പ്രശസ്ത അഡ്വഞ്ചർ ട്രാവൽ കമ്പനിയായ മാഡ്വെഞ്ചർ, അവരുടെ ഓവർലാൻഡ് ടൂറുകളിലേക്ക് ഡ്രൈവർമാരെയും ടൂർ ലീഡർമാരെയും ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രശസ്ത അഡ്വഞ്ചർ ട്രാവൽ കമ്പനിയായ മാഡ്വെഞ്ചറിന്റെ ഭാഗമാകാൻ അവസരം. ഓവർലാൻഡ് ടൂറിലേയ്ക്ക് ഡ്രൈവർമാർ, ടൂർ ലീഡർമാർ എന്നിവരെ ആവശ്യമുണ്ടെന്ന് കമ്പനി അറിയിച്ചു. സാഹസിക യാത്രകൾക്കായി കമ്പനി പ്രത്യേകമായി നിർമ്മിച്ച വാഹനങ്ങളാണ് യാത്രയിൽ ഉപയോഗിക്കുക. 24-36 പേരടങ്ങുന്ന ഗ്രൂപ്പുകളുമായി ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത വർഷം മാർച്ച് 2 മുതൽ 27 വരെ ദക്ഷിണാഫ്രിക്കയിൽ പരിശീലനം നൽകും. ഡ്രൈവർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് 25 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പിസിവി (പാസഞ്ചർ കാരിയിംഗ് വെഹിക്കിൾ), എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവർ തസ്തികയിൽ മെക്കാനിക്കൽ പരിജ്ഞാനം അഭിലഷണീയമാണെന്നും എന്നാൽ ഇത് നിർബന്ധമില്ലെന്നും മാഡ്വെഞ്ചേഴ്സ് അറിയിച്ചു.
ടൂർ ലീഡർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഓവർലാൻഡ് അല്ലെങ്കിൽ ടൂർ-ഗൈഡിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. കൂടാതെ എക്സെൽ, വേർഡ് എന്നിവയിൽ പരിജ്ഞാനവും ആവശ്യമാണ്. നിങ്ങളുടെ അപേക്ഷകൾ https://madventure.co.uk/work-with-us/ എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം.
20 വർഷത്തിലേറെ പരിചയസമ്പത്തുള്ള അഡ്വഞ്ചർ ട്രാവൽ കമ്പനിയാണ് മാഡ്വെഞ്ചർ. ലോകമെമ്പാടുമുള്ള വ്യത്യസ്ത ഡെസ്റ്റിനേഷനുകളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ സാഹസിക യാത്രകൾ, ഗ്രൂപ്പ് ടൂറുകൾ എന്നിവയാണ് കമ്പനി പ്രധാനമായും സംഘടിപ്പിക്കുന്നത്. ലണ്ടനിൽ നിന്ന് സിഡ്നിയിലേയ്ക്ക് ഓവര്‍ലാൻഡ് ടൂര്‍ നടത്തിയാണ് മാഡ്വെഞ്ചര്‍ അവരുടെ സേവനം ആരംഭിച്ചത്. പിന്നീട് സെൻട്രൽ ഏഷ്യ ടൂറുകൾ, ഐസ്‌ലാൻഡ് ബജറ്റ് ക്യാമ്പിംഗ് ടൂർ, അലാസ്കയിൽ നിന്ന് ബ്രസീലിലേക്ക് ഓവർലാൻഡ് ട്രിപ്പ്, ഫാർ ഈസ്റ്റ് ഗ്രൂപ്പ് ടൂറുകൾ, അറേബ്യൻ ഓവര്‍ലാൻഡ് ടൂര്‍ എന്നിവ കമ്പനി സംഘടിപ്പിച്ചിരുന്നു. സാഹസികത ഇഷ്ടപ്പെടുന്ന കാരെൻ ബ്രൗണും വില്യം തോംസണുമാണ് മാഡ്വെഞ്ചറിന്റെ ഉടമസ്ഥർ.


