ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക പുരോഗതി ഉറപ്പാക്കാനും വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കാനും തൊഴിലുറപ്പ് പദ്ധതിക്കു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ (Employment Guarantee scheme) തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനമാണു കേരളമെന്നും (kerala) ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയ്യിൽ എത്തിക്കാൻ സാധിച്ചെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ (MV Govindan Master). ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക പുരോഗതി ഉറപ്പാക്കാനും വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കാനും തൊഴിലുറപ്പ് പദ്ധതിക്കു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മാർച്ച് ഏഴു മുതൽ 13 വരെ നടത്തുന്ന ഐക്കോണിക്ക് വീക്കിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ്മാരുടെയും വ്യക്തിഗത ആനുകൂല്യങ്ങൾ വഴി മികച്ച പ്രവർത്തനം നടത്തിയ വനിതാ ഗുണഭോക്താക്കളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ തൊഴിലുറപ്പ് സംവിധാനത്തിൽ സമ്പൂർണമായും വനിതാ മേറ്റുമാരാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവർ തൊഴിലുറപ്പു പദ്ധതിയുടെ അവിഭാജ്യഘടകമാണ്. മികച്ച നേതൃപാടവവും പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഇവർ ആർജ്ജിച്ചു. വ്യക്തിഗത ഉപജീവന ആസ്തികൾ ലഭിച്ച വനിതകൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചെന്നും ഇത്തരം ആസ്തികൾ ഗ്രാമീണ ഉൽപ്പാദന മേഖലയ്ക്ക് മുതൽകൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ ഭവന പദ്ധതി
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരു വീട് എന്ന നിലയിൽ ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിർമ്മിച്ചു നൽകുന്നത്.തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങൾക്കായി 75,87,706 രൂപ ക്ഷേമനിധി ബോർഡ് അനുവദിച്ചു. 

ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡുകൾ മെഡിക്കൽ എഞ്ചിനിയറിംഗ് പരിശീലന സഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുള്ള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾക്കായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്കായി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവന നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോർഡ് നല്കും. ആദ്യ ഘട്ടം എന്ന നിലയിലാണ് ബോർഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തിൽ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ജയൻ ബാബു അറിയിച്ചു.