രമത്തിൽ ഒരു ഇന്റര്‍വ്യൂ കോൾ വന്നാൽ അതിലെ സന്തോഷവും ഏറെ വലുത് തന്നെയാണ്. എന്നാൽ, ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനി അഭിമുഖത്തിന് ക്ഷണിച്ചിട്ടും, ഒരു ഉദ്യോഗാര്‍ത്ഥി പിന്മാറിയതാണ് പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട്. "ഞാൻ അഭിമുഖത്തിൽ നിന്ന് പിന്മാറി!" എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരാളഉടെ അനുഭവക്കുറിപ്പാണ് വൈറലാകുന്നത്.
അഭിമുഖത്തിന് ക്ഷണം ലഭിച്ച ശേഷം, വെറും മൂന്ന് ദിവസത്തിൽ ഏകദേശം 60 തവണ തന്നെ ബന്ധപ്പെട്ടതാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് യുവാവ് പറയുന്നു. കമ്പനിയുടെ റിക്രൂട്ടിങ് ടീമിന്റെ പെരുമാറ്റം ഏറെ അലോസരപ്പെടുത്തിയെന്ന് യുവാവ് കുറിക്കുന്നു. റിക്രൂട്ടർമാരുടെ പെരുമാറ്റ രീതികളെയും, ഉദ്യോഗാർത്ഥികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഒരു വലിയ സംവാദത്തിനാണ് ഈ ചര്‍ച്ച തിരികൊളുത്തിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ റിക്രൂട്ടിങ് ടീം നാല് ഇമെയിലുകൾ അയച്ചു. 15 തവണ ഫോൺ കോളുകൾ വിളിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ 45 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഇതിൽ ചിലത് രാത്രി 10 മണിക്ക് ശേഷമായിരുന്നു. താൻ റിക്രൂട്ടറുമായി പലതവണ സംസാരിച്ചിരുന്നു. ആവശ്യമായ എല്ലാ രേഖകളും ഇമെയിൽ വഴി കൈമാറുകയും ചെയ്തതിന് ശേഷവും ഇത് തുടർന്നു.
ഒരു വട്ടം താൻ തിരികെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ നേരത്തെ സംസാരിച്ച ആളിന് പകരം മറ്റൊരാളാണ് ഫോൺ അറ്റൻഡ് ചെയ്തത്. അപ്പോഴാണ് ഇതിൽ എന്തോ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നിയത്. ഇത് അതിരുവിട്ടതാണെന്നും പ്രൊഫഷണൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒടുവിൽ താൻ അഭിമുഖത്തിൽ നിന്ന് പിന്മാറിയതായി ഇ മെയിൽ വഴി അറിയിച്ചു. എന്നിട്ടും റിക്രൂട്ടര്‍ രണ്ട് തവണ എന്നെ ഫോൺ വിളിച്ചു. ഒടുവിൽ താൻ നമ്പര‍് ബ്ലോക്ക് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം കുറിക്കുന്നു.


